O Lord, be not far from me!“
(Psalm 35:22)
ലോകത്തിന്റെ രീതിക്കനുസരിച്ച് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നമുക്ക് പലപ്പോഴും ദൈവത്തിന്റെ രീതികൾ മനസ്സിലാക്കാൻ സാധിച്ചുവെന്ന് വരികയില്ല. ഇനി അഥവാ മനസ്സിലായാൽ തന്നെ അവയെ അംഗീകരിക്കാൻ നമുക്കാവണമെന്നു നിർബന്ധമില്ല, കാരണം, അവ പലപ്പോഴും ആഗ്രഹങ്ങൾക്കും പദ്ധതികൾക്കും അനുരൂപമായവ അല്ലായിരിക്കും. ഇതുകൊണ്ടാണ്, നല്ലകാലങ്ങളിൽ ദൈവത്തിന്റെ പദ്ധതികൾ നമ്മൾ സന്തോഷപൂർവം കൈനീട്ടി വാങ്ങുന്നതും, ബുദ്ധിമുട്ടുകളിലും വേദനകളിലും ദൈവം നമ്മോടുകൂടെ ഉണ്ടോ എന്ന് സംശയിക്കുന്നതും.
എല്ലാക്കാലങ്ങളിലും സന്തോഷത്തിലും സങ്കടങ്ങളിലും നമ്മുടെ കൈപിടിച്ച് നമ്മോടൊപ്പം നടക്കാൻ ആഗ്രഹിക്കുന്ന ദൈവത്തിന്റെ വ്യക്തിത്വമാണ് മറിയത്തിന്റെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ രൂപമെടുത്ത യേശുക്രിസ്തു. ദൈവം നമ്മെ ഒരിക്കലും ഒറ്റയ്ക്കാക്കി മാറിനിൽക്കുന്നില്ല; മറിച്ച്, നമ്മോടുകൂടെ സദാ ആയിരിക്കുവാൻ അവിടുത്തെ ഏകജാതനെ നമുക്കായി നൽകി, അവന്റെ പേര് ഇമ്മാനുവേൽ എന്നാണ്. ഇമ്മാനുവേൽ എന്ന പേരിന്റെ അർത്ഥം ദൈവം നമ്മോടുകൂടെ ഉണ്ട് എന്നാണ്. നമ്മോടു കൂടെയുള്ള ദൈവം ഒരിക്കലും നമ്മെ തനിച്ചാക്കി മാറി നിൽക്കുന്നില്ല
ജീവിതത്തിൽ പലപ്പോഴും നമ്മുടെ പ്രതിസന്ധി കാലഘട്ടങ്ങളിൽ നമുക്ക് തോന്നിയേക്കാം ദൈവം നമ്മുടെ കൂടെ ഇല്ലെന്ന് എന്നാൽ ദൈവം നമ്മുടെ കൂടെ തന്നെ ഉണ്ട് അവൻ നമ്മെ ഒരിക്കലും തനിച്ചാക്കി മാറിനിൽക്കുന്നവനല്ല. ഇന്നത്തെ യുവതലമുറ പലപ്പോഴും സ്വന്തം നാടു വിട്ടു മറ്റ് സ്ഥലങ്ങളിലേയ്ക്ക് കുടിയേറാറുണ്ട് ഉണ്ട് ആ കുടിയേറുമ്പോൾ പല ഒറ്റപ്പെടലുകൾ അനുഭവിക്കാറുണ്ട് ആ ഒറ്റപ്പെടലുകൾ സഹിച്ചും അവർ പിടിച്ചു നിൽക്കുന്നതു ജീവിതത്തിന്റെ വളർച്ചയ്ക്കു വേണ്ടി ആണ്. അതുപോലെ നമ്മുടെ ജീവിതത്തിൽ പലപ്പോഴും ദൈവം അനുവദിക്കുന്ന ഒറ്റപ്പെടലുകൾ നേരിടേണ്ടിവന്നേക്കാം എന്നാൽ ഈ ഒറ്റപ്പെടലുകൾ ഒന്നും നമ്മെ തളർത്താൻ അല്ല വളർത്താനാണ്. കർത്താവേ എന്ന ഒരു വിളി മാത്രം മതി അവൻ നമ്മുടെ അടുത്ത് ഓടി എത്തും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.