ആ മനുഷ്യൻ നീ തന്നെ (2 സാമുവേൽ 12: 7)
ഇത് ദനഹാക്കാലമാണ്. ഈശോമിശിഹാ ലോകത്തിന് വെളിപ്പെടുത്തപ്പെട്ട രക്ഷാകര രഹസ്യം ധ്യാനിക്കുന്ന കാലം.

എന്നാൽ സീറോ മലബാർ സഭയെ സംബന്ധിച്ച് ഈ കാലം നാണക്കേടുകളുടെ കാലം കൂടിയാണ്. കാലങ്ങൾ ഏറെ കഴിഞ്ഞാലും ഈ സഭയുടെ മക്കൾക്ക് മറക്കാനാവാത്ത മുറിവ് സഭാമക്കളിൽ ചിലർ നൽകിയ കാലമാണ് 2025 ദനഹാക്കാലം. വന്ദ്യ വയോധികനായ ഒരു വൈദികനെ പരി. കുർബാന അർപ്പിക്കുന്ന വേളയിൽ മദ്ബഹായിൽ നിന്ന് മർദ്ദിച്ച് വലിച്ചിഴക്കി കൊണ്ടുപോയി തള്ളിയിടുന്നതും ബലിപീഠം അശുദ്ധമാക്കുന്നതുമായ ദൃശ്യം ലോകം മുഴുവൻ കണ്ട കാലമാണിത്. ലോകം അതു കണ്ടു എങ്കിലും ആ വൈദികൻ അംഗമായ സീറോ മലബാർ സഭയുടെ സിനഡ് നേതൃത്വം അത് കണ്ടതായി ഭാവിച്ചില്ല. (നാൽപ്പത്തിഎട്ട് മണിക്കൂറുകൾക്ക് ശേഷം ഇന്ന് പ്രതികരണങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു )
“അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം” എന്നു പറഞ്ഞ തോമ്മാ ശ്ലീഹായുടെ പിൻഗാമികളായ സീറോ മലബാർ മെത്രാന്മാർ സഭയെ ധീരമായി നയിക്കാൻ പരാജയപ്പെടുന്ന ദയനീയ കാഴ്ചയാണ് കഴിഞ്ഞ കുറെ വർഷങ്ങളായി കാണുന്നത്. അവരുടെ ദയനീയ പരാജയത്തിൻ്റെ ഏറ്റവും അവസാന ഉദാഹരണമാണ് എറണാകുളം അതിരൂപതയിൽ പ്രസാദഗിരി പള്ളിയിൽ ബഹു . തോട്ടുപുറം അച്ചന് സംഭവിച്ച പീഡനവും അതിനോട് സീറോ മലബാർ മെത്രാന്മാർ കാണിച്ച നാണം കെട്ട നിശബ്ദതയും നിസംഗതയും.
യോഹന്നാൻ മാംദാന ദനഹാ കാലത്തിലെ പ്രധാന ധ്യാന വിഷയമാണ്. ദനഹാക്കാലം ഒന്നാം വെള്ളി യോഹന്നാൻ മാംദാനയുടെ തിരുനാളായി സീറോ മലബാർ സഭ ആചരിക്കുന്നു.
മരുഭൂമിയിലാണ് യോഹന്നാൻ്റെ വാസം. മരുഭുമിയിൽ വിളിച്ചു പറയുന്നവൻ്റെ ശബ്ദമാണ് യോഹന്നാൻ (മത്തായി 3:3).
മരുഭൂമിയിൽ വസിക്കുന്ന യോഹന്നാൻ വല്ലപ്പോഴുമാണ് പുറത്തിറങ്ങുന്നത്.
കർത്താവിന് വഴിയൊരുക്കാനും (മത്താ: 3: 1-12 ) കർത്താവിന് മാമോദീസാ നൽകാനും (മത്താ: 3:13-17) കർത്താവിന് സാക്ഷ്യം നൽകാനും (യോഹന്നാൻ 1:19-34) യോഹന്നാൻ മരുഭൂമിയിൽ നിന്ന് വന്നു…
പിന്നീട് യോഹന്നാൻ മരുഭൂമിയിൽ നിന്ന് പുറത്തു വരുന്നത് വലിയ ഒരു അനീതിക്ക് എതിരെ സംസാരിക്കാനാണ്. ഹേറോദേസ് സഹോദര ഭാര്യയെ സ്വന്തമാക്കിയത് തെറ്റാണ് എന്ന് പറയാനാണ് യോഹന്നാൻ വന്നത് (മത്തായി 14: 3 – 4). ഇത് അദ്ദേഹത്തിൻ്റെ അവസാന വരവായിരുന്നു.. അനീതിക്കെതിരെ ശബ്ദമുയർത്തി , സത്യം തുറന്നു പറഞ്ഞ ധീരനായ യോഹന്നാന് തല നഷ്ടപ്പെട്ടു… ദൈവപുരുഷന്മാർ യോഹന്നാനെപ്പോലെ ധീരരായി സത്യം തുറന്നു പറയേണ്ടവരും സത്യത്തിനു വേണ്ടി നിലകൊള്ളേണ്ടവരുമാണ്..
