ബ്യൂണസ് അയേഴ്സ്:: അബോര്ഷന് നിയമവിധേയമാക്കുന്നതിനുള്ള അവസാന വോട്ടെടുപ്പില്‍ അര്‍ജന്റീനയിലെ നിയമസാമാജികരോട് പുനഃപരിശോധന ആവശ്യപ്പെട്ട് കത്തോലിക്കാ നേതാക്കള്‍. നിയമസാമാജികരുടെ മനസ്സിലും ഹൃദയത്തിലും ശരിയായ ചിന്തകള്‍ ഉളവാക്കുന്നതിന് പരിശുദ്ധ കന്യകാമാതാവിന്റെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നതിനോട് ‘ഇല്ല’ എന്ന് പറയുന്നതിന് വൈദ്യശാസ്ത്രത്തിന്റേയും, നിയമത്തിന്റേയും പിന്തുണയുള്ള കാര്യം അര്‍ജന്റീന മെത്രാന് സമിതിയുടെ പ്രസിഡന്റായ ബിഷപ്പ് ഓസ്കാര്‍ ഓജീ ഓര്‍മ്മിപ്പിച്ചു. ഇത്തരമൊരു സങ്കീര്‍ണ്ണമായ വിഷയത്തെക്കുറിച്ച് തീരുമാനമെടുക്കുന്ന നിയമസാമാജികരുടെ മേല്‍ പ്രത്യേക കൃപയുണ്ടാകണമെന്ന് പരിശുദ്ധ കന്യകാമാതാവിനോട് ബിഷപ്പ് ഓജീ പ്രാര്‍ത്ഥിച്ചു.
13 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക് 14 ആഴ്ചകള്‍ വരെയുള്ള ഭ്രൂണഹത്യ മാതാപിതാക്കളുടെ സമ്മതം കൂടാതെ തന്നെ നടത്തുവാന്‍ നിയമപരമായി അനുവാദം നല്കുന്ന ബില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 11നാണ് അര്‍ജന്റീന പാര്‍ലമെന്റിന്റെ അധോസഭ പാസ്സാക്കിയത്. നിലവില്‍ ബലാല്‍സംഗം, മാതാവിന്റെ ജീവന് അപകടം എന്നീ സാഹചര്യങ്ങളില്‍ മാത്രമേ ഭ്രൂണഹത്യ നടത്തുവാന്‍ അര്‍ജന്റീനയിലെ നിയമങ്ങള്‍ അനുവദിക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ ജന്മദേശമായ അര്‍ജന്റീനയില്‍ കത്തോലിക്കാ സഭയ്ക്കു വിശിഷ്ട്ടമായ സ്ഥാനമുണ്ട്. അതിനാല്‍ അര്‍ജന്റീനയിലെ മെത്രാന്മാരുടെ പ്രസ്താവനയ്ക്കു പ്രത്യേക പ്രാധാന്യമാണ് ലഭിക്കുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അബോര്ഷന് നിയമപരമാക്കുന്നതിനുള്ള ഒരു നീക്കത്തെ 15 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം സെനറ്റ് പരാജയപ്പെടുത്തിയിരിന്നു. എന്നാല്‍ ഇത്തവണ ഈ ബില്‍ പാസ്സാക്കപ്പെടുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.