ഭൂമിയിലെ ജീവിതത്തിൽ ദൈവം നമുക്ക് സർവ്വ സ്വാതന്ത്ര്യവും പ്രധാനം ചെയ്യുന്നു. ദൈവം നൽകുന്ന പ്രകാശത്തിന്റെ വഴിയിലോ, പാപത്തിന്റെ അന്ധകാരവഴിയോ ജീവിതത്തിൽ മനുഷ്യർക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ദൈവം നൽകുന്നു. എന്നാൽ ചില വ്യക്തികൾ ഉള്ളിൽ പാപം മറച്ചുവച്ച് പുറമേ നല്ലവനെന്നു നടിക്കുകയും മറ്റുള്ളവർക്ക് മുൻപിൽ മാതൃകാപരമായ ജീവിതം നയിക്കുകയും ചെയ്യുന്നവർ നമ്മുടെ ഇടയിലുണ്ട്. മറ്റാരും കാണില്ലെന്ന് ബോധ്യമുള്ളപ്പോൾ തങ്ങളുടെ പാപകരമായ ആഗ്രഹങ്ങളെയും ആസക്തികളെയും ഇവർ തൃപ്തിപ്പെടുത്തുന്നു.
ഇപ്രകാരം കാപട്യം നിറഞ്ഞ ജീവിതം നയിക്കുന്നവർക്ക് മുന്നറിയിപ്പായി ഈശോ പറയുകയാണ്, “മറഞ്ഞിരിക്കുന്നതോന്നും വെളിപ്പെടാതിരിക്കുകയില്ല. അറിയപ്പെടാതെയും വെളിച്ചത്തുവരാതെയും ഇരിക്കുന്ന രഹസ്യവുമില്ല. ഒരല്പം പരിശ്രമിച്ചാൽ, മനുഷ്യരുടെ മുൻപിൽ നല്ലവനെന്ന് പേരെടുക്കുവാനും ഒട്ടേറെ ആരാധകരെ സമ്പാദിക്കുവാനും ഒക്കെ നമുക്ക് സാധിക്കുമായിരിക്കും. എന്നാൽ, ദൈവത്തിന്റെ പ്രകാശത്തിനു മുൻപിൽ അന്ധകാരത്തിനു സ്ഥാനമില്ല. ദൈവത്തിന്റെ പ്രകാശത്തിനു മുൻപിൽ നിൽക്കുമ്പോൾ, പാപമെന്നു ബോധ്യമുണ്ടായിട്ടും നമ്മൾ രഹസ്യത്തിൽ ചെയ്തുകൊണ്ടിരുന്ന എല്ലാ പ്രവർത്തികളും കർത്താവിന്റ വിധി ദിവസത്തിൽ വെളിപ്പെടും.
ലോകം വച്ചുനീട്ടുന്ന പ്രലോഭനങ്ങളോടുള്ള താൽപര്യം മനുഷ്യനിൽ ജൻമസിദ്ധമാണ്. നമ്മളിലെ ഈ പോരാട്ടത്തെ നമ്മേക്കാളും നന്നായി അറിയുന്ന ദൈവം, അവയെ എതിർത്തു നിൽക്കാനും ചെറുത്തു തോൽപിക്കാനും ആവശ്യമായ കൃപകൾ നമുക്കെല്ലാം ധാരാളമായി നൽകുന്നുണ്ട്. നമ്മെ ദൈവത്തിൽനിന്നും അകറ്റി നിർത്തിയിരിക്കുന്ന എല്ലാ അന്ധകാര ബന്ധനങ്ങളുടെയും കെട്ടുകൾ പ്രാർത്ഥനയിലൂടെയും അനുതാപത്തിലൂടെയും ഉപവാസത്തിലൂടെയും പൊട്ടിച്ചെറിഞ്ഞ്, ദൈവം നൽകുന്ന നിത്യജീവന്റെ വഴിയെ സഞ്ചരിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.