സിറിയയിലെ ക്രൈസ്തവർ ജന്മനാട് ഉപേക്ഷിച്ചതു സ്വമനസാലെ ആയിരുന്നോ? ആരെങ്കിലും മാതൃഭൂമി ഉപേക്ഷിക്കുന്നത് എന്തുകൊണ്ടാണ്? വിഷമകരമായ ചോദ്യങ്ങളാണിവ. 2011 ൽ സിറിയയിൽ ആഭ്യന്തരകലാപം മൂർച്ഛിച്ചശേഷം അവിടെയുണ്ടായിരുന്ന ക്രൈസ്തവരിൽ മുക്കാൽ ഭാഗത്തോളം നാടുവിട്ടുകഴിഞ്ഞിരിക്കുന്നു. 2011ൽ സിറിയയിലെ ക്രൈസ്തവ ജനസംഖ്യ 15 ലക്ഷമായിരുന്നെങ്കിൽ ഇന്നത് കഷ്ടിച്ച് മൂന്നേകാൽ ലക്ഷമാണ്. ഇക്കഴിഞ്ഞ നാലഞ്ചു വർഷങ്ങളിലും ഈ പലായന താത്പര്യത്തിനു കുറവൊന്നും ഉണ്ടായിട്ടില്ല. ആഭ്യന്തര അഭയാർഥികളായ കുറെയേറെ ക്രൈസ്തവർ സിറിയയുടെ വടക്കുപടിഞ്ഞാറുള്ള ഇദ്ലിബിലെ ക്യാന്പുകളിലും ഹസാക്കെ ജയിലിലും അൽഹൗൾ ക്യാന്പിലുമുണ്ട്. അവിടങ്ങളിലെ ദുരിതജീവിതം പാശ്ചാത്യമാധ്യമങ്ങൾ വല്ലപ്പോഴും റിപ്പോർട്ട് ചെയ്യുന്നതൊഴിച്ചാൽ ലോകം അവരെ മറന്നുകഴിഞ്ഞിരിക്കുന്നു.
ഡമാസ്കസിന്റെ സമീപപ്രദേശങ്ങളിൽനിന്നു പലായനം ചെയ്ത ആയിരക്കണക്കിന് അഭയാർഥികളാണ് തുർക്കിയുടെ നിയന്ത്രണത്തിൽ ഇദ്ലിബിലെ ക്യാന്പുകളിൽ കഴിയുന്നത്. ഇവിടത്തെ ക്യാന്പുകൾ സുരക്ഷിതമാണെന്നാണു വയ്പ്. മതതീവ്രവാദികളായ ജിഹാദികൾ സ്വൈരവിഹാരം നടത്തുന്നതാണ് ക്യാന്പിലെ അന്തേവാസികളുടെ തലവേദന. തുർക്കി ഇവരെ നിരായുധീകരിക്കുമെന്നാണു കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല. ലിബിയയിലും അസർബൈജാനിലും തുർക്കി ജിഹാദികളെ കരുതൽസേനയായി കാണുന്നതാണു പ്രശ്നം. ഇവരുടെ സേവനം തുർക്കി പലപ്പോഴും ഉപയോഗിച്ചിട്ടുണ്ടുതാനും. ഇദ്ലിബിൽ അകപ്പെട്ടുപോയ അഭയാർഥികൾക്ക് രക്ഷാമാർഗങ്ങളെല്ലാം അടഞ്ഞുപോയ അവസ്ഥ. ഇദ്ലിബുകാരായ അവസാനത്തെ ക്രൈസ്തവനും യുദ്ധം തുടങ്ങിയപ്പോൾതന്നെ നാടുവിട്ടുപോയിരുന്നു. ഭാഗ്യവശാൽ തുർക്കിയുടെ “സംരക്ഷണം’’ കിട്ടുന്നതിനു മുന്പുതന്നെ.
