ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ പേരിൽ കേരള സമൂഹത്തിൽ വർഗീയ വിദ്വേഷം പടർത്താൻ ചിലർ ബോധപൂർവം ശ്രമം നടത്തുന്നുവെന്നും ആർഎസ്എസ് ക്രൈസ്തവരിൽ മുസ്ലിം വിരോധം കുത്തിവയ്ക്കുന്നുവെന്നുമുള്ള പ്രചാരണങ്ങൾ കുറച്ചുനാളായി ശക്തിപ്പെട്ടുവരികയാണ്. ഉത്തരവാദിത്വപ്പെട്ട ചില മത-രാഷ്ട്രീയ നേതാക്കൾതന്നെയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതും. ഇതിൽ രണ്ടാമതു പറഞ്ഞ ആരോപണം ആദ്യം പരിശോധിക്കാം. അപ്പോൾ ആദ്യം പറഞ്ഞ ആരോപണത്തിന്റെ നിജസ്ഥിതി വ്യക്തമാകും.
കേരളത്തിലെ ക്രൈസ്തവരുടെയിടയിൽ മുസ്ലിം വിരോധം വളരുന്നു എന്ന പ്രചാരണം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അതിനു മുൻപു നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു വേളയിലും ചില രാഷ്ട്രീയ പാർട്ടികൾ ഉന്നയിക്കുകയുണ്ടായി. ക്രൈസ്തവരിൽ ഒരു വിഭാഗം ആർഎസ്എസ് ഒരുക്കിയ വർഗീയ രാഷ്ട്രീയത്തിന്റെ കെണിയിൽ വീണിരിക്കുന്നു എന്നായിരുന്നു പ്രചാരണം. എന്നാൽ, രണ്ടു തെരഞ്ഞെടുപ്പുകളിലും പരമ്പരാഗത രീതിയിൽ കണ്ടുവരുന്നതിലധികമായി ക്രൈസ്തവരുടെകൂടി വോട്ടു നേടി വിജയിച്ചത്, ബിജെപി ആയിരുന്നില്ല മറിച്ച്, സിപിഎം ആയിരുന്നു. ബിജെപിക്കാവട്ടെ നിയമസഭാ തെരഞ്ഞെടുപ്പിൽ, ഉണ്ടായിരുന്ന ഒരു സീറ്റുകൂടി നഷ്ടമാവുകയും ചെയ്തു. സിപിഎം വർഗീയ മുതലെടുപ്പു നടത്തുന്നു എന്ന ശക്തമായ ആരോപണം ഉന്നയിച്ച യുഡിഎഫിനും നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല.
യഥാർഥത്തിൽ രാഷ്ട്രീയ പാർട്ടികൾ ഉന്നയിക്കുന്ന വിധം വർഗീയ വിദ്വേഷം മുസ്ലിംകളും ക്രിസ്ത്യാനികളും തമ്മിലുണ്ടോ? ഇല്ല എന്നതാണ് വാസ്തവം. കേരളത്തിൽ ആർഎസ്എസ് ശക്തമാണ് എന്നതിന്റെ പേരിൽ ക്രിസ്ത്യാനികളും ഹിന്ദുക്കളും തമ്മിൽ യാതൊരു വിദ്വേഷവും ഇല്ലാത്തതുപോലെ, കേരളത്തിൽ പൊളിറ്റിക്കൽ ഇസ്ലാം ശക്തമാണ് എന്നതിന്റെ പേരിൽ ക്രിസ്ത്യാനികളും മുസ്ലിംകളും തമ്മിൽ വർഗീയവിദ്വേഷം അശേഷമില്ല. അപ്പോൾ, പിന്നെ എന്താണ് പ്രശ്നം?