സത്യത്തിൽ സീറോ മലബാർ സഭയുടെ നേതൃത്വത്തിന് ഇല്ലാത്തത് യോഹന്നാൻ്റെ മരുഭുമി അനുഭവമാണ്. ആദിമ സന്യാസ ചൈതന്യമാണ് മരുഭുമിയിൽ ലഭിക്കുന്നത്. സന്യാസ ചൈതന്യമില്ലാത്ത മെത്രാന്മാർ ഭീരുക്കളും വിശ്വാസ തീഷ്ണതയില്ലാത്തവരുമാകും.. ആഴമായ പ്രാർത്ഥനയുടെയും ഉപവാസത്തിൻ്റെയും കുറവും സഭാപിതാക്കന്മാരുടെ വചന/ കുർബാന വ്യാഖ്യാനങ്ങളെ ധ്യാനിക്കുന്നതിൽ വരുത്തുന്ന അലംഭാവവും മെത്രാന്മാരെ ഭീരുക്കളുടെ കൂട്ടമാക്കി..
സഭാ താത്പര്യങ്ങൾക്കുപരി വ്യക്തി താത്പര്യങ്ങൾക്കും രൂപതാ താത്പര്യങ്ങൾക്കും സിനഡ് പിതാക്കന്മാരിൽ പലരും മുൻഗണന കൊടുത്തു.. സിനഡിൽ ഇടവും വലവും ഇരിക്കുന്നവർ വിമത ശീശ്മയെ പ്രോത്സാഹിപ്പിക്കുന്നതും തെറ്റിനെ മറ കൂടാതെ പിന്തുണക്കുന്നതും കണ്ടില്ല എന്ന് അവർ നടിച്ചു. യോഹന്നാൻ മാംദാനയെപ്പോലെ “നീ ചെയ്യുന്നത് ശരിയല്ല” എന്ന് തുറന്നു പറയാതെ ഒഴിഞ്ഞു മാറി, സ്വന്തം ഇമേജ് സംരക്ഷിച്ചു..
ഏകീകൃത കുർബാനയുടെ പേരിൽ ശ്ലൈഹിക പരി. കുർബാനയർപ്പണം (മദ്ബഹാഭിമുഖം) നഷ്ടപ്പെട്ടപ്പോൾ നിങ്ങൾക്ക് വേദനിച്ചില്ല. വേദനിച്ചവരെ നിശബ്ദരാക്കി.
ഏകീകൃത കുർബാന നടപ്പിലാക്കുന്നതിനെക്കുറിച്ച് സർക്കുലറുകൾ ഇറക്കിയപ്പോഴും “മാർപാപ്പാ പറഞ്ഞതു കൊണ്ട് അനുസരിക്കുന്നു” എന്ന പല്ലവി ആവർത്തിച്ചു. അതിനർത്ഥം എന്താണ് ? ഞങ്ങൾക്ക് താത്പര്യമില്ല കേട്ടോ ! മാർപാപ്പാ പറഞ്ഞതു കൊണ്ട് വേറെ നിവൃത്തിയില്ല എന്നല്ലെ ? ദേഹത്ത് ചെളി പറ്റാതെ ഫലം കൊയ്യാൻ ശ്രമിച്ചാൽ എന്ത് സംഭവിക്കും ?
പണ്ട് സഭാതലവനെ തെരുവിൽ തെറി വിളിച്ചപ്പോൾ നിങ്ങൾ അനങ്ങിയില്ല !
സഭാ തലവൻ്റെയും മാർപാപ്പായുടെ പ്രതിനിധിയുടെയും കോലങ്ങൾ കത്തിച്ചപ്പോഴും നിങ്ങൾ നിശബ്ദത പൂണ്ടു ! വ്യാജരേഖ ചമച്ചപ്പോൾ നിങ്ങൾ അനങ്ങിയില്ല ! റിലേ കുർബാന നടന്നപ്പോഴും നിങ്ങൾ മൗനത്തിലാണ്ടു ! ഇതാ ഇപ്പോൾ വീണ്ടും ബലിപീഠം അശുദ്ധമാക്കപ്പെട്ടപ്പോഴും വൃദ്ധ വൈദികൻ ആക്രമിക്കപ്പെട്ടപ്പോഴും നിങ്ങൾ കണ്ടില്ല എന്ന് നടിക്കുന്നു !
