മനുഷ്യരോടൊന്നിച്ചു നടക്കുന്ന ദൈവത്തിന്റെ ചിത്രമാണ് ബൈബിളിന്റെ തുടക്കത്തില്‍ നാം കാണുന്നത്. സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യനെ ദൈവം ഭൂമിയില്‍ തന്റെ പ്രതിനിധിയായി നിശ്ചയിച്ചു (ഉല്പ. 1,26-31). മണ്ണില്‍ നിന്നു മെനഞ്ഞെടുത്ത രൂപത്തിലേക്ക് ജീവശ്വാസം നിശ്വസിച്ച് ജീവനുള്ളവനാക്കി മാറ്റിയ മനുഷ്യനെ പ്രത്യേകം ഒരുക്കിയ പറുദീസായില്‍ അധിവസിപ്പിച്ചു. അവനു ചേര്‍ന്ന ഇണയും തുണയുമായി സ്ത്രീയെയും സൃഷ്ടിച്ചു നല്കി. ഇരുവരും വസിക്കുന്ന പറുദീസായില്‍ ദൈവം അവരോടു കൂടെ നടന്നു. അതുപോലെ കർത്താവ് ഇന്നും നമ്മുടെ ഒപ്പം സഞ്ചരിക്കുകയും ആശ്വാസം നൽകുകയും ചെയ്യുന്നു
ജീവിതത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ, കൂടെ നിൽക്കും എന്ന് കരുതിയവർ പോലും തള്ളി പറയുമ്പോൾ,മുന്നോട്ട് എല്ലാ വഴികളും അടഞ്ഞു എന്ന് തോന്നുമ്പോൾ ഓർക്കുക കർത്താവ് നമ്മുടെ കൂടെയുണ്ട്..ലോകം മുഴുവൻ നിനക്ക് എതിരെ നിന്നാലും ലോകത്തെ കീഴടക്കിയവൻ നിന്നെ തിരഞ്ഞെടുത്ത് നിന്റെ വലതുകരം പിടിച്ചിരിക്കുന്നതിനാൽ നിനക്ക് ലജ്ജിക്കേണ്ടി വരുകയില്ല. നമ്മൾ ഓരോരുത്തരും ആയിരിക്കുന്ന അവസ്ഥയിൽ നമ്മൾ അനുഗ്രഹിക്കപ്പെടാൻ ഒത്തിരി ആഗ്രഹിക്കുന്ന നല്ല പിതാവാണ് സ്വർഗ്ഗീയപിതാവ്.
ജീവിതത്തിൽ ചില തടസ്സങ്ങൾ, പ്രതിസന്ധികൾ ഉണ്ടാകുന്നത്, നമ്മുടെ ജീവിതത്തിൽ എപ്പോഴും കൂടെ നടക്കുന്ന ക്രൂശിതനായ യേശുവിനെ കണ്ടെത്താനുള്ള അവസരങ്ങളാണ്. ഫറവോയെ ഉയർത്തിയതും ഫറവോയുടെ ഹൃദയം കഠിനമാക്കിയതും ഇസ്രായേൽ ജനത്തെ അടിമത്തത്തിൽ നിന്നും മോചിപ്പിക്കാൻ ആയിരുന്നു. നമ്മെ സ്നേഹിച്ചവൻ മുഖാന്തരം നമ്മൾ എല്ലാ മേഖലയിലും വിജയം വരിക്കും എന്ന് വചനം നമ്മുക്ക് സാക്ഷ്യം നൽകുന്നു. അനുദിനംനമ്മുടെ കൂടെ നടക്കുകയും ആശ്വാസം നൽകുകയും ചെയ്യുന്ന കർത്താവിന് നന്ദി പറയാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.