ഇക്കാലഘട്ടത്തിൽ ഓരോ വിശ്വാസിയും ഹൃദയവിചാരത്തോടെ പ്രാർത്ഥിക്കേണ്ടത് പരിശുദ്ധാത്മാവിന്റെ ശക്തി വെളിപ്പെടാനും നിറയുവാനും വേണ്ടിയാണ്. പുതിയ അഭിഷേകത്തിന്റെ അതിശക്തമായ ശുശ്രൂഷ തുറക്കപ്പെടുന്നതിന്റെ കാലഘട്ടത്തിലേക്ക് ദൈവാത്മാവ് നമ്മെ നയിക്കുകയാണ്. ദൈവത്തിന്റെ ശക്തി മനുഷ്യന് വർണിക്കുവാനോ വിവരിക്കുവാനോ സാധ്യമല്ല. ആ ദൈവത്തിന്റെ ശക്തിയിൽ നിറഞ്ഞാണ് പൂർവ പ്രവാചകന്മാരായ മോശയും, സാംസണും, ഏലിയായും, ദാനീയേലും, ഏലീശായും ഒക്കെ അതിശക്തമായ ദൈവ പ്രവർത്തികൾ സമൂഹമധ്യത്തിൽ ചെയ്തത്. ഈ കാലഘട്ടത്തിലും വേണ്ടത് അതിശക്തമായ ആത്മ നിറവ് ആണ്. അതിനായി നമ്മൾ വില കൊടുക്കണം. വിലയുള്ളത് ലഭിക്കണമെങ്കിൽ വിലയുള്ളത് കൊടുക്കണം
പഴയനിയമ കാലഘട്ടത്തിൽ ദൈവത്തിൻറെ പ്രത്യക്ഷതയിൽ കൂടിയായിരുന്നു ദൈവ പ്രവർത്തികൾ നടന്നിരുന്നത്. എന്നാൽ പുതിയ നിയമ കാലഘട്ടത്തിൽ ദൈവ പ്രവർത്തികൾപരിശുദ്ധാത്മാവിന്റെ ശക്തിയിൽ കൂടിയാണ് വെളിപ്പെടുന്നത്. എല്ലാ പരാജയങ്ങളിലും എല്ലാ ബലഹീനതകളിലും പ്രവർത്തിക്കുന്ന ആ ആത്മാവിനുവേണ്ടിയാണ് നാം കാത്തിരിക്കേണ്ടത്. അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവികശക്തി നിറയുവാൻ, ആത്മാവിന്റെ അഭിഷേകത്തിനു വേണ്ടി നമുക്ക് ഒരുമയോടെ കാത്തിരിക്കാം. ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്. കുരിശിൽ വച്ച് തന്റെ ആത്മാവിനെ ലോകം മുഴുവനിലേക്കും ഈശോ അളവില്ലാതെ വർഷിച്ചു.
നമ്മെ മൂടിയിരിക്കുന്ന ബന്ധനങ്ങൾ അഴിക്കുന്നതിനും, അശുദ്ധി വിട്ടുപോകുന്നതിനും പൈശാചിക ശക്തി വിട്ടുപോകുന്നതിനും, രോഗങ്ങൾ വിട്ടുമാറുന്നതും ദൈവശക്തിയിലാണ്. നമ്മുടെ മുന്നോട്ടുള്ള നമ്മുടെ ജീവിതത്തിൽ ദൈവശക്തി നിറയുവാൻ ഉപവാസത്തോടും പ്രാർത്ഥനയോടെയും നമ്മുടെ ആത്മീയ ജീവിതത്തെ നമുക്ക് നയിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.