തോമാശ്ലീഹായുടെ പ്രേഷിത ചൈതന്യം കാലഘട്ടത്തിന്റെ ക്രൈസ്തവ മാതൃക: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കാക്കനാട്: മാർതോമാശ്ലീഹയുടെ പ്രേഷിത ചൈതന്യം സമകാലിക സമൂഹത്തിൽ ക്രൈസ്തവ സമൂഹത്തിന് പ്രചോദനാത്മകമായ മാതൃകയാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വിവിധ തലങ്ങളിൽ നിന്ന് വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ വിശ്വാസതീക്ഷണതയോടും സഭാസ്നേഹത്തോടും കൂടി പ്രവർത്തിക്കുവാൻ മാർതോമാശ്ലീഹായുടെ ജീവിതമാതൃക അനുകരിക്കുവാൻ സഭാമക്കൾ ആത്മാർത്ഥമായി പരിശ്രമിക്കണം. ദുക്റാന തിരുനാളിനോടും സീറോമലബാർ സഭാദിനാചരണത്തോടുമനുബന്ധിച്ച് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ അർപ്പിക്കപ്പെട്ട റാസാ കുർബാന മദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു മേജർ ആർച്ച്ബിഷപ്.

റാസാ കുർബാനയിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയോടൊപ്പം താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിലും കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കലും സഹകാർമ്മികരായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 35 രൂപതകളിലും അപ്പസ്തോലിക് വിസിറ്റേഷനുകളിലും മറ്റു സ്ഥലങ്ങളിൽ ചിതറികിടക്കുന്നതുമായ എല്ലാ സീറോമലബാർ വിശ്വാസീസമൂഹങ്ങളെയും മേജർ ആർച്ച്ബിഷപ് അഭിവാദനം ചെയ്യുകയും ദുക്റാനാ തിരുനാളിന്റെയും സഭാദിനത്തിന്റെയും മംഗളങ്ങൾ ആശംസിക്കുകയും ചെയ്തു. മൗണ്ട് സെന്റ് തോമസിലെ കാര്യാലയത്തിൽ സേവനം ചെയ്യുന്ന വൈദികരും സമർപ്പിതരും അല്മായരും മാത്രമാണ് റാസാ കുർബാനയിൽ പങ്കെടുത്തത്.





രാവിലെ 9.30ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സഭാദിന പതാക ഉയർത്തി. ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ സഭാദിന സന്ദേശം നല്കി. കോവിഡ്-19ന്റെ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പതിവ് ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. വി. കുർബാനയർപ്പണത്തിൽ പങ്കെടുക്കുന്നതിന് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ റാസാ കുർബാന സഭയുടെ യൂട്യൂബ് ചാനൽ, ഷെക്കെയ്ന ടെലിവിഷൻ എന്നീ മാധ്യമങ്ങൾ വഴി ലൈവ് സ്ട്രീമിംങ്ങ് നടത്തി.


ചിത്രത്തിൽ: മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സഭാദിന പതാക ഉയർത്തുന്നു. ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, ചാൻസലർ റവ. ഡോ. വിൻസന്റ് ചെറുവത്തൂർ എന്നിവർ സമീപം.