സീറോ മലബാർ സഭയിൽ
മെത്രാഭിഷേക കർമ്മങ്ങൾ ആരംഭിക്കുന്നത് രക്തസാക്ഷികളുടെ തിരുശേഷിപ്പ് ചുംബിച്ചു കൊണ്ടാണ്. മെത്രാന്മാർ ധരിക്കുന്ന ചുവന്ന അരപ്പട്ട രക്തസാക്ഷിത്വത്തിൻ്റെ പ്രതീകമാണ്. പക്ഷേ സീറോ മലബാർ മെത്രാന്മാർക്ക് രക്തസാക്ഷിത്വത്തെക്കാൾ സമവായവും , സത്യവിശ്വാസത്തെക്കാൾ മായം ചേർത്ത വിശ്വാസവും, ഒക്കെയാണ് പ്രിയം എന്ന് ജനം വിലയിരുത്തിക്കഴിഞ്ഞു… ഭീരുക്കളായ ഇടയന്മാർ ചെന്നായ വരുമ്പോൾ ഓടിപ്പോകുന്നതിനെക്കുറിച്ച് കർത്താവ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടല്ലോ… ഭീരുക്കളായ നേതൃത്വത്തിൻ്റെ കീഴിൽ ആടുകൾ ഭയപ്പെട്ട് കഴിയുന്ന അവസ്ഥയാണ് ഇന്ന് സീറോ മലബാർ സഭയ്ക്ക്.

ശരീരത്തിൽ ഒരു മുറിവ് പഴുത്താൽ അത് കീറി, കഴുകി വൃത്തിയാക്കി മരുന്നുകൾ വച്ച് ശുശ്രുഷിച്ചെങ്കിൽ മാത്രമേ ആ മുറിവ് കരിയുകയുള്ളൂ…. അല്ലെങ്കിൽ അത് നിരന്തരം വേദനിച്ചു കൊണ്ടിരിക്കും.. മുറിവ് ശുശ്രൂഷിക്കുമ്പോൾ വേദനയുണ്ടാകും. ആ വേദന സഹിച്ചെങ്കിൽ മാത്രമേ മുറിവ് സുഖപ്പെടൂ. സീറോ മലബാർ സഭയുടെ മുറിവാണ് എറണാകുളം അങ്കമാലിയിലെ ‘വിമത ശീശ്മ’ . ആ മുറിവ് വൃത്തിയാക്കി മരുന്ന് വയ്ക്കാത്തതിനാൽ വലിയ വ്രണമായി ദുർഗന്ധം വമിക്കുകയാണ്. പക്ഷേ, ഈ വ്രണത്തെ കെട്ടി മറയ്ക്കാനാണ് മെത്രാന്മാർ ശ്രമിക്കുന്നത്.. അത് വിമതശീശ്മയെന്ന മുറിവ് വലുതാകാനും ശരീരത്തെ മുഴുവനായി ബാധിക്കാനും ഇടയാക്കും.. അതാണ് ഇന്ന് സീറോ മലബാർ സഭയിൽ സംഭവിക്കുന്നത്.. അതുകൊണ്ട് വേദന സഹിച്ച് വിമത ശീശ്മയെന്ന മുറിവ് ഭേദമാക്കാൻ മെത്രാന്മാർ കത്രികയും പഞ്ഞിയും മരുന്നുമായി ഇറങ്ങണം..
അല്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് യോഹന്നാൻ മാംദാന തന്നെ പറഞ്ഞിട്ടുണ്ട്. “ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിൽ എറിയപ്പെടും” (യോഹന്നാൻ 3: 10). ഇക്കാര്യം മെത്രാന്മാർ ഓർമ്മിച്ചാൽ നന്നായിരുന്നു..

സിനഡ് പിതാക്കന്മാരിൽ ന്യൂനപക്ഷത്തിൻ്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രോത്സാഹനവും ഭൂരിപക്ഷത്തിൻ്റെ നിരുത്തരവാദപരമായ നിശബ്ദതയും മൂലം വളർന്നു വലുതായ വിമത വിഷങ്ങളുടെ ദംശനം തുടരുമ്പോഴും അരമനകളിൽ നിശബ്ദരായി, വാർത്തകൾ കണ്ട്, പ്രശ്നം തീർക്കാൻ അൽമായരോട് ഉപവസിക്കാനും പ്രാർത്ഥിക്കാനും ആഹ്വാനം ചെയ്യുന്ന മെത്രാൻ സംഘത്തിന് വേണ്ടി പരി. കുർബാനയിലും യാമശുശ്രൂഷയിലുമുള്ള പ്രാർത്ഥന നമുക്ക് തുടരാം…

ഫാ. ഡോ: ജയിംസ് ചവറപ്പുഴ