തൃശൂര്‍: ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പൗരോഹിത്യത്തിന്റെ റൂബി ജൂബിലി നിറവില്‍. തൃശൂര്‍ അതിരൂപതയുടെ സഹായമെത്രാന്‍ പദവി പിന്നിട്ട് ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായി തുടരുന്ന മാര്‍ റാഫേല്‍ തട്ടിലിന്റെ പൗരോഹിത്യജീവിതത്തിന് ഇപ്പോള്‍ റൂബി ജൂബിലിയുടെ തിളക്കം.
അനന്തമായ മേഖലയിലാണ് തങ്ങള്‍ അധ്വാനിക്കുന്നത്. 87 ലത്തീന്‍ രൂപതകളുള്ള മേഖലയാണിത്. കടുത്ത വെല്ലുവിളികളുണ്ട്, എന്നാല്‍ പ്രത്യാശയുണ്ട്. പ്രവാസികളായ വിശ്വാസികളുടെ കൂട്ടായ്മയും ആത്മീയ ദാഹവും ആവേശം കൊള്ളിക്കുന്നതാണ്. ദൈവപരിപാലനയില്‍ ആശ്രയിച്ച് മുന്നോട്ട് പോകുന്നു. മോശ വടിയെടുത്ത് അടിച്ചപ്പോള്‍ നടുക്കടലില്‍ വഴിയൊരുങ്ങി.
അത് മോശയുടെയോ വടിയുടെയോ കഴിവല്ല. തമ്പുരാന്‍ വഴിയൊരുക്കിയതാണ്. പൗരോഹിത്യത്തിന്റെ നാല്‍പതാം വാര്‍ഷികത്തിന് ആഘോഷങ്ങളില്ല. ഷംഷാബാദിലെ ചേരികളില്‍ കുറെ പട്ടിണിപ്പാവങ്ങളുണ്ട്. അവര്‍ക്ക് സ്‌നേഹസമ്മാനങ്ങള്‍ നല്‍കിക്കൊണ്ടാണ് റൂബി ജൂബിലിയാഘോഷിച്ചത്.
കുണ്ടുകുളം പിതാവിന്റെ പാവങ്ങളോടുള്ള കരുതല്‍ എന്നും എനിക്ക് മാതൃകയാണ് ; മാര്‍ റാഫേല്‍ തട്ടിലിന്റെ വാക്കുകള്‍.
തന്നെ സന്ദര്‍ശിക്കുന്നവര്‍ക്കെല്ലാം ആവേശവും പ്രചോദനവും പകരുന്ന പോസിറ്റീവ് എനര്‍ജി പ്രദാനം ചെയ്യുന്നുവെന്നതാണ് മാര്‍ തട്ടിലിനെ വ്യത്യസ്തനാക്കുന്നത്. സ്‌നേഹത്തോടെ പുഞ്ചിരിച്ചുള്ള ഇടപഴകല്‍, തീക്കാറ്റുപോലുള്ള പ്രസംഗം, ശക്തമായ ഭാഷയും ഉച്ചാരണവും, പ്രസക്തമായ ഒരു പോയിന്റുപോലും വിട്ടുപോകാതെ കോര്‍ത്തിണക്കി അടുക്കും ചിട്ടയുമായുള്ള അവതരണം, കഥകളും സംഭവങ്ങളുമെല്ലാം ആ ആവേശപൂരത്തിലുണ്ടാകും. വാക്കുകള്‍ സദസിനെ ചിരിപ്പിക്കും, ചിന്തിപ്പിക്കും.
തൃശൂരിലെ പുത്തന്‍പള്ളി വ്യാകുലമാതാ ബസിലിക്ക ഇടവകാംഗമായ മാര്‍ തട്ടില്‍ 1980 ഡിസംബര്‍ 21-ന് വ്യാകുലമാതാവിന്‍ ബസിലിക്കയില്‍ പാവങ്ങളുടെ പിതാവ് മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ കൈവയ്പ് ശുശ്രൂഷയിലൂടെയാണ് തിരുപ്പട്ടം സ്വീകരിച്ചത്. 2010 ജനുവരി 18-ന് തൃശൂര്‍ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായി. 2010 ഏപ്രില്‍ പത്തിന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭിഷേകം ചെയ്തു. 2018 മുതല്‍ ഷംഷാബാദ് രൂപതയുടെ മെത്രാനാണ്. 23 സംസ്ഥാനങ്ങളും നാല് കേന്ദ്രഭരണ പ്രദേശങ്ങളും രണ്ട് ദ്വീപുകളും അടങ്ങുന്നതാണ് ഷംഷാബാദ് രൂപത.
തൃശൂരില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സീറോ മലബാര്‍ സഭയുടെ അപ്പസ്‌തോലിക് വിസിറ്റേറ്ററായും ചുമതലയുണ്ടായിരുന്നു. രാജ്യമെങ്ങും സഞ്ചരിച്ച് പ്രവാസികളായ സീറോ മലബാര്‍ വിശ്വാസികളുടെ വിശ്വാസസംബന്ധമായ ആവശ്യങ്ങള്‍ പഠിച്ച് തയാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നല്ലൊരു പഠനരേഖയാണ്.
മൂന്നാം വയസില്‍ പിതാവ് മരിച്ചതിനുശേഷം അമ്മയായിരുന്നു വിശ്വാസവിളക്ക്. പത്തുമക്കളില്‍ ഇളയവനായിട്ടായിരുന്നു ജനനം. മാര്‍ റാഫേല്‍ തട്ടിലിന് പൗരസ്ത്യ സഭാ നിയമത്തില്‍ ഡോക്ടറേറ്റ് ഉണ്ട്. ജര്‍മന്‍, ഇറ്റാലിയന്‍, ലാറ്റിന്‍ ഭാഷകളില്‍ പ്രാവീണ്യമുണ്ട്.