യേശു ദൈവരാജ്യത്തിനെ സുവിശേഷം പ്രസംഗിച്ചത് ഒട്ടേറെ അത്ഭുതങ്ങളിലൂടെയും രോഗശാന്തികളിലൂടെയും ആണ്. എന്നാൽ, അവയെല്ലാം കാണുകയും കേൾക്കുകയും ചെയ്തിട്ടും ഈശോയുടെ ദൈവീകത്വം അംഗീകരിക്കാൻ മടികാട്ടിയ ധാരാളം യഹൂദർ ഉണ്ടായിരുന്നു. യേശു ചെയ്തിരുന്ന അത്ഭുതങ്ങളെല്ലാം പിശാചിന്റെ സഹായത്തോടുകൂടി ആയിരുന്നുവെന്ന് വിശ്വസിച്ചിരുന്ന അവർ സ്വർഗ്ഗത്തിൽനിന്നും ഒരടയാളം കാണണമെന്ന് യേശുവിനോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. യഹൂദർക്ക് വേണ്ടിയിരുന്നത് മോശ ഈജിപ്തിൽ ചെയ്തതുപോലെയും, എലിയാ പ്രവാചകൻ സ്വർഗ്ഗത്തിൽനിന്നും അഗ്നി ഇറക്കി ബലിമൃഗങ്ങളെ ദഹിപ്പിച്ചതുപോലെയും ഒക്കെയുള്ള അത്ഭുതങ്ങളായിരുന്നു. എന്നാൽ അവയെക്കാളൊക്കെ വലിയൊരത്ഭുതമാണ് തങ്ങളുടെ മുൻപിൽ നിൽക്കുന്ന ഈശോ എന്ന യാഥാർത്ഥ്യം ഗ്രഹിക്കാൻ അവർക്ക് കഴിയാതെ പോയി.
ദൈവം മനുഷ്യനായി അവതരിച്ചു എന്നതിലും വലുതായ ഒരത്ഭുതവും ലോകത്തിൽ അന്നുവരെയോ അതിനുശേഷമോ ഉണ്ടായിട്ടില്ല. യേശുവിന്റെ വാക്കുകൾക്ക് ചെവി കൊടുക്കാതിരുന്നതുമൂലം, കുരിശുമരണത്തിലൂടെ ദൈവം യഹൂദർക്കായി നൽകിയ രക്ഷ അവരിൽനിന്നും എടുക്കപ്പെട്ടു. യോനാപ്രവാചകന്റെ കാലത്ത് നിനവെയ്ക്ക് എന്നതുപോലെ, കുരിശിന്റെ രക്ഷ ലോകമെമ്പാടുമുള്ള നാനാജാതി മതസ്ഥർക്കായി നൽകപ്പെട്ടു. ഇതുമൂലം, യേശുക്രിസ്തുവഴിയായി ദൈവം ലോകത്തോടു കാണിച്ച കാരുണ്യവും കൃപയും ഇന്ന് നമുക്കെല്ലാവർക്കും ലഭ്യമാണ്.
ദൈവകൃപയാലാണ് നാമെല്ലാവരും രക്ഷിക്കപ്പെടുന്നത് എന്ന് തിരുവചനം പറയുന്നു. ദൃശ്യമായ അടയാളങ്ങളിലൂടെയോ അനുഭവേദ്യമായ അത്ഭുതങ്ങളിലൂടെയോ അല്ല. ദൈവവചനത്തിലൂടെയും അവിടുത്തെ ശുശ്രൂഷകരിലൂടെയും ലഭ്യമാകുന്ന രക്ഷയുടെ വാഗ്ദാനം ഹൃദയത്തിൽ സ്വീകരിച്ച് സ്വർഗ്ഗരാജ്യം അവകാശമാക്കുവാൻ ആവശ്യമായ വിശ്വാസകൃപക്കായി പ്രാർത്ഥിക്കാം.