
അഗ്നിയാൽ ദഹിപ്പിക്കുന്ന ദൈവം സകലരുടെയും ഉള്ളില്‍ ദൈവസ്നേഹമാകുന്ന തീ ഇടാനാണ് അവിടുന്ന് വന്നത്. ആ സ്നേഹാഗ്നി നമ്മില്‍ ആളിക്കത്തി, നമ്മിലെ ദൈവികമല്ലാത്തതെല്ലാം കത്തിച്ച്, നമ്മെയും ദൈവസ്നേഹാഗ്നിയായി മാറ്റുകയെന്നത് അവിടുത്തെ തീവ്രാഭിലാഷമാണ്. ഈ ഭൂമിയിലായിരിക്കെത്തന്നെ നാമെല്ലാം ദൈവസ്നേഹജ്വാലയുടെ മാധുര്യം ആസ്വദിച്ച്, ആ സ്വര്‍ഗീയ ആനന്ദം അനുഭവിച്ച് ജീവിക്കണമെന്നതാണ് അവിടുത്തെ തിരുഹിതം. അതിന് നാം നമ്മെത്തന്നെ ദൈവസ്നേഹാഗ്നിയിലേക്ക് വിറകുസമാനം വച്ചുകൊടുക്കണം. നമ്മിലുള്ളതെല്ലാം കത്തിച്ചാമ്പലാക്കാന് അനുവദിക്കണം.

വിറക് തീയായി മാറുന്നതിനോടാണ് വചനത്തിൽ ദൈവസ്നേഹാഗ്നിയില്‍ എരിയപ്പെടുന്ന ആത്മാവിനെ ഉപമിക്കുന്നത്. വിറക് തീയില്‍ വയ്ക്കുമ്പോള്‍ അതില്‍ തീ പിടിക്കുന്നതിന്റെ ആദ്യപടിയായി വിറകിനെ ഉണക്കുന്നു. അതായത്, വിറകിലുള്ള ഈര്‍പ്പവും ജലാംശവും പുറംതള്ളും, തീ പിടിക്കാന്‍ തടസമായ പശയോ കറകളോ ഉണ്ടെങ്കില്‍ അവയെല്ലാം തീയുടെ ചൂടില്‍ എരിയിക്കും. പിന്നീട് ശ്രദ്ധിച്ചാല്‍, തീയുടെ ചൂടില്‍ വിറക് കറുത്ത് വിരൂപമാകുകയും ക്രമേണ വിറകില്‍ തീ പിടിച്ചുതുടങ്ങുകയും വിറക് തീ തന്നെ ആയി മാറുകയും ചെയ്യും. അപ്പോള്‍ അതിന്റെ ആദ്യത്തെ വൈരൂപൃമെല്ലാം നീങ്ങി അഗ്നിയുടെ സൗന്ദര്യവും ആകര്‍ഷകത്വവും കൈവരിക്കും. അങ്ങനെ തീയായി മാറിയ വിറകിന് പിന്നെ സ്വന്തമായ പ്രത്യേകതകളൊന്നും ഇല്ല, അഗ്നിയുടെ സ്വഭാവം മാത്രം. തീ ഈ വിറകിനെ തീയായി മാറ്റിയതുപോലെ തീയായി മാറിയ ഈ വിറകിനു മറ്റു വസ്തുക്കളെ കത്തിച്ച് തീയാക്കാനും ചൂടുപിടിപ്പിക്കാനും സാധിക്കും. സകലതിനു ഉപരി, പ്രകാശിക്കുകയും, പ്രകാശിപ്പിക്കുകയും പ്രകാശം പ്രസരിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് ആ വിറക് രൂപപ്പെടുന്നു.

വിറക് തീയായി മാറിയതുപോലെ നാം ഒരോരുത്തരും ദൈവ സന്നിധിയിൽ, നിശബ്ദമായി, ശാന്തമായി ഉപരി സ്നേഹത്തോടെയും സന്തോഷത്തോടെയും ദൈവത്തിന് ഇഷ്ടമുള്ളതുപോലെ ചെയ്യാന്‍ നിന്നുകൊടുക്കണം. അപ്പോള്‍ അവിടുന്ന് പ്രവര്‍ത്തിച്ചുകൊള്ളും. അതിനുള്ള ദൈവകൃപയ്ക്കായി നമുക്കു പ്രാര്‍ത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.







