*ബഹു. തോമസ് മാളിയേക്കൽ അച്ചൻ (85) ഇന്ന് (15/11/2023) നിര്യാതനായി.*
എറണാകുളം – അങ്കമാലി അതിരൂപതാ വൈദികനും സാധുസേവനസഭാ (SSS) സ്ഥാപകനുമായ ബഹുമാനപ്പെട്ട ഫാ. തോമസ് മാളിയേക്കൽ 85-ാം മത്തെ വയസ്സിൽ ഇന്ന് (15/11/2023) ഉച്ചയ്ക്ക് ശേഷം 2.20 ന് നിര്യാതനായി. സംസ്കാര കർമ്മങ്ങൾ മള്ളുശ്ശേരി സെൻ്റ് മേരീസ് പള്ളിയിൽ വച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക്ശേഷം 2.30 ന് നടത്തുന്നതാണ്.
ബഹു. തോമസ് അച്ചന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം.
സർക്കാരുകൾ അംഗൻവാടി എന്ന സംവിധാനം കൊണ്ടുവരുന്നതിന് അനേകവർഷങ്ങൾ മുൻപേ, മള്ളുശ്ശേരി ഇടവകയിൽ *ബാലവാടി എന്ന സംരംഭം കൊണ്ടുവരികയും കുട്ടികൾക്കും ഗർഭിണികൾക്കും അമേരിക്കൻ മാവ്, ഓയിൽ, പാൽപ്പൊടി എന്നിവ നൽകുകയും ചെയ്ത ക്രാന്തദർശിയായ ഈ വൈദികൻ, പാവങ്ങളോട് ഏറെ കരുണയുള്ള വ്യക്തിയായിരുന്നു.
മള്ളൂശ്ശേരിയിലെ സാധുസേവനസഭ, മൂഴിക്കുളത്തെ പ്രകൃതി ചികിത്സാലയം എന്നിവയുടെ സ്ഥാപകനായ അച്ചൻ, ദീർഘകാലം മള്ളുശ്ശേരി ഇടവകയിലെ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മള്ളുശ്ശേരി പ്രദേശത്തെ കർഷകർക്ക് ജലസേചന സൗകര്യത്തിനുവേണ്ടി അച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച ജലജീവൻ ഇറിഗേഷൻ പ്രൊജക്റ്റും മാളിയേക്കൽ അച്ചന്റെ ദീർഘ
വീക്ഷണത്തിന്റെ ഉത്തമോദാഹരണമാണ്.
ജാതിമതഭേദമന്യേ ഇടവകയിലെയും അയൽ ഇടവകകളിലെയും പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുക, അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരിക എന്നത് തോമസച്ചന്റെ വൈദികജീവിതത്തിന്റെ മഹനീയത ആയിരുന്നു.
വിദ്യാഭ്യാസത്തിനും തൊഴിൽ പരിശീലനത്തിനുമായി അനേകം പദ്ധതികൾ അച്ചൻ നടപ്പാക്കിയിട്ടുണ്ട്. ക്രിസ്തുവിന്റെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മണമുള്ള വൈദികൻ ആയിരുന്നു ബഹു. തോമസ് മാളിയേക്കൽ അച്ചൻ.
മള്ളുശ്ശേരിയെയും പരിസരപ്രദേശങ്ങളെയും കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും ഈജിപ്തിൽ നിന്ന് സന്തോഷത്തിന്റെയും സമൃദ്ധിയുടെയുമായ കാനാൻ ദേശത്തിലേക്കു നയിച്ച മോശ എന്ന് അച്ചനെ വിളിക്കുന്നതിൽ ഒട്ടും അതിശയോക്തിയില്ല.
-എം ഡി ജോയ്