
നമ്മുടെ ജീവിതത്തിൽ പലപ്പോഴും വീഴ്ചകൾ വരുമ്പോൾ ശത്രുക്കൾ ആഹ്ലാദിക്കാറുണ്ട്. ക്രിസ്തിയ ജീവിതത്തിൽ ഒരു വ്യക്തിയെയും ശത്രു എന്ന് വിളിക്കുവാൻ പാടില്ല. കാരണംക്രിസ്തിയ ജീവിതത്തിൽ യേശുവിനെ അനുഗമിക്കുന്നവർക്ക് ശത്രുക്കൾ ഇല്ല എന്നു വേണം പറയാൻ കാരണം മത്തായി 5 : 44 ൽ പറയുന്നത്, ശത്രുക്കളെ സ്നേഹിക്കാനും, ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാനുമാണ് കർത്താവ് പറഞ്ഞിരിക്കുന്നത്.

ക്രിസ്തീയ ജീവിതത്തിൽ പലപ്പോഴും നാം യാത്ര ചെയ്യേണ്ടത്, ഇടുങ്ങിയ വഴികളിൽ കൂടിയാണ്. വീഴ്ചകൾ വന്നാലും താങ്ങുന്ന കർത്താവ് നമ്മുടെ ഒപ്പം ഉണ്ട്.

ദൈവത്തിൽ ആശ്രയിക്കുന്നവൻ ലോകത്തിലേയ്ക്ക് നോക്കാതെ പൂർണ്ണമായും കർത്താവിലാണ് ആശ്രയിക്കുന്നത്. അവന്റെ പ്രതീക്ഷ എല്ലാം ദൈവത്തിലാണ്. ലോകത്തിലെ ധനത്തിലും, സുഖത്തിലും ആശ്രയിക്കുന്ന മനുഷ്യന് ദൈവത്തിൽ ആശ്രയിക്കുന്നവനെ കാണുമ്പോൾ അവഹേളനമാണ്. നാം ഓരോരുത്തരുടെയും കുംടുബ ജീവിതത്തിലും, സാമൂഹിക ബന്ധങ്ങളിലും, ജോലി മേഖലകളിലും നാം പൂർണ്ണമായി ദൈവത്തിൽ ആശ്രയിക്കുമ്പോൾ പലപ്പോഴും മറ്റുള്ളവരിൽ നിന്ന് അവഹേളനങ്ങൾ നേരിടേണ്ടി വന്നേക്കാം, പലപ്പോഴും നമ്മളെ കളിയാക്കുന്ന വ്യക്തികൾക്കെതിരെ ശത്രു മനോഭാവത്തോടെ പെരുമാറാൻ സാത്താൻ പ്രേരിപ്പിക്കും. എന്നാൽ വേദനയുടെ സന്ദർഭങ്ങളിലെല്ലാം, ദൈവ പ്രവർത്തിക്കായി കാത്തിരിക്കണം. കാരണം കർത്താവിന്റെ നിഴലിൽ കീഴിലാണ് നാം വസിക്കുന്നത്.

ദാനിയേലിനെ സിംഹത്തിന്റെ വായിൽ നിന്ന് ക്യത്യസമയത്ത് രക്ഷിച്ച പോലെ, ക്യത്യസമയത്ത് ശത്രുവിന്റെ കരങ്ങളിൽ നിന്ന് നമ്മെയും ദൈവം രക്ഷിക്കും.

ജോബിന്റെ ജീവിതത്തിൽ വേദനയുടെ അനുഭവങ്ങൾ വന്നപ്പോൾ, ജോബിന്റെ ഭാര്യപ്പോലും ജോബിനെ കുറ്റപ്പെടുത്തി. എന്നാൽ ദൈവത്തിങ്കലേയ്ക്ക് ജോബിന്റെ കണ്ണുകൾ ഉയർന്നു. നഷ്ടമായതിനെക്കാൾ ഇരട്ടി നൽകി ദൈവം അനുഗ്രഹിച്ചു. നമ്മുടെ ജീവിതത്തിലും ശത്രു എന്ത് ആഹ്ളാദിച്ചാലും, ദൈവത്തിങ്കലേയ്ക്ക് കണ്ണുകൾ ഉയർത്താം, നിശ്ചയമായും കർത്താവ് നമ്മെ എഴുന്നേൽപ്പിക്കും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ







