വത്തിക്കാന്‍ സിറ്റി: യേശുവിന്റെ മുത്തശ്ശി മുത്തച്ഛന്മാരായ വിശുദ്ധ ജോവാക്കിമിന്റെയും, വിശുദ്ധ അന്നയുടെയും തിരുന്നാളോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച മുത്തശ്ശി – മുത്തച്ഛൻമാർക്കും വയോജനങ്ങൾക്കും വേണ്ടിയുള്ള രണ്ടാമത് ആഗോളദിനം 2022 ജൂലൈ 24 ന് ലോകമെമ്പാടും ആഘോഷിക്കപ്പെടും. എല്ലാ രൂപതകളും ഇടവകകളും സഭാ സമൂഹങ്ങളും ദിനാചരണത്തില്‍ പങ്കുചേരണമെന്ന് വത്തിക്കാന്‍ ആഹ്വാനം ചെയ്തു. “വാർദ്ധക്യത്തിലും അവർ ഫലം പുറപ്പെടുവിക്കും” (സങ്കീ. 92:14) എന്നതാണ് ദിനത്തിന്റെ പ്രമേയമായി ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുത്തത്. ജൂലൈ 24-ന് ഞായറാഴ്ച രാവിലെ 10.00 മണിക്ക് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ കർദ്ദിനാൾ ആഞ്ചലോ ദെ ഡൊണാത്തിസ് പരിശുദ്ധ പിതാവിന്റെ കൽപ്പനപ്രകാരം ദിവ്യബലിക്ക് നേതൃത്വം നൽകും.
ദിനാചരണത്തോട് അനുബന്ധിച്ച് അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററി വിവിധ രൂപതകൾക്ക് അജപാലന, ആരാധനക്രമ കാര്യങ്ങൾക്കായുള്ള പ്രാർത്ഥനകളും നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങളിൽ, ഏകാന്തതയില്‍ കഴിയുന്ന പ്രായമായവരെ സന്ദർശിക്കുകയോ അനുഗമിക്കുകയോ ചെയ്യുന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ലോക മുത്തശ്ശി – മുത്തച്ഛൻമാരുടെയും പ്രായമായവരുടെയും ദിനത്തിൽ, നമ്മുടെ സമൂഹങ്ങളിൽ പ്രായമായവരുടെ പ്രസക്തിയെക്കുറിച്ച് ബോധവാന്മാരാകാൻ പരിശുദ്ധ പിതാവ് നമ്മെ ക്ഷണിക്കുന്നുവെന്ന് അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററി തലവൻ കർദ്ദിനാൾ കെവിൻ ഫാരെൽ പറഞ്ഞു.
2021-ൽ ഫ്രാൻസിസ് പാപ്പ സ്ഥാപിച്ചതാണ് ഈ ദിനം. യേശുവിന്റെ മുത്തശ്ശി മുത്തച്ഛൻമാരായ വിശുദ്ധ ജോവാക്കിമിന്റെയും, വിശുദ്ധ അന്നയുടെയും തിരുന്നാളോടനുബന്ധിച്ച് ജൂലൈയിലെ നാലാമത്തെ ഞായറാഴ്ചയാണ് ദിനം കൊണ്ടാടുന്നത്. ഈ വർഷത്തെ ബുധനാഴ്ചകളിലുള്ള പാപ്പയുടെ പൊതുജന കൂടിക്കാഴ്ചകളിൽ ഭൂരിഭാഗവും വാർദ്ധക്യത്തെക്കുറിച്ചുള്ള ചിന്തകളാണ് പാപ്പ പങ്കുവെച്ചതെന്നത് ശ്രദ്ധേയമാണ്. മാര്‍പാപ്പയുടെ ജൂലൈ മാസത്തെ പ്രാർത്ഥനാ നിയോഗവും പ്രായമായവർക്കുള്ളവർക്ക് വേണ്ടിയുള്ളതാണ്.