സിറിയയുടെ വടക്കു-കിഴക്കു ഭാഗത്ത് കുർദുകൾക്കാണ് ഭരണത്തിൽ പ്രാമുഖ്യം. ഈ പ്രദേശത്താണ് ഹസാക്കെ പട്ടണവും അഭയാർഥി ക്യാന്പുകളുടെ നഗരമായ അൽഹൗളും. ഇവിടെ ഐഎസുമായുള്ള സംഘർഷങ്ങൾ പതിവാണ്. രണ്ടുകൊല്ലം മുന്പ് ഐഎസ് ഇവിടെ കൂടുതൽ ശക്തമായിരുന്നു – കൂടുതൽ ആൾബലവും കൂടുതൽ ഭൂപ്രദേശവും. അതുകൊണ്ട് അവശേഷിക്കുന്നവരുടെ ഭീകരപ്രവർത്തനങ്ങൾക്കു കുറവൊന്നും ഉണ്ടായിട്ടില്ല.
റഷ്യയുടെ പങ്ക്
രണ്ടാഴ്ചത്തെ കടുത്ത പ്രതിരോധം തകർത്താണ് സിറിയൻ-അമേരിക്കൻ സംയുക്ത നീക്കം ഐഎസിനെ മുട്ടുകുത്തിച്ചത്. ഈ യുദ്ധകാലം (2019) അക്കാലത്ത് അവിടെ അവശേഷിച്ചിരുന്ന 32,000 ക്രൈസ്തവരെ എത്രമാത്രം ഉത്കണ്ഠപ്പെടുത്തിയിരുന്നു എന്നുള്ളത് വിവരണാതീതമാണ്. ഇദ്ലിബിലെ ‘സുരക്ഷിത പ്രദേശ’ത്തിനു പുറത്തുള്ള ക്രൈസ്തവരുടെ സ്ഥിതിയോ? 2015 മുതൽ സിറിയയുടെ പശ്ചിമഭാഗത്ത് കടൽത്തീരത്ത് ലെബനോന്റെ അതിർത്തി വരെയുള്ള പ്രദേശം ആസാദ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ്. യുദ്ധം തുടങ്ങിയശേഷം സിറിയൻ ജനസംഖ്യയുടെ 20 ശതമാനം കുറഞ്ഞെന്നാണു കണക്ക്. അവരിൽ ബഹുഭൂരിപക്ഷവും ഈ മേഖലയിൽ ആണുള്ളത്; അതുപോലെ അവശേഷിക്കുന്ന ക്രൈസ്തവരിൽ ഏറെയും.
ഈ പ്രദേശത്തും സമാധാനം മരീചികയാണ്. ആസാദ് ഭരണകൂടത്തിന്റെ ഭീകരതകൾക്കു പരിഹാരം ചെയ്യുന്ന ഒരു നീതിന്യായവ്യവസ്ഥ നിലവിലില്ല. അതുകൊണ്ടുതന്നെ അനുരഞ്ജന സാധ്യതകളും അകലെത്തന്നെ. റഷ്യയും ഇറാനും ആസാദ് ഭരണകൂടത്തെ പിന്താങ്ങുന്നതുകൊണ്ട് നീതി നടപ്പാകുമെന്നു വിചാരിക്കാനും വയ്യ. മാത്രമല്ല, ഈ സംഘർഷത്തിൽ കക്ഷികളായിട്ടുള്ള ആർക്കും വ്യവസ്ഥിതിയിൽ മാറ്റം വരുത്തണമെന്ന ആഗ്രഹവുമില്ല. സിറിയയിൽ ഒരു ജനാധിപത്യ ഭരണസംവിധാനം സ്ഥാപിക്കണമെന്ന ആവശ്യം ആസന്നഭാവിയിൽ ഒരു ദിവാസ്വപ്നമായി അവശേഷിക്കാനാണു സാധ്യത.
ക്രൈസ്തവർ എന്തു ചെയ്യണം?
