മലയാളി പണ്ടേ പൊളിയാണ് വലിച്ചെറിയലുകളുടെ കാര്യത്തിൽ പറയാനുമില്ല.
കയ്യിൽ കിട്ടുന്നതെന്തും അവനവനു വേണ്ടെന്ന് തോന്നിയാൽ പിന്നൊന്നും നോക്കില്ല, നടു റോഡിലേക്ക് എങ്കിൽ അങ്ങോട്ട്, പുഴയിലേക്ക് എങ്കിൽ അങ്ങനെ, മാലിന്യ കൂമ്പാരത്തിലേക്കോ അപരന്റെ അടുക്കളപ്പറമ്പിലേക്കോ എങ്ങോട്ടായാലും കുഴപ്പമില്ല.. സ്വന്തം കയ്യിൽ നിന്ന് ഒഴിവാക്കുക എന്നതാണ് പ്രമാണം
ഈ തനി സ്വഭാവത്തിന്റെ ഏറ്റവും മാരക വേർഷൻ വലിച്ചെറിയൽ ആണ് ഇന്നലെ പനമ്പിള്ളി നഗറിലെ ഫ്ലാറ്റിൽ നടന്നത്. ഇതിലും ഭയാനകമായതൊന്നും നമ്മുടെ സാംസ്കാരിക കേരളത്തിൽ ഇനി സംഭവിക്കാൻ ഇല്ലാത്തതു കൊണ്ടാണ് മാരകം എന്ന് പറയേണ്ടി വന്നത്.
നാല് കാര്യങ്ങളാണ് പത്രം വായിച്ചപ്പോ മനസിലായത്.
1. 23 വയസ്സുള്ള അവിവാഹിത ആണത്രേ,
2. അവൾ ഗർഭിണി ആയിരുന്നെന്നു മാതാപിതാക്കൾ അറിഞ്ഞിരുന്നില്ലത്രേ
3. ലൈംഗികമായി അവൾ ഉപയോഗിക്കപ്പെട്ടിരുന്നത്രെ
4. തൃശൂരുകാരൻ സുഹൃത്ത് ആണത്രേ ഗർഭത്തിന്റെ ഉടമസ്ഥൻ.
കേരളത്തിൽ പെരുകുന്ന മൂല്യശോഷണവും കുടുംബ ബന്ധങ്ങളിൽ വന്ന തകർച്ചയും താറുമാറായ സുഹൃദ് ബന്ധങ്ങളും ഒക്കെ ഒറ്റ നോട്ടത്തിൽ വായിച്ചെടുക്കാൻ പറ്റുന്ന സംഭവം ആണ് നടന്നത്.
വേണ്ടാത്തത് എല്ലാം വലിച്ചെറിഞ്ഞു വലിച്ചെറിഞ്ഞ് ഇപ്പോൾ ജീവനെ തന്നെ സ്വന്തം ശരീരത്തിൽ നിന്ന് മുറിച്ചെടുത്ത് വലിച്ചെറിയുന്ന പ്രാകൃത സംസ്കാരത്തിലേക്ക് കേരളം കൂപ്പു കുത്തിപ്പോയി.
മക്കൾ പ്രായമായ മാതാപിതാക്കളെ വലിച്ചെറിയുന്നു, ഭർത്താവ് കാമുകിക്ക് വേണ്ടി ഭാര്യയെ വലിച്ചെറിയുന്നു, ഭാര്യ കാമുകനു വേണ്ടി ഭർത്താവിനെയും കുഞ്ഞുങ്ങളെയും വലിച്ചെറിയുന്നു..
എന്ത് കൊണ്ടാണ് മനുഷ്യത്വം നശിച്ച ഒരു തലമുറ രൂപപ്പെട്ടു വരുന്നത് എന്ന ചോദ്യത്തിന് ആര് ഉത്തരം നൽകും?
മനുഷ്യ ജീവന് എന്ത് വിലയാണ് നമ്മൾ നൽകുന്നത്. ബോഡി എന്റെ ആകാം, റൈറ്റും എന്റെ ആകാം.. പക്ഷെ കുറച്ചു കടമകൾ കൂടി എന്റേത് ആയി ഉണ്ടാകേണ്ടതല്ലേ?
അവിവാഹിതരായ മക്കൾ ഗർഭിണികൾ ആകുന്നത് മാതാപിതാക്കൾ അറിയാത്തത് എന്തുകൊണ്ടാണ്? അവിവാഹിതരായ പെൺകുട്ടികൾ ഗർഭിണികൾ ആകുന്നത് എങ്ങനെ?
സൗഹൃദങ്ങൾ കൊലപാതകങ്ങളിൽ അവസാനിക്കുന്നത് എന്തുകൊണ്ട്? എല്ലാത്തിനും ഉത്തരം വേണ്ടേ?
ജീവനെ ആണോ വലിച്ചെറിയേണ്ടത്?
അതോ… മദ്യം, MDMA,മറ്റു ലഹരി പദാർത്ഥങ്ങൾ.. Living Together Culture, Age of 18 Freedom, ഈ വക ട്രെന്റ് എന്ന് New ജനറേഷൻ കരുതുന്ന ഊഡായിപ്പുകളെ ആണോ വലിച്ചെറിഞ്ഞു കളയേണ്ടത്.?
