കാക്കനാട്: നവീകരിച്ച കുർബാന ക്രമവും ഏകീകൃത അർപ്പണരീതിയും നിലവിൽ വന്നതോടെ സഭയിൽ സമാധാനത്തിന്റെ പുതുയുഗപ്പിറവിയാണു സാധ്യമായതെന്നു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. നവീകരിച്ച കുർബാന ക്രമവും ഏകീകൃത അർപ്പണരീതിയും നിലവിൽ വന്ന ആരാധനക്രമവത്സരത്തിന്റെ ആദ്യദിനമായ ഇന്നലെ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ദിവ്യബലി അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സഭയിൽ ഐക്യവും സമാധാനവും ഉണ്ടാകണമെന്നതു ദൈവതീരുമാനമാണ്. വിശുദ്ധ കുർബാന ദൈവത്തിന്റെ വലിയ ദാനമാണ്. പരിപൂർണ ഐക്യത്തിനായി കാത്തിരിക്കേണ്ടി വന്നാൽ അതിനും നാം തയാറാകണമെന്നും മാർ ആലഞ്ചേരി ഓർമിപ്പിച്ചു.

കൂരിയ ചാൻസിലർ റവ. ഡോ. വിൻസന്റ് ചെറുവത്തൂർ, ലിറ്റർജി കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, കൂരിയായിലെ മറ്റു വൈദികർ എന്നിവർ സഹകാർമികരായിരുന്നു. ലോകമെങ്ങുമുള്ള സഭയിലെ വിശ്വാസികൾക്കായി ദിവ്യബലിയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരുന്നു.
ഫാ. അലക്സ് ഓണംപള്ളി
സെക്രട്ടറി, സീറോമലബാർ മീഡിയ കമ്മീഷൻ
28 നവംബർ 2021
സീറോമലബാർ സഭയുടെ നവീകരിച്ച കുർബാന പുസ്തകവും ഏകീകൃത വി. കുർബാനയർപ്പണവും നടപ്പിൽ വന്ന ഇന്ന് മൗണ്ട് സെൻറ് തോമസിൽ രാവിലെ 10 മണിക്ക് വി. കുർബാന അർപ്പിച്ചു.