സിറിയയിലെ ക്രൈസ്തവർക്ക് രണ്ടു സാധ്യതകളാണുള്ളത്. ഒന്നുകിൽ നാടുവിടുക, അല്ലെങ്കിൽ ഭരണകൂടത്തോടു പൊരുത്തപ്പെടുക. രണ്ടായാലും നാടിനോ നാട്ടുകാർക്കോ ക്രൈസ്തവർക്കുതന്നെയോ ഗുണകരമാവില്ല. ക്രൈസ്തവർതന്നെ ഏതാണു കരണീയം എന്നതിനെക്കുറിച്ചു തർക്കത്തിലുമാണ്. സ്വാതന്ത്ര്യവും തുറവിയും ജനാധിപത്യവും കാംക്ഷിക്കുന്ന ക്രൈസ്തവർ ആസാദ് ഭരണകൂടത്തിന്റെ കണ്ണിലെ കരടാണ് എന്നതാണു വാസ്തവം. അതേസമയം, കുർദുകളെ ആശ്രയിച്ചു കഴിയുന്ന, രാജ്യത്തിന്റെ വടക്കു-കിഴക്കുള്ള ക്രൈസ്തവർ അതാണു ഭാവിയിൽ ഗുണകരമാകുക എന്നു കരുതുന്നു. പക്ഷേ, അവിടത്തെ അവസ്ഥയും ശുഭകരമല്ല. അതുപോലും തുടരാൻ റഷ്യയോ ഇറാനോ ആസാദോ അനുവദിക്കുമെന്നു തോന്നുന്നമില്ല. അതുകൊണ്ട് 2010 മുതൽ നിലവിലുള്ള ആ രണ്ടു സാധ്യതകളാണ് ഇന്നും നിലവിലുള്ളത് – ഒന്നുകിൽ പലായനം അല്ലെങ്കിൽ വിധേയത്വം.
പലായനവും ഇന്നത്തെ അവസ്ഥയിൽ ദുഷ്കരമാണ്. യൂറോപ്യൻ അതിർത്തികൾ ഭേദിക്കുക ഇപ്പോൾ അസാധ്യമാണെന്നുതന്നെ പറയാം. 2016ൽ തുർക്കിയും യൂറോപ്യൻ യൂണിയനും തമ്മിലുണ്ടാക്കിയ കരാറിന്റെ ഫലമാണത്. സിറിയയിലെ സഭാ നേതാക്കളിൽ പലരും രാഷ്ട്രീയ നേതൃത്വത്തെ പിന്തുണച്ചിരുന്നതുകൊണ്ട് സാധാരണ വിശ്വാസികൾ സഭാനേതൃത്വത്തെ അവിശ്വസിക്കാൻ തുടങ്ങി എന്നതൊരു വാസ്തവമാണ്. എന്നാൽ രാഷ്ട്രീയ നേതൃത്വത്തെ കുറ്റപ്പെടുത്തുകയും സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കി അവരോടൊപ്പം നിൽക്കുകയും ചെയ്ത മെത്രാന്മാരും വൈദികരും സിസ്റ്റേഴ്സും ഉണ്ടെന്നുള്ളതും മറക്കാൻ പാടില്ല. അവർ ക്രൈസ്തവരുടെ മാത്രമല്ല, പൊതുസമൂഹത്തിന്റെ മുഴുവൻ പ്രശ്നങ്ങളും ഒരേപോലെ കണ്ടവരാണ്. പ്രാദേശികമായ ക്രൈസ്തവ കൂട്ടായ്മകൾ കൂടുതൽ ശക്തമാകുന്നതുവഴി മാത്രമേ അവരുടെ ചെറുത്തുനിൽപ്പും അതിജീവനവും സാധ്യമാകൂ.
