ഞങ്ങൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ നടത്തിത്തന്നാൽ ഞങ്ങൾ സഭ ആവശ്യപ്പെടുന്ന കാര്യങ്ങൾ പരിഗണിക്കാം! ഇങ്ങനെയാണോ യഥാർത്ഥത്തിൽ സഭയിൽ കാര്യങ്ങൾ നടക്കുന്നത്? ഭൗതികമായ വസ്തുക്കളും സേവനങ്ങളുമാണ് വിഷയമെങ്കിൽ, അതിനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാവില്ല. എന്നാൽ, ഇവിടെ വിഷയം സഭയുടെ ആരാധനാ ക്രമമാണ്! സഭാ നേതൃത്വവുമായി ആശയ സംവാദം നടത്തുന്നത് ആരാധനയിലെ കാർമ്മികരായ വൈദികരുമാണ്!
സഭ നിശ്ചയിച്ച രീതിയിൽ ആരാധനാ കർമ്മങ്ങൾ അനുഷ്ഠിക്കാൻ നിയുക്തരായവരാണ് വൈദികർ! ഇവിടെ കരാറിൽ ഏർപ്പെടുന്നത് മെത്രാനോ മാർപാപ്പയോ അല്ല. വൈദികരാണ്. സഭ നിർദേശിക്കുന്ന രീതിയിൽ ആരാധന നടത്തുക എന്നതാണ് കാർമ്മികന്റെ കടമ! ആ കടമ വിശ്വസ്ഥതയോടെ നിർവഹിക്കാം എന്നു വാഗ്ദാനം ചെയ്യുന്നത് വൈദികനാണ്!
ഞങ്ങൾ ചില കാര്യങ്ങൾ ആവശ്യപ്പെടുന്നു. അത് സഭ അംഗീകരിക്കുമെങ്കിൽ, സഭ ആവശ്യപ്പെടുന്ന കാര്യം ഞങ്ങൾ അംഗീകരിക്കാം എന്ന പ്രശ്നം ഇവിടെ ഉദിക്കുന്നില്ല. സഭയിലും സഭയുടെ വിശ്വാസ സത്യങ്ങളിലും ഉറച്ചു നിൽക്കുന്നവർ സഭയെ അനുസരിക്കുന്നു! സഭയുടെ വ്യവസ്ഥാപിത നേതൃത്വത്തെ അംഗീകരിക്കുന്നു: അതായത്, അനുസരിക്കുന്നു!
വിശ്വാസത്തിൽനിന്നാണ് അനുസരണം വരുന്നത്! നിയമംപോലും പിന്നീടാണ് വരുന്നത്! ദൈവം അബ്രാമിനോട് പറഞ്ഞു: ‘ഞാൻ കാണിച്ചു തരുന്ന ദേശത്തേക്ക് പോവുക!’ അതു ദൈവ കല്പിതമാണ് എന്നു ബോധ്യം വന്ന അബ്രാം തന്റെ പിതൃഭവനവും പ്രിയപ്പെട്ടവയും വിട്ടു ദൈവം കാണിച്ച സ്ഥലത്തേക്ക് ഇറങ്ങിത്തിരിച്ചു! അത് വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവത്തിൽ വിശ്വസിച്ചിട്ടാണ്!
വിശ്വാസത്തിൽനിന്നുള്ള അനുസരണത്തിൽ വ്യവസ്ഥകളും വ്യാഖ്യാനങ്ങളുമില്ല, വാഗ്ദാനവും സമർപ്പണവുമേയുള്ളു! വിശ്വസിക്കുന്നവൻ അനുസരിക്കുന്നു! അത്രമാത്രമേയുള്ളു!
ഒരു വൈദികനെ സംബന്ധിച്ചിടത്തോളം, കരാർ വ്യവസ്ഥകളുടെ പ്രശ്നം ആരാധന അർപ്പിക്കുന്ന വിഷയത്തിൽ ഉദിക്കുന്നേയില്ല! അത്തരം ഒരു കരാർ ഒപ്പിടാൻ റോമിൽനിന്നും മാർപാപ്പ തന്റെ പ്രതിനിധിയെ കേരളത്തിൽ പറഞ്ഞയച്ചു എന്നും, അദ്ദേഹം മാർപാപ്പായുടെ നിർദേശം സഭയിലെ ഒരു പറ്റം വൈദികരെ അറിയിച്ചു എന്നും അവർ മാർപാപ്പ മുന്നോട്ടു വച്ച നിർദേശങ്ങൾ അംഗീകരിച്ചു എന്നും അതല്ല തള്ളിക്കളഞ്ഞു എന്നും മറ്റുമുള്ള ചർച്ചകൾ മുഖ്യധാരാ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും നിറയുന്നുണ്ട്! വിശ്വാസികൾ കലുഷിതരാകരുത്! പൊതു സമൂഹം തെറ്റായ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കുകയുമരുത്!
സഭയിൽ ഇതു പ്രാർത്ഥനയുടെ മണിക്കൂറുകളാണ്! ക്രിസ്തു തന്റെ പീഡാസഹനത്തിനു മുൻപ് പ്രാർത്ഥിച്ചു: ‘പരിശുദ്ധനായ പിതാവേ, നാം ഒന്നായിരിക്കുന്നതുപോലെ, അവരും ഒന്നായിരിക്കേണ്ടതിന്… അവരെ അങ്ങു കാത്തുകൊള്ളണമേ!’ നാശത്തിന്റെ പുത്രനല്ലാതെ അവരിൽ ആരും നഷ്ടപ്പെട്ടില്ല! സഭയിലും സമൂഹത്തിലും ഐക്യവും സന്മനസ്സും നിറയുന്ന ദിനങ്ങളാകട്ടെ വരാനിരിക്കുന്നത്!
വിശ്വാസത്തിലും കൂട്ടായ്മയിലും സഭയോടു ചേർന്നു നിൽക്കാനും, സഭക്കുള്ളിൽ ഭിന്നതയും സമൂഹത്തിൽ ഉതപ്പും ഉണ്ടാക്കുന്ന പ്രവർത്തന രീതികളിൽ ഏർപ്പെട്ടിരിക്കുന്നവർ അതിൽനിന്നു പിന്തിരിയാനും മാർപാപ്പാ പിതൃസഹജമായ സ്നേഹത്തോടും, പത്രോസിനടുത്ത പരമാധികാരത്തോടും കൂടെ, സഭയിലെ വൈദികരെയും വിശ്വാസികളെയും നേരിട്ട് ഉപദേശിക്കുകയും തന്റെ പ്രതിനിധിയിലൂടെ മുന്നറിയിപ്പു നൽകുകയും ചെയ്തിരിക്കുന്നു!
ബന്ധപ്പെട്ടവർ സഭയുടെ നിർദ്ദേശം കൃത്യമായി പാലിക്കാനും സഭയിലും സമൂഹത്തിലും ഐക്യവും സമാധാനവും ഉണ്ടാകുവാനും ഇടയാകട്ടെ! ക്രിസ്മസ് അനുരഞ്ജനത്തിന്റെയും രക്ഷയുടെയും പ്രത്യാശയുടെയും തിരുന്നാളാണല്ലോ!
ഫാ. വർഗീസ് വള്ളിക്കാട്ട്