ചിലതൊക്കെ നടന്നിരുന്നു എങ്കിൽ , നന്നായിരുന്നു അല്ലേ ? ചിലതൊക്കെ സംഭവിക്കാതിരുന്നു എങ്കിൽ , നന്നായിരുന്നു അല്ലേ ?

ഒരു പുൽക്കൊടി നാമ്പെടുക്കുന്നത് കാലം . ഒരു ഇല കൊഴിയുന്നതും കാലം . ഇല കൊഴിയാൻ കാരണമായ കാറ്റ് ജനിച്ചതും കാലം . അത് ഇലയെ വീഴ്ത്താനായി ആ മരക്കൊമ്പിൽ അടിച്ചതും കാലം . ആ കാലത്തിന്റെ പൂർണതയിൽ 2022 എന്ന വർഷം തീരുന്നു . ജനിച്ചവർ , മരിച്ചവർ , ജോലി കിട്ടിയവർ , ജോലി നഷ്ടപ്പെട്ടവർ , കൈ ഒടിഞ്ഞവർ , കാല് മുറിച്ചുകളയേണ്ടിവന്നവർ , വിവാഹം കഴിഞ്ഞവർ , കുഞ്ഞുണ്ടായവർ , വീട് വെച്ചവർ , ജപ്തിയിൽ വീട് പോയവർ …ഈ വർഷം ഇതിലാരായിരുന്നു നമ്മൾ ? ദുഃഖം , സന്തോഷം , നിരാശ , പ്രതീക്ഷ … 2023 ഇൽ ചിലതൊക്കെ നടന്നിരുന്നു എങ്കിൽ , നന്നായിരുന്നു അല്ലേ ? 2022 ഇൽ ചിലതൊക്കെ സംഭവിക്കാതിരുന്നു എങ്കിൽ , നന്നായിരുന്നു അല്ലേ ?

125,000 വർഷങ്ങൾക്കു മുമ്പ് മനുഷ്യവംശം ഈ ഭൂമിയിൽ സഞ്ചാരം ആരംഭിച്ചിരുന്നു എന്ന് ശാസ്ത്രം തെളിവുകൾ സഹിതം പറയുന്നു . അവർ നടന്ന കാലടികൾ . അവിടെ മൺപൊടി വീണതിന്റെ മുകളിൽ നമ്മുടെ പുതിയ കാലടികൾ . അതിനു മുകളിലും മൺപൊടി വീഴും . 2023, 2024… അങ്ങിനെ ആകാശത്തിലൂടെ മേഘങ്ങൾ ഇനിയും സഞ്ചരിക്കും , അവ എവിടെയോ എത്തി തണുത്ത് മഴ ആയി പെയ്തു വെള്ളമൊഴുകി പാറ പൊടിഞ്ഞു കാറ്റടിച്ചു മൺപൊടി പാറി പൊങ്ങി വീണു മൂടിപ്പോവാൻ ഇനിയും ഈ മണ്ണിൽ ഇപ്പോൾ ബാക്കിയുള്ള നമ്മുടെ കാലടികൾ കാലത്തിന്റെ പൂർണതക്കായി കാത്തിരിക്കുന്നു . നമ്മുടെ ഈ കാലടി അടയാളങ്ങൾക്ക് ആയുസ് ഇല്ല , ആയുസ് ബാക്കിയുള്ളത് നമ്മുടെ പ്രവർത്തികൾക്ക് മാത്രം. അവ നല്ലതെങ്കിൽ കാലം എന്ന പരിമിതി മറികടന്ന് അവ വരുംതലമുറയ്ക്ക് പകർന്നുകിട്ടുന്ന മധുരമുള്ള ഫലങ്ങളോ ഓർമകളോ ആകും .

ഇന്നലെ പൂർവികർ നട്ട തെങ്ങിൽ ഇന്ന് നാം കുടിച്ച കരിക്ക് ഉണ്ടായതുപോലെ . ഇന്നലെ ആരോ ചെയ്ത് കടന്ന് പോയ നന്മകൾ അടുത്ത തലമുറയ്ക്ക് ലഭിക്കണമെങ്കിൽ ആ ” ആരോ ” ഇന്ന് നമ്മൾ , നിങ്ങൾ ആകണം . 2022 ൽ നാം ഇവിടെ നട്ട നന്മകൾ ഒന്ന് ഓർത്തു നോക്കുക ,2023 ൽ ഇനിയും നന്മകൾ വിതയ്ക്കുക. ഈ ഭൂമിയിൽ കൂടുതൽ ഫലങ്ങളും പൂക്കളും പുഞ്ചിരിയും സ്നേഹവും 2023ൽ ഉണ്ടാകട്ടെ .

ഏവർക്കും നവവത്സരാശംസകൾ.

നിങ്ങൾ വിട്ടുപോയത്