നിർബന്ധിത മതപരിവർത്തനവും വിവാഹവും
അഭയാർഥി ക്യാന്പുകളിലും ക്രൈസ്തവ ഗ്രാമങ്ങളിലും നടക്കുന്ന നിർബന്ധിത മതപരിവർത്തനവും വിവാഹവും സിറിയയിലെ ക്രൈസ്തവർ നേരിടുന്ന മറ്റൊരു വലിയ പ്രശ്നമാണ്. ഇന്റർനാഷണൽ ഫാമിലി ന്യൂസിന്റെ ഫ്രഞ്ച് വെബ്സൈറ്റിൽ ഇതുസംബന്ധിച്ച ഒരു പഠനം ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു. സിറിയയിൽ മാത്രമല്ല, ഈജിപ്ത്, ഇറാക്ക്, മൊസാന്പിക്, നൈജീരിയ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലും ഇത്തരം ഹീനമായ പ്രവൃത്തികൾ കൂടിവരുന്നു എന്നാണു കണക്ക്. മതന്യൂനപക്ഷങ്ങളെ ആക്രമിച്ചാൽ ശിക്ഷിക്കപ്പെടുകയില്ല എന്നൊരു പൊതുധാരണ ഈ രാജ്യങ്ങളിൽ നിലവിലുണ്ട്. ഇങ്ങനെ ആക്രമിക്കുകയും മതം മാറ്റുകയും വിവാഹത്തിലേക്കു തള്ളിയിടുകയും ചെയ്യപ്പെടുന്നവരിൽ 70 ശതമാനവും ക്രൈസ്തവരാണ്.
ഇത്തരം സംഭവങ്ങളിൽ മാധ്യമങ്ങളിലൂടെ പുറത്തറിയപ്പെടുന്നത് വളരെക്കുറച്ചു കേസുകൾ മാത്രമാണ്. കൂടുതൽ ഭയാനകമായ പീഡനമുറകൾ ഒഴിവാക്കാൻ വേണ്ടി ഇരകൾ നിശബ്ദത പാലിക്കുകയാണു പതിവ്. മറ്റു കുടുംബാംഗങ്ങൾക്കുകൂടി ചീത്തപ്പേര് ഉണ്ടാകാതിരിക്കാനും ഈ നിശബ്ദത ഉതകുമെന്ന് ഇരകൾ കരുതുന്നു. കുറ്റവാളികൾ ഇരകളോടു പ്രതികാരം ചെയ്യുമോ എന്ന ഭയവും ഇരകളെ നിശബ്ദം സഹിക്കാൻ പ്രേരിപ്പിക്കുന്നു. പ്രത്യേകിച്ചും പാക്കിസ്ഥാനിൽ കുറ്റവാളികളും പോലീസും തമ്മിലുള്ള കൂട്ടുകെട്ട് അതിശക്തമായതിനാൽ മിണ്ടാതിരിക്കുകയാണു നല്ലതെന്ന് ഭൂരിപക്ഷം പേരും കരുതുന്നു.
മുന്പു സൂചിപ്പിച്ച റിപ്പോർട്ടനുസരിച്ച് ഐഎസിന് കൂടുതൽ അനുയായികളെ സൃഷ്ടിക്കുകയാണ് നിർബന്ധിച്ചു മതം മാറ്റി ഭാര്യമാരാക്കുന്നതിന്റെ ലക്ഷ്യം. നൈജീരിയയിൽ മറ്റൊരു ലക്ഷ്യംകൂടിയുണ്ട് – രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള ക്രൈസ്തവരെ ഭയപ്പെടുത്തി പലായനം ചെയ്യിക്കുക. നിയമ സംവിധാനങ്ങളും ഇത്തരം നികൃഷ്ടകൃത്യങ്ങൾക്കു കുടപിടിക്കുന്നതാണ് ദയനീയം. പന്ത്രണ്ടുകാരിയായ പാക്കിസ്ഥാനി പെൺകുട്ടി ഫാറാ ഷഹീന്റെ ഉദാഹരണം റിപ്പോർട്ടിലുണ്ട്. ഈ ബാലികയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു ഭാര്യയാക്കി, ലൈംഗിക അടിമയാക്കി ചങ്ങലയിൽ ഇടുകയായിരുന്നു. പരാതിയുമായെത്തിയ അവളുടെ അച്ഛനെ പോലീസ് തിരിഞ്ഞുനോക്കിയില്ല. ഫോറൻസിക് വിദഗ്ധൻ അവൾക്ക് വിവാഹത്തിനുള്ള പക്വതയും പ്രായവുമായി എന്നു പ്രഖ്യാപിച്ചു; അതുകൊണ്ട് അവളുടെ ജനന സർട്ടിഫിക്കറ്റ് തള്ളിക്കളയുകയും ചെയ്തു.
