പ്രാർഥനകൾ ഹൃദയത്തിൽനിന്നുള്ളതും, ശ്രദ്ധയോടെയുള്ളതും, ആത്മാർഥതയുള്ളതും ആയിരിക്കേണ്ടതുണ്ട്; അവ മനഃപാഠമാക്കി ഒരു ചടങ്ങെന്നപോലെ ആവർത്തിക്കേണ്ട ഒന്നല്ല. മത്തായി 6 : 7 ൽ പറയുന്നു, പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുമെന്ന് അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്. അതിഭാഷണം ചെയ്യുന്ന പ്രാർത്ഥന പൊള്ളയായ പ്രാർത്ഥനയാണ്. നാം പ്രാർത്ഥനയെ മതപരമായ കോണിൽ നിന്നു കാണാതെ, കർത്താവുമായുള്ള സ്നേഹ സംഭാഷണമായി പ്രാർത്ഥനയെ കാണണം.
ഒരു ഭവനത്തിൽ ഒരു വ്യക്തി സന്ദർശനം നടത്തുകയാണെങ്കിൽ, പ്രസ്തുത ഭവനത്തിലുളളവർ, ഭവനം ക്രമപ്പെടുത്തുകയും, വൃത്തിയാക്കുകയും ചെയ്യും. അതുപോലെ കർത്താവിന്റെ സാന്നിദ്ധ്യം നമ്മുടെ പ്രാർത്ഥയിൽ ഇറങ്ങുവാൻ, നാം മാനസാന്തരപ്പെടുകയും, ജീവിതത്തെ വിശുദ്ധിയാൽ ക്രമപ്പെടുത്തുകയും ചെയ്യണം. ദൈവമക്കൾ ആയ നാം ചോദിക്കുന്നത് എന്തും നൽകുമെന്ന് വചനം പറഞ്ഞിട്ടുണ്ട്. എങ്കിലും നമ്മുടെ ഓരോ പ്രാർത്ഥനയും നമ്മുടെ ഹിതത്തിന് അനുസരിച്ച് ആയിരിക്കരുത്. ദൈവഹിതത്തിനും വചനാടിസ്ഥാനത്തിലും ആയിരിക്കണം നമ്മുടെ പ്രാർത്ഥനകൾ. പ്രാർത്ഥതയിൽ പൂർണ്ണ ഹൃദയത്തോടെയുള്ള വിശ്വാസം ഉണ്ടാകണം. വിശ്വാസം ഇല്ലാത്ത പ്രാർത്ഥന ദൈവം കേൾക്കുകയില്ല.
വചനത്തിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്നു വിളിക്കുവാൻ അധികാരം തന്നിരിക്കുന്നു. പിതാവും, മകനുമായിട്ടുള്ളതുപോലെയുള്ള സ്നേഹ ബന്ധമായിരിക്കണം പ്രാർത്ഥനയിൽ ഉണ്ടാകേണ്ടത്. കൊച്ചുകുട്ടികൾ എങ്ങനെയാണോ മാതാപിതാക്കളോട് സംസാരിക്കുന്നത്, അതുപോലെയായിരിക്കണം നമ്മൾ കർത്താവിനോട് പ്രാർത്ഥനയിൽ സംസാരിക്കേണ്ടത്.
നമ്മൾക്ക് പ്രാർത്ഥിക്കാൻ അറിയില്ലെങ്കിൽ, ശിഷ്യൻമാർ ചോദിച്ചതുപോലെ നമ്മൾക്കും, കർത്താവിനോട് ചോദിക്കാം, കർത്താവേ ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ എന്ന്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