പ്രശസ്ത സുറിയാനി പണ്ഡിതനും ദൈവശാസ്ത്രജ്ഞനുമായ കൂനമ്മാക്കൽ തോമാ കത്തനാരുടെ സംഭാവനകൾ പരിഗണിച്ച് സുറിയാനി ഭാഷാ പഠനത്തിനും പൈതൃക ഗവേഷണത്തിനുമായി സ്ഥാപിതമായ സീരി (SEEEI -St. Ephrem Ecumenical Research Institute, Kottayam) അദ്ദേഹത്തിന് മല്പാൻ പദവി നൽകി ആദരിച്ചു. റൂബി ജൂബിലി (നാൽപതാം വാർഷികം) ആഘോഷിക്കുന്ന സീരിയൽ ദീർഘകാലം അധ്യാപകനും ഡീൻ ഓഫ് സ്റ്റഡീസും ആയിരുന്നു അദ്ദേഹം.

പാലാ രൂപതാ വൈദികനായ ബഹു. കൂനമ്മാക്കൽ തോമാ കത്തനാർ, ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്‌സ്ഫോർഡ് സർവകലാശാലയിൽനിന്നും സുറിയാനി ഭാഷയിൽ ഡോക്ടർ ബിരുദം നേടിയിട്ടുണ്ട്. സുറിയാനി സഭാചരിത്രത്തെപ്പറ്റിയും മാർ അപ്രേം ഉൾപ്പെടെയുള്ള ആദ്യകാല ദൈവശാസ്ത്ര എഴുത്തുകാരെപ്പറ്റിയും നിരവധി ഗ്രന്ഥങ്ങളും ലേഖന പരമ്പരകളും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നിരവധി പ്രശസ്ത സർവകലാശാലകളിൽ അധ്യാപനായി അദ്ദേഹം പ്രവർത്തിച്ചിട്ടുമുണ്ട്. മലയാള ഭാഷ സുറിയാനി ലിപിയിൽ എഴുതുന്ന പുരാതന സമ്പ്രദായമായ കർശോൻ രീതിയെപ്പറ്റി ഏറ്റവും ആധികാരികമായ രീതിയിൽ പഠനം നടത്തിയിട്ടുള്ള വ്യക്തി കൂടിയാണ് തോമാ കത്തനാർ. ഓക്സ്ഫോർഡ് സർവകലാശാലയിലെ അധ്യാപകനും പ്രസിദ്ധ സുറിയാനി പണ്ഡിതനുമായ സെബാസ്റ്റിയൻ ബ്റോക്കിൻ്റെ ശിഷ്യനുംകൂടിയാണ് അദ്ദേഹം.
1955 നവംബർ 15- ന് കോട്ടയം ജില്ലയിലെ രാമപുരത്താണ് കൂനമ്മാക്കൽ തോമാ കത്തനാർ ജനിച്ചത്. പാലാ രൂപതയിൽ വൈദികനായ അദ്ദേഹം ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് സുറിയാനി ഭാഷയിൽ ഡോക്ടർ ബിരുദം നേടിയിട്ടുണ്ട്. സുറിയാനി സഭാ ചരിത്രത്തെപ്പറ്റിയും മാർ അപ്രേം ഉൾപ്പെടെയുള്ള ആദ്യകാല ദൈവശാസ്ത്ര എഴുത്തുകാരെപ്പറ്റിയും നിരവധി ലേഖനങ്ങൾ അദ്ദേഹം അന്തർദേശീയ ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളും ലേഖന പരമ്പരകളും അദ്ദേഹത്തിൻ്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേംബ്രിഡ്ജ്, ലണ്ടൻ, ഓക്സ്ഫഡ്, ഉപ്സല തുടങ്ങിയ സർവ്വകലാശാലകളിലും, ദമാസ്‌കസ്, ബാഗ്ദാദ്, ജർമനി, എത്യോപ്യയിലെ ആഡിസ് അബാബ, ഉജ്ജയിൻ, വടവാതൂർ പൗരസ്ത്യ വിദ്യാപീഠം തുടങ്ങിയ സ്ഥലങ്ങളിലും അദ്ദേഹം പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും അധ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്. മലയാളം ഭാഷയെ സുറിയാനി ലിപിയിൽ എഴുതുന്ന പുരാതന സമ്പ്രദായമായ കർശോൻ രീതിയെപറ്റി ഏറ്റവും ആധികാരികമായ പഠനം നടത്തിയിട്ടുള്ള വ്യക്തികൂടിയാണ് അദ്ദേഹം. വിശ്വപ്രസിദ്ധ സുറിയാനി പണ്ഡിതനായ ഡോ. സെബാസ്റ്റ്യൻ ബ്റോക്കിൻ്റെ ശിഷ്യനുമാണ് അദ്ദേഹം. കോട്ടയം ജില്ലയിൽ കുറവിലങ്ങാട്, കാപ്പുംതലയിൽ സ്ഥിതി ചെയ്യുന്ന സുറിയാനി പഠനകേന്ദ്രവും സന്യാസ ആശ്രമവുമായ ബേസ് അപ്രേം നസ്രാണി ദയറയുടെ സ്ഥാപകനും അദ്ദേഹമാണ്.

സീരിയുടെ റൂബി ജൂബിലി ആഘോഷവേളയിൽ സിറിയൻ കത്തോലിക്ക പാത്രിയാർക്കീസ് ഇഗ്‌നാത്തിയോസ് ജോസഫ് മൂന്നാമൻ യോനാൻ ബാവായയാണ് മല്പാൻ പദവി പ്രഖ്യാപിച്ചത്. ഭാരതത്തിലെ വിവിധ പൗരസ്ത്യസഭകളിൽ നിന്നും മെത്രാന്മാരും വൈദികരും അല്മായരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
