യഹൂദജനത്തിന്റെ അനുദിന ജീവിതത്തിൽ സ്വാധീനം ചെലുത്തിയിരുന്നത് മൂന്നു വിഭാഗം ആളുകളായിരുന്നു: സദുക്കായർ, നിയമജ്ഞർ, ഫരിസേയർ. സദുക്കായർ പ്രധാനമായും രാഷ്ട്രീയ കാര്യങ്ങളിലാണ് ശ്രദ്ധ പതിപ്പിച്ചിരുന്നത്. അതുകൊണ്ട്, അവർക്ക് സാധാരണക്കാരുമായി സമ്പർക്കം കുറവായിരുന്നു. മോശയിലൂടെ ദൈവം നൽകിയ പ്രമാണങ്ങൾ ജനങ്ങൾക്ക്‌ വ്യാഖ്യാനിച്ചു കൊടുക്കുന്നവരായിരുന്നു നിയമജ്ഞർ. സാധാരണക്കാരുമായുള്ള അവരുടെ ഇടപെടലുകൾക്കും പരിതികൾ ഉണ്ടായിരുന്നു. എന്നാൽ, ഫരിസേയരാകട്ടെ മധ്യവർഗ്ഗത്തിൽപ്പെട്ട യഹൂദരായിരുന്നു. അതുകൊണ്ടുതന്നെ, സാധാരണക്കാരായ യഹൂദരിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തിയിരുന്നത് അവരായിരുന്നു.അവർ അവരുടെ പദവികളുപയോഗിച്ചു മറ്റുള്ളവരെ മുതലെടുക്കുകയാണ് ചെയ്തിരുന്നത്.

ഫരിസേയരുടെ കാപട്യം നന്നായി അറിഞ്ഞിരുന്ന ഈശോ തന്റെ ശിഷ്യർക്ക് നിരന്തരം കള്ളത്തരത്തിന്റെയും വഞ്ചനയുടെയും ദൂഷ്യവശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നു. ഫരിസേയർ ജനങ്ങളുടെ പ്രീതിക്കും അഭിനന്ദനത്തിനുംവേണ്ടി മാത്രം ജീവിക്കുന്നവരായിരുന്നു. ദൈവപ്രീതിയേക്കാൾ ഉപരിയായി മനുഷ്യരുടെ പ്രീതി അന്വേഷിച്ചിരുന്ന അവർ അതിനായി ജനങ്ങളുടെ മുൻപിൽ അതീവ ഭക്തരും ആചാരാനുഷ്ടാനങ്ങളിൽ അതീവ ജാഗ്രതയുള്ളവരുമായി ഭാവിച്ചിരുന്നു. അവരുടെ പ്രവൃത്തികൾ കണ്ട്, അതിനു വശംവദരായി ധാരാളം യഹൂദർ ഫരിസേയരുടെ പ്രവൃത്തികളെ അനുകരിച്ചിരുന്നു. എന്നാൽ, യഥാർത്ഥത്തിൽ ഫരിസേയർ കപടഹൃദയരും സ്വാർത്ഥരും ദൈവീകകാര്യങ്ങളിൽ അലസരും ആയിരുന്നു. പ്രസ്തുത വചനത്തിലൂടെ ഫരിസേയരുടെ രഹസ്യ സ്വഭാവങ്ങളെ യേശു തുറന്നു കാട്ടുകയാണ്

ദൈവസന്നിധിയിൽ യാതൊന്നും മറഞ്ഞിരിക്കുകയില്ല. ജനങ്ങളെ എത്രവേണമെങ്കിലും കബളിപ്പിക്കാനും, നല്ലവനെന്ന് ചമഞ്ഞ് അവരുടെ പ്രശംസ നേടിയെടുക്കാനും നമുക്കാവും. എന്നാൽ, നമ്മുടെ പ്രവൃത്തികളെ വിധിക്കുന്ന ദൈവം നമ്മുടെ ഹൃദയവിചാരങ്ങളും അറിയുന്നു എന്ന് നമ്മൾ മനസ്സിലാക്കിയിരിക്കണം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ആമ്മേൻ

Phone 9446329343

നിങ്ങൾ വിട്ടുപോയത്