നമ്മുടെ അനുദിന ജീവിതത്തിൽ ഒട്ടേറെ അവസരങ്ങളിൽ മറ്റുള്ളവർ അവരുടെ സമ്പത്തും മറ്റു വിലപ്പെട്ടവയും നോക്കിനടത്താൻ നമ്മെ ഭരമേൽപ്പിക്കാറുണ്ട്. ചെറിയ കാര്യങ്ങൾ പലപ്പോഴും ഉത്തരവാദിത്തത്തോടെ ചെയ്യാൻ മടികാട്ടുന്നവരാണ് നമ്മിലേറെപ്പേരും. എല്ലാവരും ആഗ്രഹിക്കുന്നത് വലിയ കാര്യങ്ങൾ നോക്കിനടത്തുന്നതിനാണ്. ഇവിടെയൊക്കെ നമ്മൾ മറക്കുന്ന വസ്തുത, തന്റെ സമ്പാദ്യത്തെക്കുറിച്ച് കരുതലുള്ള ഒരാളും ചെറിയ കാര്യങ്ങളിൽ കഴിവ് തെളിയിക്കാത്തവർക്ക് വലിയ കാര്യങ്ങളുടെ ചുമതല നൽകില്ല എന്നതാണ്.
ദൈവവും അപ്രകാരം തന്നെയാണ് പ്രവർത്തിക്കുന്നത്. ദൈവരാജ്യം ലോകമെങ്ങും വ്യാപിക്കുന്നതിനായി നമ്മെ ഓരോരുത്തരേയും ഒട്ടേറെ കാര്യങ്ങൾ ദൈവം ഭരമേൽപ്പിക്കുന്നുണ്ട്. അതിലേക്കായി പലപ്പോഴും വളരെ ചെറിയ കാര്യങ്ങളാകും ദൈവം നമ്മിൽ നിന്നും ആദ്യം ആവശ്യപ്പെടുന്നത്. അനാവശ്യമായ ആർഭാടങ്ങൾ ഉപേക്ഷിക്കുന്നതു മുതൽ ചെറിയ ചെറിയ ജീവകാരുണ്യ പ്രവർത്തികൾ വരെ നിസ്സാരമെന്നു തോന്നുന്ന പല കാര്യങ്ങളും ദൈവമഹത്വത്തിനായി ചെയ്യുവാൻ നമുക്കെല്ലാം കഴിയും. പക്ഷേ അതിലൊന്നും വലിയ കാര്യമില്ലെന്നും, വലിയ വലിയ പുണ്യപ്രവർത്തികൾ ചെയ്യുന്നവർക്ക് മാത്രമേ ദൈവസന്നിധിയിൽ വിലയുള്ളൂ എന്നും പലപ്പോഴും നമ്മൾ കരുതാറുണ്ട്.
വലിയ കാര്യങ്ങൾ ചെയ്താലേ മറ്റുള്ളവരിൽനിന്നും ശ്രദ്ധയും അംഗീകാരവുമൊക്കെ ലഭിക്കുകയുള്ളൂ എന്നതാണ് ലോകത്തിന്റെ അവസ്ഥ. എന്നാൽ, ദൈവം വലിയ കാര്യങ്ങളുടെ മാത്രമല്ല ചെറിയ കാര്യങ്ങളുടെയും ദൈവമാണ്. ചെറിയ കാര്യങ്ങൾ വിശ്വസ്തതയോടെ ചെയ്യുന്നവരെ വലിയ കാര്യങ്ങൾ ഭരമേൽപ്പിച്ച്, അത് ചെയ്യുവാൻ ആവശ്യമായ എല്ലാ കൃപകളും പ്രദാനം ചെയ്ത് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നവനാണ് ദൈവം. വലിയ കാര്യങ്ങളിലേക്കുള്ള ചവിട്ടുപടിയാണ് ചെറിയ കാര്യങ്ങളെന്ന ബോധ്യത്തോടെ, വിശ്വസ്തതാപൂർവം അവയെല്ലാം പൂർത്തിയാക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.