കേരളം ജാഗ്രതപുലർത്തുന്ന വർഗീയ രാഷ്ട്രീയം
ഏകദേശം ഒരു നൂറ്റാണ്ടായി കേരളത്തിൽ ആർഎസ്എസ് പ്രവർത്തിക്കുന്നുണ്ട്. ആർഎസ്എസ് എന്തിനുവേണ്ടി നിലകൊള്ളുന്നു എന്നും അതിന്റെ രാഷ്ട്രീയ വിഭാഗമായ ബിജെപി ഉയർത്തിപ്പിടിക്കുന്ന ഹിന്ദു സ്വത്വ (ഹിന്ദുത്വ) രാഷ്ട്രീയത്തിന്റെ സ്വഭാവമെന്തെന്നും കേരളത്തിലെ ക്രിസ്ത്യാനികൾക്കു മാത്രമല്ല, ഹിന്ദുവിനും മുസ്ലിമിനും പൊതു സമൂഹത്തിനും നന്നായി അറിയാം. ഒരുപക്ഷേ, കേരളത്തിലെ ഹിന്ദുക്കൾക്കു മറ്റുള്ളവരെക്കാൾ നന്നായി അതറിയാവുന്നതുകൊണ്ടുതന്നെയാണ് ബിജെപി ഉയർത്തിപ്പിടിക്കുന്ന തീവ്ര സാംസ്കാരിക ദേശീയതയുടെ സവർണ ഹിന്ദു സ്വത്വരാഷ്ട്രീയത്തെ അവർ പടിക്കു പുറത്തു നിർത്തിയിരിക്കുന്നത്.
ബഹുസ്വരതയുടെയും സഹവർത്തിത്വത്തിന്റെയും മതേതര ജനാധിപത്യത്തിന്റെയും നവോത്ഥാന മൂല്യങ്ങളുമായാണ് കേരളത്തിലെ ഹിന്ദു സമൂഹം പൊതുവേ തങ്ങളുടെ സ്വത്വ ബോധത്തെ സമന്വയിപ്പിച്ചു സ്വാംശീകരിച്ചിട്ടുള്ളത്. ബിജെപിയുടെയോ ആർഎസ്എസിന്റെയോ വർഗീയ രാഷ്ട്രീയത്തിന് അതിനെ മറികടക്കുക എളുപ്പമല്ല. ഹൈന്ദവ സമൂഹത്തിനു മാത്രമല്ല, ആർഎസ്എസിന്റെയും ബിജെപിയുടെയും സംഘപരിവാർ രാഷ്ട്രീയത്തെ പ്രത്യേകിച്ച് ആരും തുറന്നു കാട്ടാതെതന്നെ, കേരള സമൂഹത്തിനു പൊതുവിലും നന്നായി അറിയാം. മറ്റെല്ലാ സാധ്യതകളും അടയുന്നതു വരെയെങ്കിലും കേരളത്തിന്റെ ജനാധിപത്യ മനസ് ഒരിക്കലും അതിനെ നെഞ്ചേറ്റുകയില്ല.
എന്നാൽ ഒരു കാര്യം ചൂണ്ടിക്കാട്ടാതെ വയ്യ. മുസ്ലിം ലീഗിന്റെ സ്വത്വരാഷ്ട്രീയം മതേതരമാണെങ്കിൽ, ബിജെപിയുടേത് അങ്ങനെയല്ല എന്നു പറയുന്നതിൽ കഴമ്പുണ്ടെന്നു തോന്നുന്നില്ല. ഹിന്ദു മതഗ്രന്ഥങ്ങളുടെ വ്യാഖ്യാനത്തിൽനിന്നു രൂപപ്പെടുത്തിയ ഒരു സമഗ്രാധിപത്യ മതരാഷ്ട്ര സിദ്ധാന്തമല്ലാത്തിടത്തോളം ബിജെപിയുടേത് ഒരു മതരാഷ്ട്ര പ്രത്യയശാസ്ത്രമാണെന്നു പറയാനുമാവില്ല. സവർണ മേധാവിത്വത്തിന്റെയും തീവ്ര സാംസ്കാരിക ദേശീയതയുടെയും കോർപറേറ്റിസത്തിന്റെയും ഒരു സമ്മിശ്ര രാഷ്ട്രീയം എന്നതിലുപരി അതിനു പ്രസക്തമായ ഒരു പ്രത്യയശാസ്ത്ര അടിത്തറയില്ല എന്നതാണ് വാസ്തവം. അധികം വൈകാതെതന്നെ അതിനുള്ളിലെ വൈരുദ്ധ്യങ്ങളെ അതു സ്വയം പുറത്തു കൊണ്ടുവരികയും ചെയ്യും.
