വി. ജോൺ മരിയ വിയാനി

———————–

വൈദികരുടെ മദ്ധ്യസ്ഥനായ വി. വിയാനിയുടെ തിരുനാൾ, പൗരോഹിത്യം എന്ന കൂദാശയും പുരോഹിതർ എന്ന ഗണവും ഒരുപോലെ അവഹേളിക്കപ്പെടുന്ന ഒരു കാലഘട്ടത്തിൽ, ഒരിക്കൽക്കൂടി ആഘോഷിക്കപ്പെടുന്നു.

ക്രിസ്ത്യാനിയുടെ വിശ്വാസ തീർത്ഥയാത്ര ആരംഭിക്കുന്നത് മാമോദീസ സ്വീകരണത്തിലൂടെ ദേവാലയത്തിൽ വച്ചായിരിക്കുന്നതുപോലെ തന്നെ അവസാനിക്കുന്നതും ദേവാലയത്തോട് യാത്ര പറഞ്ഞുകൊണ്ടാണ്. അവന്റെ വിശ്വാസ ജീവിത യാത്രയിൽ ആദ്യ അവസാനം കൂടെ സഞ്ചരിക്കുന്ന ഏക കൂട്ടർ പുരോഹിതരാണെന്ന സത്യം ഉൾക്കൊണ്ടുകൊണ്ട് തന്നെ അവർക്കു വേണ്ടി പ്രാർത്ഥിക്കാനും ഇത്തിരി സ്നേഹത്തോടെ അവരെ സമീപിക്കാനും മാനുഷിക പരിഗണനയോടെ അവരെ നോക്കി കാണാനും ഈ തിരുനാൾ നമ്മെ ഓർമിപ്പിക്കുന്നു.

സ്വന്തം വിളിയുടെ മഹത്വവും വിളിച്ചവന്റെ കരുണയും മറന്ന് സമൂഹത്തിന് ഉതപ്പിന് കാരണമായി ദൈവത്തെയും മനുഷ്യനെയും മാനിക്കാതെ ജീവിക്കുന്ന സമർപ്പിതരെയും ഒരു പക്ഷേ പാതയോരത്ത് കണ്ടുമുട്ടിയേക്കാം. അനുഭാവത്തോടെയും അനുകമ്പയോടെയും ആവട്ടെ അവരെ നോക്കിക്കണേണ്ടത്. കൂടുതൽ തീഷ്ണതയോടെ പ്രാർത്ഥിക്കാൻ സാധിക്കട്ടെ അവരുടെ അക്ഷികളിൽ ജ്ഞാനത്തിന്റെ അഞ്ജനം പൂശപ്പെടുവാൻ. ലഭിച്ചിരിക്കുന്ന മുത്തുകൾ ലൗകികതയുടെയും നിഷേധാത്മകതയുടെയും കുപ്പയിലേക്ക് എറിഞ്ഞു കളയാതിരിക്കാനുമുള്ള വിവേകം നൽകണമേയെന്നാവട്ടെ ക്രിസ്തുനാമത്തിൽ നമ്മുടെ പ്രാർത്ഥന. വീണവന്റെ വീഴ്ച ആഘോഷിക്കുന്നതിനേക്കാൾ വിളിക്കപ്പെട്ടവരുടെ നിലനിൽപിന് വേണ്ടി ദൈവ സന്നിധിയിൽ കരങ്ങൾ കൂപ്പാൻ സാധിക്കണം ; അതാണല്ലോ വിവേകവും ആവശ്യവും ഉത്തരവാദിത്വവും.

കഴിവും മികവുമുള്ള അച്ചന്മാരെ തേടുന്ന സമൂഹത്തിന് മുന്നിൽ കഴിവില്ലാത്ത വിയാനി അച്ചൻ ഓർമപ്പെടുത്തലാണ് . ലോകം അംഗീകരിക്കുന്ന കഴിവുകളല്ല ദൈവത്തിന്റെ സമ്മാനപ്പൊതിയിൽ കാത്തുവച്ചിരിക്കുന്നതെന്ന തിരിച്ചറിവിന്റെ ഓർമപ്പെടുത്തൽ. ഒപ്പം തന്നെ, അച്ചന്മാരുടെ ചെവിതിന്നുന്ന ഉപഗ്രഹങ്ങൾക്ക് അച്ചൻ നല്ലവനും മിടുക്കനും ആകുന്നത് തങ്ങളുടെ പാട്ടിനനുസരിച്ചു അടുമ്പോഴാണല്ലോ. അങ്ങനെ പാടുന്നവർക്കും ആടുന്നവർക്കും എന്നും ഒരു ചൂണ്ടുപലകയാണ് അൽത്താരയിലും കുമ്പസാരകൂട്ടിലും ജീവിതം തീർത്ത വിയാനി അച്ചന്റെ ജീവിതം.

വൈദികരുടെ മാധ്യസ്ഥന്റെ തിരുനാൾ ദിനം നമുക്ക് പ്രാർത്ഥിക്കാം നമ്മുടെ വിശ്വാസജീവിതത്തിന്റെ ഭാഗമായ അച്ചന്മാർക്ക് വേണ്ടി. സമൂഹത്തിന്റെ പൊതുമുതലായവരെ പ്രൈവറ്റൈസ് ചെയ്യുവാൻ പരിശ്രമിക്കില്ലന്ന് തീരുമാനമെടുക്കാം.

എല്ലാ ദിവസവും ഒരു സ്വർഗസ്ഥനായ പിതാവും മൂന്ന് നന്മ നിറഞ്ഞ മറിയവും ചൊല്ലി വൈദികരുടെ റാണിയായി പരി.അമ്മയോട് പ്രാർത്ഥിക്കുമെന്നും തീരുമാനമെടുക്കാം.

അച്ചന്മാർക്കുള്ള നമ്മുടെ സമ്മാനം ഇതാവട്ടെ.

സ്നേഹത്തോടെ, പ്രാർത്ഥനയോടെ

✍️Ben Joseph

പ്രിയപ്പെട്ട എല്ലാ വൈദികർക്കും വേണ്ടി പ്രാർത്ഥിക്കുന്നു .

മംഗളവാർത്ത മാധ്യമ പ്രേഷിത സമിതിയുടെ പ്രാർത്ഥനകളും ആശംസകളും .

നിങ്ങൾ വിട്ടുപോയത്