സമാധാനം നമ്മെ എല്ലാവരെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ, ഈ ലോകത്തിൽ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് വ്യക്തികളും സമൂഹങ്ങളും രാഷ്ട്രങ്ങളും വളരെയധികം ശ്രദ്ധ ചെലുത്താറുമുണ്ട്. നമ്മൾ എല്ലായ്പ്പോഴുംതന്നെ സമാധാനത്തിനായി നമുക്ക് ചുറ്റുമാണ് നോക്കാറുള്ളത്. എന്നാൽ, അഹങ്കാരവും അസൂയയും അനീതിയും ഇടതിങ്ങിവളരുന്ന നമ്മുടെ ലോകത്തിന് സമാധാനം എന്നാൽ പുകയുന്ന അഗ്നിപർവതത്തിനു സമാനമാണ്

ലോകത്തിൽനിന്നോ, സമൂഹത്തിൽനിന്നോ, കുടുംബത്തിൽനിന്നോ അല്ല നമ്മിൽ അസമാധാനം സംജാതമാകുന്നത്; പാപങ്ങളെ താലോലിക്കുന്ന നമ്മുടെ ഹൃദയത്തിലാണ് അസമാധാനം രൂപം കൊള്ളുന്നത്‌. നമ്മിൽ നിന്നുമാണ് നമുക്ക് ചുറ്റുമുള്ളവരിലേക്കും, പിന്നീട് ലോകത്തിലേക്കും, അസമാധാനം കടന്നു ചെല്ലുന്നത്. വെറുപ്പും വിദ്വേഷവും കോപവും നിറഞ്ഞ നമ്മുടെ ഹൃദയങ്ങളാണ് ലോകത്തിലെ എല്ലാ അസാമാധാനത്തിന്റെയും ഉറവിടം. ലോകത്തിൽ സമാധാനം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് അവരുടെ ഹൃദയത്തിൽ സമാധാനം കണ്ടെത്തുകയാണ്.

നമ്മുടെ ആത്മീയ ദാരിദ്ര്യം തിരിച്ചറിഞ്ഞ്, വിലാപത്തോടെ, ലൗകീക വ്യഗ്രതകൾക്ക് അടിമയാകാതെ, ദൈവത്തിന്റെ നീതിയിൽ ആശ്രയിച്ച്, അവിടുത്തെ കരുണയിൽ പ്രത്യാശവച്ച്, സഹനങ്ങളിലൂടെയും, തെറ്റുകൾ ഏറ്റു പറഞ്ഞും ഹൃദയങ്ങളെ ദൈവത്തിന്റെ ശുദ്ധീകരണത്തിനായി തുറന്നു കൊടുക്കുമ്പോൾ മാത്രമേ നമ്മുടെ ഹൃദയം സമാധാനത്താൽ നിറയുകയുള്ളൂ. സമാധാനം നമ്മളുടെ ഹൃദയങ്ങളിൽ വാഴുമ്പോൾ, മാത്രമേ നീതിയുടെ ഫലം പുറപ്പെടുവിക്കുന്നവരാകുകയുള്ളു. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ആമ്മേൻ

Phone 9446329343

നിങ്ങൾ വിട്ടുപോയത്