കേരളം കണ്ടില്ലെന്നു നടിക്കുന്ന മതരാഷ്ട്രവാദം
എന്നാൽ, കേരള സമൂഹത്തിൽ വലിയൊരളവുവരെ മറഞ്ഞിരിക്കുന്ന അപകടമാണ് തീവ്ര ഇസ്ലാമിക രാഷ്ട്രീയം. വേഷപ്രച്ഛന്നതയാണ് അതിന്റെ മുഖമുദ്ര. സമൂഹത്തിൽ മറഞ്ഞിരിക്കുകയും നിർണായക സമയങ്ങളിൽ അനുയോജ്യമായ വേഷങ്ങളിൽ വെളിപ്പെടുകയും ചെയ്യുന്ന അതിനെ ഇനിയും നമ്മൾ വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല.മതരാഷ്ട്രവാദം തീവ്രദേശീയതയെക്കാളും സാംസ്കാരിക ഫാസിസത്തെക്കാളും കമ്യൂണിസത്തെക്കാളും അപകടകാരിയാണ്. ഇസ്ലാമിക മതരാഷ്ട്ര വാദം ലോകം കണ്ടിട്ടുള്ള മറ്റേതൊരു ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെക്കാളും പ്രതിലോമകരവുമാണ്. അത് മനുഷ്യന്റെ സ്വാതന്ത്ര്യമോ സ്വയം നിർണയാവകാശമോ അംഗീകരിക്കുന്നില്ല. ജനാധിപത്യം, മതേതരത്വം, ദേശീയത തുടങ്ങി അവരുടെ കണ്ണിൽ ഇസ്ലാമികമല്ലാത്തതൊക്കെയും കീഴടക്കപ്പെടേണ്ടതും നശിപ്പിക്കപ്പെടേണ്ടതുമാണ്.
കേരളത്തിലെ മുസ്ലിംകളിൽ ഒരു നിശ്ചിത ശതമാനം തീവ്ര ഇസ്ലാമിക പ്രത്യയശാസ്ത്രം പിൻപറ്റുന്നവരും അതിനായി പ്രവർത്തിക്കുന്നവരുമാണെങ്കിലും കേരളത്തിന്റെ പൊതു സമൂഹത്തിൽ അവർ ഇസ്ലാമിക മതരാഷ്ട്ര വാദികളായി കാണപ്പെടുകയോ തിരിച്ചറിയപ്പെടുകയോ ചെയ്യുന്നില്ല. കാരണം പൊതു സമൂഹത്തിനു സ്വീകാര്യമായി തോന്നാവുന്ന മേഖലകളിൽ വേഷപ്രച്ഛന്നരായാണ് അവർ പ്രവർത്തിക്കുന്നത്! പ്രത്യക്ഷത്തിൽ നിരുപദ്രവകാരികളെങ്കിലും, ഇസ്ലാമിക് ബ്രദർഹുഡ്, താലിബാൻ, ഇസ്ലാമിക് സ്റ്റേറ്റ്, അൽ ക്വയ്ദ, ബോക്കോ ഹറാം തുടങ്ങിയ പൂർവസൂരികളുടെ പാതയിലാണ് ഇത്തരം പ്രസ്ഥാനങ്ങളിൽ പലതും സഞ്ചരിക്കുന്നത് എന്നത് പരസ്യമായ രഹസ്യമാണ്.
