ഇന്ന് ദുഃഖവെള്ളി!

യേശു മറ്റുള്ളവർക്കായി പീഡകൾ സഹിച്ചു മരണം സ്വയം ഏറ്റുവാങ്ങിയ ദിനം !ലിഖിതങ്ങളിലേക്കു കടക്കാം……

“കല്ലുകൾ നിറഞ്ഞ വഴി. ഭാരമുള്ള കുരിശ്ശ്. ക്ഷീണിച്ച ശരീരം. വിറയ്ക്കുന്ന കാലുകൾ. അവിടുന്ന് മുഖം കുത്തി നിലത്തുവീഴുന്നു. മുട്ടുകൾ പൊട്ടി രക്തമൊലിക്കുന്നു. യൂദന്മാർ അവിടുത്തെ പരിഹസിക്കുന്നു. പാട്ടാളക്കാർ അടിക്കുന്നു. ജനക്കൂട്ടം ആർപ്പുവിളിക്കുന്നു. അവിടുന്ന് മിണ്ടുന്നില്ല.

ഞാൻ സഞ്ചരിക്കുന്ന വഴികളിൽ അവർ എനിക്ക് കെണികൾ വച്ചു. ഞാൻ വലത്തേക്ക് തിരിഞ്ഞുനോക്കി. എന്നെ അറിയുന്നവർ ആരുമില്ല. ഓടിയൊളിക്കുവാൻ ഇടമില്ല. എന്നെ രക്ഷിക്കുവാൻ ആരുമില്ല.

അവിടുന്ന് നമ്മുടെ ഭാരം ചുമക്കുന്നു. നമുക്കുവേണ്ടി അവിടുന്ന് സഹിച്ചു

“. 2000 വർഷങ്ങൾക്ക് ശേഷം, ഇന്നത്തെ സവിശേഷ സാഹചര്യങ്ങളിൽ, മനുഷ്യരുടെ അതിപരിഷ്കൃത ജീവിതശൈലികളിൽ, ഒരു കുടുംബത്തിന്റെ പാരിപാവനതയ്ക്കും കെട്ടുറപ്പിനും തെല്ലുവില നൽകാതെ അപചയം സംഭവിക്കുന്ന ബന്ധ വൈകൃതങ്ങളിൽ, ഇടം വലം നോക്കാതെയുള്ള മരണപ്പാച്ചിലിൽ, ഞാൻ- കൂടിവന്നാൽ ഭാര്യയും മക്കളും- അതിനപ്പുറം ജീവനുള്ള മനുഷ്യരോ ലോകമോ ഇല്ല എന്ന വിചാരത്തിൽ , മനുഷ്യനെന്ന ഹോമോസാപിയന്റെ സ്നേഹരഹിതവും ക്രൂരവുമായ കർമ്മ പരിപാടികൾ മുന്നോട്ടു കുതിക്കുമ്പോൾ യേശു എന്ന ദൈവപുത്രൻ കാട്ടിത്തന്ന നല്ല വഴികൾക്കും പറഞ്ഞുതന്ന സദ്‌വചനങ്ങൾക്കും പ്രസക്തി നഷ്ടപ്പെടുന്നു. സഹജീവികൾ അനുഭവിച്ചുതീർക്കുന്ന ദുരിതങ്ങളും ദുരന്തങ്ങളും നിമ്മമതയോടെ നോക്കിനിൽക്കുന്ന മറ്റു മനുഷ്യർ.

വരൾച്ചയും കൊടുംദാരിദ്ര്യവും പോരാഞ്ഞിട്ട് മനുഷ്യക്കുരുതിയും. ഇവിടത്തെ മൺതരികളിൽ ചൂടുള്ള ചോരയുടെ രൂക്ഷമായ ഗന്ധം. തലയ്ക്കു മുകളിൽ തൂക്കിയിട്ടിരിക്കുന്ന ഖഡ്ഗം കണക്കെ ഭീതിയുടെ നിസ്വനങ്ങളിൽ പൊതിഞ്ഞ പരിഭ്രാന്തി. മനുഷ്യപുത്രാ നീ പോയി 2000 വർഷങ്ങൾക്ക്‌ ശേഷവും ഞങ്ങൾ രക്ഷപെടുന്നില്ല. രക്ഷപെടാനുള്ള വഴികൾ ഞങ്ങളുടെ സഹജീവികൾ തന്നെ അടച്ചുകളയുന്നു. ഇവിടം ഒരു കലാപഭൂമി ആകുന്നു. നീ പഠിപ്പിച്ചത് മറ്റുള്ളവരെ സ്നേഹിക്കാനാണ്, ദരിദ്രന് ഭക്ഷണവും വസ്ത്രവും കൊടുക്കാനാണ്. എന്നാൽ ഇന്ന് ഈ സ്വഭാഗ്യങ്ങളെല്ലാം ചിലരുടെ കയ്യിൽ മാത്രം. നിന്നെ സ്നേഹിച്ചും ആരാധിച്ചും നിന്റെ കല്പനകൾ പാലിച്ചും ജീവിക്കുന്ന ഞങ്ങൾക്ക് ഈ ഭൂമിയിൽ ജീവിക്കാൻ പ്രയാസം. പറഞ്ഞു തരൂ ഇനി ഞങ്ങൾ എന്തുകൂടി ചെയ്യണം? മനുഷ്യരുടെ സ്വാർത്ഥതയും അഹംഭാവവും നാൾക്കുനാൾ കൂടിവരുന്നു. അതിനെ ചെറുത്തുനിൽക്കാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല.

