കൊച്ചി: റോമിലെ റഷ്യന്‍ സ്ഥാനപതി കാര്യാലയത്തിലെത്തി യുക്രെയിനു മേല്‍ റഷ്യ നടത്തുന്ന അധിനിവേശത്തില്‍ തനിക്കും ലോകജനതയ്ക്കുമുള്ള ആശങ്ക അറിയിച്ച മാര്‍പാപ്പ യുദ്ധം എത്രയുംവേഗം അവസാനിപ്പിക്കാനുള്ള ശ്രമമുണ്ടാകണമെന്നു അഭ്യര്‍ത്ഥിച്ചു. യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്ന യുക്രെയിന്‍ ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു.
മാര്‍പാപ്പായുടെ ആഹ്വാനത്തോടു ചേര്‍ന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കേരളത്തിലെ ക്രൈസ്തവ സമൂഹത്തോടും സമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തു.
മാര്‍ച്ച് 2 ന് പ്രാര്‍ത്ഥനാദിനമായി ആചരിക്കാനാണ് മാര്‍പാപ്പാ ആവശ്യപ്പെട്ടിട്ടുള്ളത്. അന്നേദിവസം കേരളസഭയും പ്രാര്‍ത്ഥനയ്ക്കായി പ്രത്യേകം മാറ്റിവയ്ക്കണം. യുദ്ധത്തിന്റെ കെടുതികള്‍ നമ്മുടെ ഭാവനക്കതീതമാണെന്നും നിരാലംബരാ ക്കപ്പെടുന്ന കുട്ടികളും സ്ത്രീകളും സാധാരണക്കാരും ജീവതകാലം മുഴുവന്‍ ഇതിന്റെ കെടുതികള്‍ അനു ഭവിക്കേണ്ടിവരുമെന്നും യുദ്ധം ആരെയും ജേതാക്കളാക്കുന്നില്ല മറിച്ച്, ഇരുകൂട്ടരും പരാജിതരാകുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതിനും അവിടെ സമാധാനം സംജാതമാക്കപ്പെടുന്നതിനും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഭാരത പൗരന്മാരെ സുരക്ഷിതരായി സ്വഭവനത്തിലേക്ക് തിരികെയെത്തിക്കും എന്ന് ക്രേനദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ ഇതുവരെയുള്ള കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ പ്രതീക്ഷ നല്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 2 – യുക്രെയ്നു വേണ്ടിയുള്ള ഉപവാസ പ്രാര്‍ഥനാ ദിനമായി ആചരിക്കണം: പാപ്പ
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭ വിഭൂതി തിരുനാളായി ആചരിക്കുന്ന മാര്‍ച്ച് രണ്ടിന് യുക്രെയ്നു വേണ്ടിയുള്ള ഉപവാസ പ്രാര്‍ഥനാ ദിനമായി ആചരിക്കാന്‍ പാപ്പ ആഹ്വാനം ചെയ്തു. ബുധനാഴ്ച വത്തിക്കാനില്‍ പോള്‍ ആറാമന്‍ ഹാളില്‍വെച്ച് നടത്തിയ പൊതു കൂടികാഴ്ച്ച വേളയിലാണ് പാപ്പ ഈ അഭ്യര്‍ത്ഥന നടത്തിയത്. യുക്രെയ്നിലെ സ്ഥിതിഗതികള്‍ വഷളായതില്‍ തനിക്കു അഗാധമായ വേദനയുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി നയതന്ത്ര ശ്രമങ്ങള്‍ നടത്തിയിട്ടും, കൂടുതല്‍ ഭയാനകമായ കാര്യങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. തന്നെപ്പോലെ, ലോകമെമ്പാടുമുള്ള നിരവധി ജനങ്ങള്‍ വേദനയും ആശങ്കയും അനുഭവിക്കുന്നുവെന്നും പക്ഷപാതപരമായ താല്‍പ്പര്യങ്ങള്‍ കൊണ്ട് എല്ലാവരുടെയും സമാധാനം വീണ്ടും അപകടത്തിലാണെന്നും പാപ്പ ചൂണ്ടികാട്ടി.
രാഷ്ട്രീയ ഉത്തരവാദിത്തങ്ങളുള്ളവരോടു ദൈവത്തിന്റെ മുന്നില്‍ തങ്ങളുടെ മനസ്സാക്ഷിയെ ഗൗരവമായി പരിശോധിക്കാന്‍ ആവശ്യപ്പെട്ട പാപ്പ, ദൈവം യുദ്ധത്തിന്റെ ദൈവമല്ലായെന്നും സമാധാനത്തിന്റെ ദൈവമാണെന്നും ഒരാളുടെ മാത്രമല്ല, എല്ലാവരുടെയും പിതാവാണെന്നും, നാം ആരും ശത്രുക്കളായല്ല, സഹോദരന്മാരായിരിക്കണമെന്നു അവിടുന്നു ആഗ്രഹിക്കുന്നുവെന്നും പാപ്പ പറഞ്ഞു. അക്രമത്തിന്റെ പൈശാചികമായ വിവേകശൂന്യതയ്ക്ക് ദൈവത്തിന്റെ ആയുധങ്ങളായ പ്രാര്‍ത്ഥനയിലൂടെയും, ഉപവാസത്തിലൂടെയും ഉത്തരം ലഭിക്കുമെന്ന് യേശു നമ്മെ പഠിപ്പിച്ചുവെന്ന് പാപ്പ അനുസ്മരിപ്പിച്ചു.