ധ്യാനഗുരു പങ്കുവച്ച ഒരു കഥ.
ട്രെയിൻ യാത്രയിൽ ചെറുപ്പക്കാരനായ അപ്പനും അദ്ദേഹത്തിൻ്റെ രണ്ടു മക്കളും. ജാലകപാളികളിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയാണ് അപ്പൻ. അതുകൊണ്ടാകാം അദ്ദേഹം മക്കളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
അയാളുടെ ചെറിയ കുഞ്ഞുങ്ങൾ യാത്രക്കാർക്കിടയിലൂടെ യഥേഷ്ടം ഓടിക്കളിച്ചുകൊണ്ടിരുന്നു.
കുട്ടികളുടെ ചിരിയും കളിയും
കുറേപേർക്ക് ഇഷ്ടപ്പെട്ടെങ്കിലും
മറ്റ് ചിലർക്ക് അരോചകമായി.
അവരിൽ ചിലർ പരസ്പരം
പറഞ്ഞു:
“ഇദ്ദേഹം എന്തൊരു അപ്പനാണ്.
മക്കളെ ഒട്ടും ശ്രദ്ധിക്കാതെ,
അവരെ അടക്കത്തിൽ ഇരുത്താതെ,
പുറം കാഴ്ചകൾ കണ്ടുകൊണ്ടിരിക്കുന്നു.
മിക്കവാറും ഇയാളുടെ മാനസിക നില തെറ്റിയിട്ടുണ്ടാകും.”
സഹികെട്ടപ്പോൾ അവരിൽ ചിലർ വന്ന് അയാളെ ശകാരിച്ചു:
“കുട്ടികളെ ഇങ്ങനെ അഴിച്ചുവിടാമോ? യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത്.”
വലിയ ഒരു തിരിച്ചറിവ് കിട്ടിയതുപോലെ
ആ മനുഷ്യൻ വളരെ ശാന്തമായി പ്രതികരിച്ചു:
“ക്ഷമിക്കണം. ഞാൻ വല്ലാത്തൊരു
മാനസിക അവസ്ഥയിലാണ്.
ഈ കുട്ടികളുടെ അമ്മ,
ഒരു അപകടത്തിൽ മരണമടഞ്ഞു.
മൃതശരീരം ഏറ്റുവാങ്ങാൻ ആശുപത്രിയിലേക്കുള്ള യാത്രയിലാണ്.
പക്ഷേ, ഇക്കാര്യം മക്കളെ ഞാൻ അറിയിച്ചിട്ടില്ല. അവരെ എങ്ങനെ ഇത് അറിയിക്കും?
കടുത്ത വേദനയെ
അഭിമുഖീകരിക്കാതെ വയ്യല്ലോ?”
ഇത്രയും പറഞ്ഞ് അയാൾ
മക്കളെ രണ്ടു പേരെയും വിളിച്ച്
തൻ്റെയരികിലിരുത്തി:
“മക്കളെ…. മറ്റുള്ളവർക്ക് ശല്യമാകുന്ന രീതിയിൽ ഓടിക്കളിക്കല്ലെ….
അത് അമ്മയ്ക്കിഷ്ടപ്പെടില്ലെന്ന്
പപ്പ പറഞ്ഞിട്ടില്ലേ….”
അയാളുടെ മിഴികൾ നിറഞ്ഞതും കണ്ഠമിടറിയതും മക്കൾ മനസിലാക്കിയില്ല.
യാത്രക്കാർക്കിടയിൽ പെട്ടന്നുതന്നെ
ഒരു ശ്മശാന മൂകത വ്യാപരിച്ചു.
നമ്മെക്കുറിച്ച് മറ്റുള്ളവരും
മറ്റുള്ളവരെക്കുറിച്ച് നമ്മളും
കുറ്റം പറയുകയും വിധിക്കുകയും ചെയ്യുമ്പോഴും യാഥാർത്ഥ്യത്തിൻ്റെ പൊരുളറിയാൻ നമ്മളിൽ പലരും
ശ്രമിക്കാറില്ല എന്നത് വാസ്തവമല്ലെ?
ഏതൊരു വ്യക്തിയെക്കുറിച്ചും
അഭിപ്രായങ്ങൾ പലതായിരിക്കും.
ക്രിസ്തുവിനെക്കുറിച്ചും യഹൂദർക്കിടയിൽ
പല അഭിപ്രായങ്ങളുയായിരുന്നു:
“…അവന്‍ ഒരു നല്ല മനുഷ്യനാണ്
എന്നു ചിലര്‍ പറഞ്ഞു.
അല്ല, അവന്‍ ജനങ്ങളെ
വഴിപിഴപ്പിക്കുന്നു എന്നു മറ്റു ചിലരും”
(യോഹന്നാന്‍ 7 : 12).
കുറച്ചു കൂടെ ശാന്തതയോടും
തുറവിയോടും കൂടി മറ്റുള്ളവരെ മനസിലാക്കാൻ ശ്രമിച്ചില്ലെങ്കിൽ
നമ്മുടെ പല നിഗമനങ്ങളും തെറ്റുമെന്നുറപ്പാണ്.
അതുപോലെ തന്നെ,
മറ്റുള്ളവരുടെ വേദനിപ്പിക്കുന്ന വാക്കുകൾക്കും മുറിപ്പെടുത്തുന്ന സമീപനങ്ങൾക്കും
അമിത പ്രാധാന്യം നൽകുന്നതും
നമ്മുടെ ജീവിതത്തെ ബാധിക്കുമെന്നും തിരിച്ചറിയാം.
ഫാദർ ജെൻസൺ ലാസലെറ്റ്