അരവിന്ദ് അഡിഗയുടെ ബുക്കർ പ്രൈസ് നേടിയ പ്രഖ്യാത നോവൽ “ദി വൈറ്റ് ടൈഗർ “ ഇപ്പോൾ ഓർമയിൽ വരുന്നു. അടച്ച വേലികൾക്കുള്ളിൽ നിരാശയിലും നിസ്സഹായതയിലും നീറിപ്പിടഞ്ഞു മരണത്തിലേക്ക് തെറിച്ചുവീഴുന്ന ജീവച്ഛവങ്ങളുടെ നഗ്നമായ ആവിഷ്കാരം. കഠിനമായ അവജ്ഞയും നിരാസവും അനുഭവിച്ചുകൊണ്ട് ദിനരാത്രങ്ങൾ തള്ളിനീക്കുന്ന മനുഷ്യരുടെ കഥ.

ഈ മനുഷ്യർ സാധാരണ ഇന്ത്യക്കാരാണ്. തീറ്റഭ്രാന്തന്മാരായ സമ്പന്നരുടെ തീന്മേശകളിൽ വിവിധ രുചിക്കൂട്ടുകളിൽ പ്രത്യക്ഷപ്പെടാൻ വിധിക്കപ്പെട്ടു പഴയ ഡൽഹിയിലെ മലീമസമായ വില്പനച്ചന്തയിൽ പഴകിദ്രവിച്ച കൂടുകൾക്കുള്ളിൽ ഞെങ്ങിഞെരുങ്ങി ശ്വാസംമുട്ടി നിൽക്കുന്ന കോഴികളോടാണ് അരവിന്ദ് അഡിഗ ഇപ്പോഴത്തെ ഇന്ത്യക്കാരെ താരതമ്യപ്പെടുത്തുന്നത്. സഹജീവികളുടെ ശരീരക്കഷണങ്ങൾ നിലത്തുകിടന്നു അഴുകി നാറുന്നതു അവ കാണുന്നു. അടുത്ത ഊഴം തങ്ങളുടേതാവാമെന്നു അറിയാമെങ്കിലും കോഴികൾ ഒന്നും പ്രതികാരിക്കാതെ , ഓടിരക്ഷപെടാതെ നിശ്ശബ്ദതയോടെ നിലകൊള്ളുന്നു. ഇതുതന്നെയാണ് ഇപ്പോഴത്തെ ഇന്ത്യയുടെ നഗ്‌നമായ ചിത്രമെന്ന് അഡിഗ എഴുതുന്നു.

ഈ ദുഃഖവെള്ളിയിൽ ദൈവപുത്രന്റെ പീഡാനുഭവസ്മരണകളിൽ വീണ്ടും സജ്ജീവമായപ്പോൾ എന്റെയുള്ളിൽ കടന്നുകൂടിയ ചിന്തകളാണിവ.അസ്വസ്ഥമായ എന്റെ മനസ്സിൽ കയറിക്കൂടിയ ആ പാവനസ്മരണകൾ ഇന്നത്തെ ലോകത്തു ആസ്ഥാനത്താവുമോ? മനുഷ്യരുടെ ഈ പോക്ക് എങ്ങോട്ടാണ്? എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഞങ്ങൾ, അങ്ങയുടെ കാൽപ്പാടുകൾ മാത്രം പിന്തുടരാൻ ശ്രമിക്കുന്നവർ, ഇനി എന്തുകൂടി ചെയ്യണം?

ഡോ .ജോർജ് തയ്യിൽ

നിങ്ങൾ വിട്ടുപോയത്