മതരാഷ്ട്രവാദങ്ങൾക്കിടയിൽ ശ്വാസംമുട്ടുകയാണ് ഇന്ന് ജനാധിപത്യ രാഷ്ട്രങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ അവസ്ഥയും മറ്റൊന്നല്ല. ഈ ശ്വാസംമുട്ടലിൻ്റെ നേർക്കാഴ്ചകൾ വിപുലമായും സൂക്ഷ്മമായും ഇന്ന് നമുക്കു ചുറ്റും ദൃശ്യമാണ്. ഇതിനകം ഒരു ദശാബ്ദം പിന്നിട്ടിരിക്കുന്ന ബിജെപി ഭരണം മതരാഷ്ട്രവാദത്തിൻ്റെ വിപുലമായ പാൻ – ഇന്ത്യൻ കാഴ്ചയാണെങ്കിൽ, ഇന്ത്യയിലെ ചെറായി-മുനമ്പം പ്രദേശത്ത് നൂറ്റാണ്ടുകളായി മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മനുഷ്യർ താമസിക്കുന്ന 404 ഏക്കർ ഭൂമി തങ്ങളുടേതാണെന്ന വഖഫിൻ്റെ അവകാശവാദം മതരാഷ്ട്രവാദത്തിൻ്റെ സൂക്ഷ്മമായ ഒരു നേർക്കാഴ്ചയാണ്. ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ മതേതരത്വത്തിൻ്റെ ജയാപജയങ്ങളെ വിലയിരുത്താനുള്ള ശ്രമമാണ് ഈ ലേഖനം.

ഇന്ത്യൻ മതേതരത്വം

1976ൽ ഭരണഘടനയിലേക്കു പ്രവേശനം ലഭിച്ച ‘മതേതരത്വം’ എന്ന പദത്തിൻ്റെ ഉള്ളടക്കം മുമ്പു മുതൽക്കേ ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ അവിഭാജ്യഘടകം തന്നെയായിരുന്നു. അതിന് അടിത്തറയായിത്തീർന്നിട്ടിട്ടുള്ളത് ഇന്ത്യയിലെ മഹാഭൂരിപക്ഷമായ ഹൈന്ദവ സഹോദരങ്ങളുടെ നന്മയും സഹിഷ്ണുതയുമാണ്. രാഷ്ട്രത്തിന് സ്വന്തമായി ഒരു മതം ഇല്ല എന്നും പൗരന്മാർക്ക് ഏതു മതത്തിലും വിശ്വസിക്കാനും മതാനുഷ്ഠാനങ്ങൾ ആചരിക്കാനും മതവിശ്വാസം പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കുന്നതാണ് ഇന്ത്യൻ മതേതരത്വം. മതനിരാസം അല്ല അത്; മറിച്ച്, മതജീവിതത്തിന് അനുകൂലമാണ്, മതമില്ലാത്ത ജീവിതത്തിനും അനുകൂലമാണ്.

ഇന്ത്യൻ മതേതരത്വത്തിൻ്റെ കോടാലിക്കൈകൾ…

എന്നാൽ, പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ ആദ്യദശകങ്ങളിൽ ന്യൂനപക്ഷത്തിന്റെയും ഭൂരിപക്ഷത്തിന്റെയും പേരിൽ പ്രബലപ്പെട്ട റിവൈവലിസം ഇന്ത്യൻ മതേതരബോധത്തിൻ്റെ വൈറസായി പരിണമിച്ചു. പതിനെട്ടാം നൂറ്റാണ്ടിൽ മുഹമ്മദ് ഇബിൻ അബദ് അൽ വഹാബ് സുന്നികൾക്കിടയിൽ തുടക്കമിട്ട വഹാബിസത്തിൻ്റെ സ്വാധീനം കാലക്രമേണ ഇന്ത്യൻ മുസ്ലീങ്ങൾക്കിടയിലും പ്രതിഫലിച്ചു. ഹൈന്ദവർക്കിടയിലാകട്ടെ, 1875-ൽ മഹർഷി ദയാനന്ദ സരസ്വതി തുടക്കമിട്ട ആര്യസമാജത്തിലൂടെ സ്വത്വബോധം സങ്കുചിതമായി പ്രബലപ്പെട്ടു. ദയാനന്ദയുടെ ശിഷ്യൻ സ്വാമി ശ്രദ്ധാനന്ദയുടെ പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ ശുദ്ധിപ്രസ്ഥാനം വേരോട്ടമുണ്ടാക്കി.

ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വലിയ ഭരണപ്രവിശ്യ ആയിരുന്ന ബംഗാൾ പ്രസിഡൻസിയെ 1905-ൽ വൈസ്രോയി കർസൺ മതാടിസ്ഥാനത്തിൽ രണ്ടായി വിഭജിച്ചത് ഹൈന്ദവർക്കിടയിൽ വലിയ പ്രതിഷേധത്തിനു കാരണമായി. അത് അക്രമത്തിലേക്കും അനിഷ്ട സംഭവങ്ങളിലേക്കും നീണ്ടു. ഭയാധീനരായ മുസ്ലീം നേതാക്കൾ 1906ൽ പുതിയ വൈസ്രോയിയെ സമീപിച്ച്, മുസ്ലീങ്ങൾക്ക് പ്രത്യേകമായി ഇലക്ടറേറ്റ് വേണം എന്നാവശ്യപ്പെട്ടു. അതിൻ്റെ തുടർച്ചയായി ആ വർഷംതന്നെ അഖിലേന്ത്യാ മുസ്ലീം ലീഗ് രൂപം കൊണ്ടു. അതിനെത്തുടർന്ന് 1915-ൽ രൂപംകൊണ്ട ഹിന്ദുമഹാസഭയും 1921-ലെ ഹൈന്ദവ കൂട്ടക്കൊല ക്ഷിപ്രനിമിത്തമായി 1925-ൽ രൂപം കൊണ്ട ആർഎസ്എസും 1941-ൽ സ്ഥാപിതമായ ജമാഅത്ത് ഇസ്ലാമിയുമെല്ലാം വർഗീയതയുടെയും മതരാഷ്ട്രീയത്തിൻ്റെയും സ്വപ്നങ്ങളെ ഊതിക്കത്തിച്ചു കൊണ്ടിരുന്നു.

പാക്കിസ്ഥാൻ എന്ന മതരാഷ്ട്രം

ഹിന്ദു -മുസ്ലീം സമുദായങ്ങൾക്കിടയിൽ അനുരഞ്ജനം കൊണ്ടുവരാൻ ലക്ഷ്യമിട്ട നെഹ്രു റിപ്പോർട്ട് (1928), വട്ടമേശ സമ്മേളനങ്ങൾ (1930-32) എന്നിവയുടെ പരാജയം ഒടുവിൽ എത്തിനിന്നത് ദ്വിരാഷ്ട്രവാദത്തിലാണ്. ഇന്ത്യ വിഭജിച്ച് പാക്കിസ്ഥാൻ എന്ന സ്വതന്ത്ര മുസ്ലീംരാഷ്ട്രം രൂപീകരിക്കുന്നതിൽ മുൻ കൈയെടുത്തത് ജിന്നയുടെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ മുസ്ലീം ലീഗ് ആയിരുന്നു. “ഹിന്ദുവും മുസ്ലീമും രണ്ട് വ്യത്യസ്ത നാഗരികതകളാണ്” എന്നായിരുന്നു, ഒരു കാലത്ത് ഹിന്ദു-മുസ്ലീം ഐക്യത്തിനു വേണ്ടി നിലകൊണ്ടിരുന്ന, ജിന്നയുടെ അപ്പോഴത്തെ നിലപാട്. 1940 മാർച്ച് 23ന് അഖിലേന്ത്യാ മുസ്ലീം ലീഗ് ലാഹോർ പ്രമേയം പാസ്സാക്കി. മുസ്ലീങ്ങൾ ഭൂരിപക്ഷമുള്ള ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ, കിഴക്കൻ മേഖലകളിൽ മുസ്ലീങ്ങൾക്ക് സ്വതന്ത്ര സംസ്ഥാനങ്ങൾ സൃഷ്ടിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ഏകീകൃത ഇന്ത്യയ്ക്കുള്ളിൽ മുസ്ലീങ്ങളുടെ സംരക്ഷണം എന്നതിൽ നിന്ന് പ്രത്യേക മുസ്ലീം മാതൃരാജ്യം എന്ന ആവശ്യത്തിലേക്ക് അഖിലേന്ത്യ മുസ്ലീം ലീഗ് അങ്ങനെ കടക്കുകയായിരുന്നു. അങ്ങനെ ഇന്ത്യയുടെ മതേതരത്വബോധ്യങ്ങൾക്ക് എന്നന്നേക്കുമായി ഒരു വിള്ളൽ വീണു. ബ്രിട്ടീഷ് ഭരണം അവസാനിച്ച 1947 ഓഗസ്റ്റ് 14 രാത്രിയിൽ ഇന്ത്യ, പാക്കിസ്ഥാൻ എന്നിങ്ങനെ രണ്ടു രാജ്യങ്ങളാണ് രൂപം കൊണ്ടത് – ഇന്ത്യ എന്ന മതേതര രാജ്യവും പാക്കിസ്ഥാൻ എന്ന മുസ്ലീം രാഷ്ട്രവും!