മുസ്ലിം വിരോധമോ യാഥാർഥ്യ ബോധമോ?ഇത്തരം ഒരു പശ്ചാത്തലത്തിൽ, കേരളത്തിൽ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക തീവ്രവാദത്തെപ്പറ്റിയുള്ള ആശങ്ക പങ്കുവയ്ക്കുന്നത്, മുസ്ലിം വിരോധമായി വ്യാഖ്യാനിക്കേണ്ടതുണ്ടോ? അത്തരം ആശങ്കകൾ അസ്ഥാനത്താണ് എന്ന് ഉറപ്പിച്ചു പറയാൻ, ഭരിക്കുന്ന സർക്കാരിനോ കേരളത്തിന്റെ പൊതു സമൂഹത്തിനോ സാധിക്കുമോ? 1940 കളിൽത്തന്നെ സലഫിസം, ജമാഅത്തെ ഇസ്ലാമി ഹിന്ദിലൂടെ കേരളത്തിന്റെ വടക്കൻ മേഖലയിൽ അതിന്റെ സാന്നിധ്യം അറിയിച്ചിരുന്നു എന്ന് പ്രഫ. ഹമീദ് ചേന്നമംഗലൂരിന്റെ “ദൈവത്തിന്റെ രാഷ്ട്രീയം” എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ സലഫി പ്രസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ സമഗ്രമായ ഒരു ചിത്രം അദ്ദേഹം ഈ ഗ്രന്ഥത്തിൽ വരച്ചു കാട്ടുന്നുണ്ട്. പ്രഫ. ചേന്നമംഗലൂരിന്റെ ഇതര കൃതികളും ആനുകാലികങ്ങളിലൂടെ അദ്ദേഹം പങ്കുവയ്ക്കുന്ന നിരീക്ഷണങ്ങളും കേരളത്തിന്റെ സാമൂഹിക ജീവിതത്തിലെ മാറ്റങ്ങൾ നിരീക്ഷിക്കുന്നവർക്ക് ദിശാബോധം പകരുന്നവയാണ്.
ക്രൈസ്തവരിൽ വളരെപ്പേർ ഇത്തരം ഗൗരവമായ വായനകളിലേക്കും പഠനങ്ങളിലേക്കും തിരിയാനുള്ള കാരണം, കേരളത്തിലെ ചില സലഫി പണ്ഡിതന്മാരും പ്രസ്ഥാനങ്ങളും അവർ ഒരു ബഹുസ്വര സമൂഹത്തിലാണ് ജീവിക്കുന്നതെന്ന യാഥാർഥ്യം മറന്ന്, ഇന്ത്യൻ ഭരണഘടനയും മതേതര ജനാധിപത്യവും നൽകുന്ന സ്വാതന്ത്ര്യവും സംരക്ഷണവും ഉപയോഗിച്ച്, പ്രത്യക്ഷമായും പ്രച്ഛന്ന വേഷങ്ങളിലൂടെയും ഒരു മതേതര ജനാധിപത്യ സമൂഹത്തിന്റെ അരൂപിക്കു നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതുകൊണ്ടാണ്. അതിനെ ആശങ്കയോടെ നോക്കിക്കാണുന്നതും ചിലപ്പോൾ ഉറക്കെ പറയേണ്ടിവരുന്നതും സംഘപരിവാറിന്റെ കെണിയിൽ പെടുന്നതുകൊണ്ടല്ല. അതു സംഘപരിവാറിൽനിന്നു പഠിക്കേണ്ട ആവശ്യവുമില്ല.
തുറന്നു പറയുന്നത് ജാഗ്രത പാലിക്കാൻ
ഇസ്ലാം പഠനവും ഗവേഷണവും അടുത്തകാലം വരെ കേരളത്തിലെ ക്രൈസ്തവരുടെ ഇഷ്ടവിഷയങ്ങളിൽ ഒന്നായിരുന്നില്ല. നമ്മോടൊപ്പം സ്നേഹത്തിലും സഹകരണത്തിലും സൗഹൃദത്തിലും കഴിയുന്ന മുസ്ലിം സഹോദരങ്ങളുടെ മതം എന്ന നിലയിൽ, ബഹുമാനത്തോടെ മാത്രമാണ് ക്രൈസ്തവർ ഇസ്ലാമിക ജീവിതത്തെ നോക്കിക്കണ്ടിരുന്നത്.
