Teach me your way, O Lord, and lead me on a level path because of my enemies.“

‭‭(Psalm‬ ‭27‬:‭11‬) ✝️

ജീവിതത്തിൽ നാം കർത്താവിനോട് ചോദിക്കണം ദൈവമേ അങ്ങയുടെ വഴികളിലൂടെ സഞ്ചരിക്കാനുള്ള കൃപയും സഞ്ചരിക്കാനുള്ള മാർഗങ്ങളും എനിക്ക് കാണിച്ച് തരണമേ എന്ന്. പുറപ്പാട് ലേഖനത്തിൽ ഇസായേൽ ജനതയെ ദൈവം വഴി കാണിച്ചു. പുറപ്പാട് 13:21 ൽ പറയുന്നു, രാവും പകലും യാത്ര ചെയ്യാനാവും വിധം പകല്‍ വഴികാട്ടാന്‍ ഒരു മേഘസ്തംഭത്തിലും, രാത്രിയില്‍ പ്രകാശം നല്കാന്‍ ഒരു അഗ്‌നിസ്തംഭത്തിലും കര്‍ത്താവ് അവര്‍ക്കു മുന്‍പേ പോയിരുന്നു. ദൈവം തന്റെ ജനത്തോടൊപ്പമുണ്ട്‌ എന്നതിന്റെ സൂചനയായിരുന്നു ആ അഗ്നിമേഘസ്‌തംഭം. അത്‌ ദൈവസാന്നിധ്യത്തിന്റെ തെളിവായിരുന്നു; പലപ്പോഴും അഗ്നി മേഘസ്‌തംഭത്തിലൂടെ ദൈവം അവരോടു സംസാരിച്ചു

നേരായ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ മുന്നിലുള്ള തടസങ്ങളെ കാണുവാൻ സാധിക്കും. അങ്ങനെ മുന്നിലുള്ള സാത്താന്റെ തടസങ്ങളിൽ തട്ടി വീഴാതെ നമ്മൾക്ക് എളുപ്പം സഞ്ചരിക്കുവാൻ സാധിക്കും. ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ സംഭവിക്കുന്നത് നേരായ വഴികളിൽ കൂടി സഞ്ചരിക്കുമ്പോൾ അല്ല മറിച്ച് വളവും തിരിവും ഉള്ള വഴികളിൽ കൂടി സഞ്ചരിക്കുമ്പോഴാണ് അതിന് കാരണം വളവും തിരുവുള്ള വഴികളിൽ കൂടി സഞ്ചരിക്കുമ്പോൾ മുന്നിലുള്ള തടസ്സങ്ങൾ നമുക്ക് കാണാൻ കഴിയാത്തതുകൊണ്ടാണ് അപകടത്തിൽപ്പെടുന്നത്. നാം സഞ്ചരിക്കുന്ന വഴികളിൽ പതിയിരിക്കുന്ന അപകടങ്ങളിൽ നിന്ന് കർത്താവേ രക്ഷിക്കണമെന്ന് പ്രാർത്ഥിക്കാം

നമുക്കു പ്രധാനമെന്നു തോന്നുന്നവ മാത്രമല്ല, ജീവിതത്തിൽ തിരഞ്ഞെടുക്കുന്ന സകല വഴികളും വളരെ പ്രധാനപ്പെട്ടവ തന്നെ. നമ്മുടെ നന്മയും തിന്മയും ഭാവിയും ഉയര്‍ച്ചയും താഴ്ചയും നിര്‍ണയിക്കുന്നതില്‍ നാം തിരഞ്ഞെടുക്കുന്ന വഴികൾക്ക് അനിഷേധ്യ സ്ഥാനമുണ്ട്. തന്മൂലം നാം തിരഞ്ഞെടുക്കുന്ന വഴികൾ വലുതോ ചെറുതോ ആയിക്കൊള്ളട്ടെ. അവ എടുക്കും മുമ്പ് ഉറപ്പുവരുത്തണം എന്റെ ദൈവം ഞാന്‍ ഇപ്പോള്‍ ഇങ്ങനെ ആയിരിക്കാനാണോ ആഗ്രഹിക്കുന്നത് എന്ന്. നാം ഓരോരുത്തരുടെയും ജീവിതത്തിൽ തിരഞ്ഞെടുക്കുന്ന ഏതു വഴികളെയും കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കാം.ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ❤️

നിങ്ങൾ വിട്ടുപോയത്