കരുണ കാണിക്കണം എന്നുള്ളത് ലോകമെമ്പാടും അംഗീകരിക്കപ്പെടുന്ന ഒരു സാമൂഹികതത്വമാണ്. അന്യരുടെ വേദനകൾ കാണുമ്പോൾ അതുമൂലം വേദനിക്കുന്നവരാണ് നാമെല്ലാം. ദുരന്തങ്ങളും പ്രകൃതിക്ഷോഭങ്ങളും ദാരിദ്ര്യവും രോഗങ്ങളും എല്ലാം പല അളവിലുള്ള വേദന നമ്മുടെ മനസ്സിന് പ്രദാനം ചെയ്യാറുണ്ട്. ചിലപ്പോഴൊക്കെ ഈ വേദനയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അവർക്കുവേണ്ടി ചില സഹായങ്ങളൊക്കെ നമ്മൾ ചെയ്യാറുമുണ്ട്. എന്നാൽ കാരുണ്യത്തിന് രണ്ട് വശങ്ങളുണ്ട്: അത് നല്‍കുന്നതും സഹായിക്കുന്നതുമാണ്. മറ്റുള്ളവര്‍ക്ക് സേവനം നല്‍കുന്നതിലും ക്ഷമിക്കുന്നതിലും മനസിലാക്കുന്നതിലും അത് അടങ്ങിയിരിക്കുന്നു.

നാം ഒരോരുത്തരും കരുണയിൽ ദൈവത്തെ അനുകരിക്കുന്നവരാകണം. നമ്മുടെ പാപങ്ങൾ ക്ഷമിച്ചുകൊണ്ട് നമ്മോട് കരുണ കാണിച്ച ദൈവത്തെ അനുകരിക്കുന്നവർ മറ്റുള്ളവരുടെ അകൃത്യങ്ങളും പാപങ്ങളും ക്ഷമിക്കുന്നവരാകണം. ദൈവത്തിന്റെ സ്നേഹത്തിന്റെ ഫലവും കൃപകളുടെ പ്രതിഫലനവുമാണ് ദൈവത്തിന്റെ കരുണ, അത് ദൈവം നല്കുന്ന മറ്റെന്തും പോലെ തികച്ചും സൗജന്യമാണ്. ദൈവത്തിന്റെ കരുണ നമ്മുടെ ശോചനീയമായ അവസ്ഥ കണ്ടു സഹതപിക്കുന്ന ഒന്നല്ല. നമ്മുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കി, മനസ്സലിഞ്ഞ്‌, തനിക്കുള്ളതെല്ലാം നൽകി നമ്മെ രക്ഷിക്കാൻ ദൈവം കാണിച്ച സ്നേഹമാണ് ദൈവത്തിന്റെ കരുണ. പുത്രനായ ദൈവത്തിന്റെ കാൽവരിമലയിലെ ബലിയാണ് പിതാവായ ദൈവത്തിന്റെ കരുണയുടെ മകുടോദാഹരണം.

മറ്റുള്ളവരെ മനസിലാക്കാനും അവരോട് ക്ഷമിക്കാനും നാം ഉപയോഗിക്കുന്ന അളവുകൊണ്ടു തന്നെ നാം സ്വീകരിക്കുന്ന ക്ഷമയും അളക്കപ്പെടും. സഹതാപം പ്രകടിപ്പിച്ച് മറ്റുള്ളവരുടെ വേദനകളിൽനിന്നും തല ഊരുവാനുള്ള നമ്മുടെ സ്വാഭാവിക പ്രവണത അവസാനിപ്പിച്ച്, കാരുണ്യപൂർവം മറ്റുള്ളവരോട് ക്ഷമിക്കുകയും സഹായിക്കുകയും ചെയ്യുന്നവരാകാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

Phone 9446329343

നിങ്ങൾ വിട്ടുപോയത്