അഞ്ചാം നിലയിൽ നിന്ന് ആമസോൺ കവറിൽ പൊതിഞ്ഞു വലിച്ചെറിഞ്ഞ ജീവനെ കണ്ടപ്പോൾ.. ആമസോൺ കാട്ടിലൂടെ ഒരു വയസ്സ് പോലും ആകാത്ത കുഞ്ഞനിയൻ അടക്കം മൂന്നു സഹോദരങ്ങളെ അടുക്കി പിടിച്ച് നാല്പത് ദിവസം കഴിച്ച് കൂട്ടിയ അന്നത്തെ പെൺകുട്ടിയെ ഓർമ വരുന്നു.. എന്തൊരു വിരോധാഭാസം ആണ്
” ഇങ്ങോട്ട് തന്നു കൂടായിരുന്നോ ആ പൈതലിനെ” ഇന്നലെയും ഇന്നുമായി ഏറ്റവും കൂടുതൽ കേട്ട തേങ്ങലാണ് ഈ വാക്കുകൾ..
ഡ്രൈവർ ജിതിൻ കുമാറിനെ നന്ദിയോടെ ഓർക്കുന്നു. ചതഞ്ഞരഞ്ഞ മാംസകഷണങ്ങൾ ആയി മനുഷ്യൻ എന്ന് തിരിച്ചറിയാൻ പറ്റാതെ ആകും മുൻപ് ആ കുഞ്ഞു മോനെ തിരിച്ചറിഞ്ഞു വേണ്ടത് ചെയ്യാനുള്ള മാലാഖ ജിതിനിൽ ഉണ്ടായല്ലോ ( മനുഷ്യത്വം എന്ന് ഉപയോഗിക്കാൻ തോന്നുന്നില്ല ) കേരളത്തിൽ ഇനി മനുഷ്യത്വം ഉള്ളവരേക്കാൾ മാലാഖമാരുടെ മനസ്സ് ഉള്ളവരെ ആണ് ആവശ്യം..
ജിതിൻ സൂക്ഷിക്കണം.. ആ കുഞ്ഞിന്റെ പിതൃത്വം ഈ ലോകം ചിലപ്പോൾ ജിതിന്റെ തലയിൽ വച്ചു കെട്ടി തന്നെന്നിരിക്കും ഭയപ്പെടരുത്..വിഷമിക്കുകയോ മനസിലെ നന്മ കെടുത്തിക്കളയുകയോ ചെയ്യരുത്.
അനുഭവത്തിൽ നിന്നാണ് സന്യാസിനി ആയ ഞാൻ പറയുന്നത്..
കത്തോലിക്കാ സഭയിൽ സന്യാസിനികൾ നടത്തുന്ന അനാഥാലയങ്ങളിലും, പിഞ്ചു കുഞ്ഞുങ്ങളുടെ സംരക്ഷണ കേന്ദ്രങ്ങളിലും ഒക്കെ വളരുന്ന കുഞ്ഞുങ്ങൾ ഞങ്ങൾക്ക് അവിഹിത ബന്ധത്തിൽ ഉണ്ടായതാണെന്ന് ആണ് നമ്മുടെ സാംസ്‌കാരിക കേരളത്തിലെ വിമർശന നായകർ പറയുന്നത്.. ഞങ്ങൾക്ക് അത് കേൾക്കുന്നതിൽ വിഷമം ഇല്ല… പക്ഷെ ജിതിന്റെ കാര്യം അങ്ങനെ അല്ലല്ലോ..
ദൈവമേ.. ആ കുഞ്ഞനുഭവിച്ച കൊടും ക്രൂരതയുടെയും, വേദനയുടെയും പാപം ഞങ്ങളുടെ തലയിൽ വീഴാതിരിക്കാൻ എന്ത് പ്രായശ്ചിത്തം ആണ് മനസാക്ഷിയുള്ള ഞങ്ങൾ ചെയ്യേണ്ടത്!!
വെറുതെ അല്ല കേരളം ചുട്ടു പൊള്ളുന്നത്… പൊള്ളണം ഇനിയും പൊള്ളണം എങ്കിലേ… ചെയ്തതിനെല്ലാം പരിഹാരം ആകൂ..
കുഞ്ഞേ മാപ്പ്..
Josia P. SD
കൊച്ചിയിൽ കൊച്ചു കുഞ്ഞിനെ അമ്മ കൊന്നതിൽ സമൂഹം വേദനിക്കുന്നു. ഈ സാഹചര്യത്തിൽ, “കുഞ്ഞിനും ജീവിക്കാൻ അവകാശം ഉണ്ട്” -എന്ന സന്ദേശം നമുക്ക് നൽകാം. “അരുതേ ഭ്രുണഹത്യയുംകൊലപാതകവും “- എന്ന പേരിൽ ഒരു ക്യാമ്പയിൻ നടത്തിയാലോ? എന്ന് പ്രൊ ലൈഫ് ചിന്തിക്കുന്നു. എല്ലാവരുടെയും, പ്രാർത്ഥനയും,പിന്തുണ അഭ്യർത്ഥിക്കുന്നു.
കുഞ്ഞിനും ജീവിക്കാൻ അവകാശമുണ്ടെന്നുമാത്രമല്ല, *ശിശുഹത്യയും ഭ്രൂണഹത്യയും ഒരുപോലെ നരഹത്യയും കൊലപാതകവുമാണ് *
സാബു ജോസ്.9446329343