നീതിന്യായ വ്യവസ്ഥയിലും ഭൂരിപക്ഷത്തിന്റെ സാംസ്കാരികവും മതപരവുമായ നിയമങ്ങൾ തിരുകിക്കയറ്റാനും പൊതുനിയമങ്ങളെ മറികടക്കാനുമുള്ള ശ്രമങ്ങൾ ന്യായമാണെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. ഇരകൾ ക്രൈസ്തവരാണെങ്കിൽ വ്യവസ്ഥിതി ഒന്നടങ്കം അവർക്കെതിരാകും. ഇരയായ ഒരു പെൺകുട്ടിയുടെ വാക്കുകൾ റിപ്പോർട്ടിലുണ്ട്: “ഞങ്ങളുടെ നാട്ടിൽ ഒരു ക്രൈസ്തവ പെൺകുട്ടിയായിരിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ഞങ്ങളെ തട്ടിക്കൊണ്ടുപോകും. ഊഹാതീതമാണ് ഞങ്ങൾ അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങൾ. തികച്ചും ഭയാനകവും നിഷ്ഠുരവുമാണ് ആ അനുഭവങ്ങൾ. ഞങ്ങളെ സഹായിക്കാൻ ആരാണുള്ളത്!’’
ഒന്നാം നൂറ്റാണ്ടു മുതൽ ഇടമുറിയാത്ത ക്രൈസ്തവസാന്നിധ്യമുള്ള സിറിയയിൽ ക്രൈസ്തവർ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. സിറിയയിലെ പുരാതനനഗരമായ അന്ത്യോഖ്യയിൽ വച്ചാണ് ക്രിസ്ത്വനുയായികൾ ആദ്യം “ക്രിസ്ത്യാനികൾ” എന്നു വിളിക്കപ്പെട്ടത് (ഈ സ്ഥലം ഇപ്പോൾ തുർക്കിയിലാണ്). അതിസന്പന്നമാണ് സിറിയയുടെ ക്രൈസ്തവ പാരന്പര്യം. കലകൾ, സാഹിത്യം, സംഗീതം, ശില്പകല, ദൈവശാസ്ത്രം, ആരാധനക്രമം എന്നിവയിലൊക്കെയുള്ള സിറിയൻ ഈടുവയ്പുകൾ വിശ്വോത്തര മൂല്യമുള്ളവയാണ്. നാമമാത്ര ക്രൈസ്തവരുള്ള പശ്ചിമേഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും രാജ്യങ്ങൾ പോലെ ക്രൈസ്തവനിർമുക്തമാകുമോ സിറിയയും? ഒരിക്കൽ അവയെല്ലാം ക്രൈസ്തവ രാജ്യങ്ങളായിരുന്നു. മുൻ പറഞ്ഞ റിപ്പോർട്ടിലെ അജ്ഞാതയായ പെൺകുട്ടിയെപ്പോലെ സിറിയയിലെ ക്രൈസ്തവരും ചോദിക്കുന്നു: “ഞങ്ങളെ സഹായിക്കാൻ ആരാണുള്ളത്!’’
ഡോ. ജോർജുകുട്ടി ഫിലിപ്പ്