എന്നാൽ അടുത്തകാലത്തായി, സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിലും വിദ്യാഭ്യാസ-ആതുര ശുശ്രൂഷാ സ്ഥാപനങ്ങളിലും സാംസ്കാരിക ഇടങ്ങളിലുമെല്ലാം സലഫി ദാവാ പ്രവർത്തകർ ക്രിസ്തീയ വിശ്വാസങ്ങളെയും ജീവിതാദർശങ്ങളെയും മതാനുഷ്ഠാനങ്ങളെയുമെല്ലാം പരസ്യമായി അവഹേളിക്കുകയും അത്തരം ആക്രമണങ്ങൾ വ്യക്തികൾക്കും സമൂഹങ്ങൾക്കും സമുദായത്തിനും നേരേയുള്ള ആസൂത്രിത നീക്കത്തിന്റെ തലത്തിലേക്ക് എത്തുകയും ചെയ്തപ്പോഴാണ് ഈ വിഷയത്തിൽ പ്രത്യേക ജാഗ്രത ആവശ്യമായി വന്നതും ചില കാര്യങ്ങൾ ഉറക്കെ പറയേണ്ടി വരുന്നതും. അത് സംഘപരിവാർ അജണ്ടയിൽ വീണ ക്രിസ്ത്യാനിയുടെ കരച്ചിലാണെന്നു വ്യാഖാനിക്കുന്നത് തികഞ്ഞ ഉത്തരവാദിത്വമില്ലായ്കയാണ് എന്നു പറയാതിരിക്കാൻ കഴിയില്ല.
ലോകത്താകെയുള്ള ക്രൈസ്തവ സമൂഹത്തിന് ‘ഇസ്ലാമോഫോബിയ’ ബാധിച്ചിരിക്കുകയാണ് എന്ന ചിലരുടെ വായ്ത്താരിയിൽ രാഷ്ട്രീയ പാർട്ടികൾ വീണുപോകരുത്. പൊളിറ്റിക്കൽ ഇസ്ലാമിന്റെ പിടിയിൽ ഇനിയും അമർന്നിട്ടില്ലാത്ത കേരളത്തിലെ മുസ്ലിം ലീഗും മുസ്ലിം സമൂഹവും ഈ കാര്യങ്ങൾ വിലയിരുത്തണം. ഗൗരവതരമായ ആ പ്രക്രിയ നിങ്ങൾ നിർവഹിക്കുകതന്നെ വേണം. ക്രൈസ്തവർക്ക് നിങ്ങളെ വിശ്വാസമാണ്.
പിന്നെ, സ്കോളർഷിപ്പ് വിഷയത്തിൽ, എൽഡിഎഫ്. സർക്കാർ, കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾക്ക് സമുചിതമായ പരിഹാരമുണ്ടാക്കുമെന്ന സിപിഎം നേതാക്കളുടെ ഉറപ്പിൽ ഞങ്ങൾക്കു വിശ്വാസമുണ്ട്. മുഖ്യമന്ത്രിതന്നെ ഇക്കാര്യം ഇതിനോടകം വ്യക്തമാക്കിയിട്ടുമുണ്ട്. ന്യൂനപക്ഷ സമൂഹങ്ങൾക്ക് തുല്യനീതി ഉറപ്പു വരുത്തുന്നതിൽ മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന മുസ്ലിം സമുദായം എതിരു നിൽക്കുമെന്നും കരുതുന്നില്ല.
ആർഎസ്എസ്കാരുടെ സ്നേഹത്തിലല്ല ക്രിസ്ത്യാനികൾ വിശ്വസിക്കുന്നത്. കേരളത്തിൽ ജീവിക്കുന്ന ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ജനവിഭാഗങ്ങളുടെ പരസ്പരസ്നേഹത്തിലും സൗഹൃദത്തിലും കരുതലിലും ക്രൈസ്തവർക്ക് ഉത്തമ വിശ്വാസവും ബോധ്യവുമുണ്ട്. ഇക്കാര്യത്തിൽ യാതൊരു വീഴ്ചയും ഉണ്ടാകാതിരിക്കാൻ ഞങ്ങൾ സദാ ജാഗ്രത പുലർത്തുന്നതുമാണ്.
ഫാ. വർഗീസ് വള്ളിക്കാട്ട്