മനുഷ്യർ പലപ്പോഴും ലോകത്തിന്റെ പൗരൻമാരാകാൻ ആഗ്രഹിക്കുന്നു, എന്നാൽ നമ്മുടെ “പൗരത്വം സ്വർഗ്ഗത്തിൽ ആകുന്നു” എന്ന യാഥാർത്ഥ്യം ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു. നാം എന്ത് ആശിക്കുന്നു എന്നതും നാം എങ്ങിനെ ജീവിക്കുന്നു എന്നുള്ളതും ഇതിൽ പെടുന്നു. ആ പ്രത്യാശ ബലപ്പെടുത്തുന്നത് കടന്നു പോകുന്ന ഓരോ ദിവസവും, നമ്മൾ തീർച്ചയായും യേശുവിന്റെ രണ്ടാം വരവിനോട് അടുത്തു കൊണ്ടിരിക്കുകയാണെന്ന ബോധ്യമാണ്. ദൈവം നമ്മെ ഓരോരുത്തരെയും ഈ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത് അവിടുത്തെ പദ്ധതികൾ നിറവേറ്റാൻ വേണ്ടിയാണ്. ദൈവം ഏൽപ്പിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തുതീർത്ത് ദൈവത്തിന്റെ അടുക്കലേക്കുതന്നെ പോകാൻ ഏത് നിമിഷവും നാം ഒരുക്കമുള്ളവരായിരിക്കണം
ദൈവസന്നിധിയിലേക്കുള്ള ആ തിരിച്ചുപോക്കാണ് മരണം. മരണം നമ്മുടെ പുതിയ ജീവിതത്തിന്റെ ആരംഭമാണ്. അതിനാൽ മരണത്തെ സന്തോഷത്തോടെ നോക്കിക്കാണുവാനും അംഗീകരിക്കുവാനും നമുക്ക് സാധിക്കണം. നമ്മുടെ ഈ ലോകജീവിതം ക്ഷണികമാണ്. അത് പെട്ടെന്ന് കടന്നുപോകും. അതിനാൽ നമ്മുടെ ജീവിതം സൽപ്രവൃത്തികളാൽ സമ്പന്നമായിത്തീരണം. യേശുവിന്റെ മരണത്തോട് ചേർത്തുവയ്ക്കുമ്പോൾ നമ്മുടെ മരണം ഒരു നഷ്ടമല്ല വളർച്ചയാണ്. ശിക്ഷയല്ല രക്ഷാകരമായ പൂർത്തീകരണമാണ്. സങ്കടമല്ല സന്തോഷമാണ്. ക്രിസ്തുവിനോടുകൂടെ നാം എപ്പോഴും ആയിരിക്കാൻ വേണ്ടിയാണ് ദൈവം നമുക്ക് മരണം അനുവദിച്ച് തന്നിരിക്കുന്നത്.
ക്രിസ്തുവിൽ ജീവിച്ചു തുടങ്ങത്തക്കവണ്ണം ലോകത്തിന് നേരെ നമുക്ക് മരിക്കാൻ പഠിക്കാം. മനുഷ്യൻ ഒരു പിടി മണ്ണു മാത്രമാണെന്നും അവന്റെ ദിവസങ്ങൾ പുല്ലുപോലെയും വയലിലെ പുഷ്പം പോലെയും ആണെന്നും ഒരു ചുടുകാറ്റ് അവന്റെമേൽ അടിച്ചാൽ അവൻ ഉണങ്ങിപ്പോകുമെന്നും മനസിലാക്കിയാവണം നാം ജീവിക്കേണ്ടത് (സങ്കീ. 103:15-16). അതിനാൽ ഇന്നുമുതൽ നമ്മുടെ ആത്മാവിന്റെ രക്ഷയെക്കുറിച്ച് നമുക്ക് ചിന്തിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ആമ്മേൻ