മതേതര ഇന്ത്യയുടെ തകർച്ചയ്ക്കു പിന്നിൽ…

ഇന്നു ഭാരതം ഭരിക്കുന്ന ബിജെപിയുടെ ‘ഹിന്ദുത്വ’ രാഷ്ട്രീയം ഇസ്ലാമിസ്റ്റു രാഷ്ട്രീയത്തിനു ബദലായി ഒരു നൂറ്റാണ്ടു മുമ്പ് ഇന്ത്യയിൽ നിലവിൽ വന്നതാണ് എന്നു നമ്മൾ കണ്ടു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനു ശേഷവും ഈ ദ്വന്ദ്വം അവസാനിച്ചില്ല. മതേതര റിപ്പബ്ലിക് ആയി സ്വതന്ത്രമായ ഇന്ത്യയിൽ പ്രത്യേക പാർട്ടിയായി നിലകൊള്ളുന്നതിൽ സാധുതയില്ല എന്ന ചിന്തയിൽ ആയിരുന്നു അവശേഷിച്ച അഖിലേന്ത്യാ മുസ്ലിം ലീഗ് നേതാക്കളിൽ ബഹുഭൂരിപക്ഷവുമെങ്കിലും, 1947 നവംബർ 9, 10 തീയതികളിൽ കൽക്കത്തയിൽ ചേർന്ന യോഗത്തിൽ മദിരാശിയിൽ നിന്നുള്ള പ്രതിനിധികൾ ജനാധിപത്യസമൂഹത്തിൽ ന്യൂനപക്ഷ ജനത സ്വത്വാധിഷ്ഠിതമായി സംഘടിക്കേണ്ടതിന്റെ അനിവാര്യതയും അതിന്റെ അഭാവം സൃഷ്ടിക്കാവുന്ന അപകടങ്ങളും സവിസ്തരം പ്രതിപാദിച്ചു. 1948 മാർച്ച് 10ന് ചേർന്ന ചെന്നൈ സമ്മേളനത്തിൽ വച്ച് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് സ്ഥാപിതമായി.

ഹിന്ദുത്വ രാഷ്ട്രീയത്തിന് പിന്നീട് കാര്യമായി മുന്നേറാനായില്ലെങ്കിലും ഇസ്ലാമിക രാഷ്ട്രീയത്തിന് ഇന്ത്യയിൽ കുതിച്ചുകയറ്റമാണ് ഉണ്ടായത്. കോൺഗ്രസ്സ് പാർട്ടിയുടെ വിശ്വസ്ത ഘടകകക്ഷിയായി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും നിലകൊണ്ടതിലൂടെ പ്രാദേശിക തലത്തിലും ദേശീയ തലത്തിലും അർഹവും അനർഹവും ആയ വലിയ നേട്ടങ്ങൾ മുസ്ലീം സമുദായത്തിനായി നേടിയെടുക്കാൻ മുസ്ലീം ലീഗിനായി.

പക്ഷേ, സ്വാതന്ത്ര്യം കിട്ടി അറുപത്തേഴു വർഷം കഴിഞ്ഞപ്പോൾ ഇന്ത്യ ഹിന്ദുത്വരാഷ്ട്രീയത്തിന് അടിയറവു പറഞ്ഞത് എങ്ങനെ എന്ന ചോദ്യം സുപ്രധാനമാണ്. പൊതുവേ മതേതരമനസ്കരായ ഹൈന്ദവർ എങ്ങനെയാണ് കഴിഞ്ഞ പത്തു വർഷങ്ങളായി ബിജെപി സർക്കാരിനെ പിന്തുണയ്ക്കുന്നത്?

ഭൂരിപക്ഷ വർഗീയത വളർത്തുന്ന ഹിന്ദുത്വബോധം ഒരു രാഷ്ട്രീയ ശക്തിയായി വളർന്നത് തൊണ്ണൂറുകളിലാണ് എന്ന യാഥാർത്ഥ്യം പഠിച്ചാൽ ആ വളർച്ചയ്ക്കു പിന്നിൽ മതേതര പാർട്ടിയായി എന്നും ഗണിക്കപ്പെട്ടിരുന്ന കോൺഗ്രസ്സിൻ്റെ ഇരുളടഞ്ഞ ഒരു മതപ്രീണന ചരിത്രമുണ്ട് എന്നു തിരിച്ചറിയാനാകും. മുസ്ലീം രാഷ്ട്രീയ സമ്മർദ്ദത്തിൻ്റെയും ഹിന്ദു രാഷ്ട്രീയ സമ്മർദ്ദത്തിൻ്റെയും കീഴിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മാറിമാറി നടത്തിയ മതരാഷ്ട്രീയ ട്രപ്പീസുകളികളാണ് ഇന്ത്യയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചിട്ടുള്ളത് എന്നത് ചരിത്രം സൂക്ഷ്മമായി പഠിക്കുന്നവർക്ക് മനസ്സിലാകും:

മുസ്ലീം പുരുഷന്മാരെയും തീവ്രപ്രസ്ഥാനങ്ങളെയും പ്രീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഷബാനു ബീഗം കേസിലെ സുപ്രീംകോടതി വിധി മറികടക്കാൻ 1986-ൽ പാർലമെൻ്റിൽ നിയമനിർമാണം നടത്തിയ രാജീവ് ഗാന്ധിയാണ് നിലവിലെ രാഷ്ട്രീയാവസ്ഥകളുടെയെല്ലാം യഥാർത്ഥ കാരണഭൂതൻ. അതു മുതലിങ്ങോട്ട് കോൺഗ്രസ്സിന് വിവിധങ്ങളായ ട്രപ്പീസുകളികൾ നടത്തേണ്ടി വന്നു. 1992-ൽ ബാബറി മസ്ജിദ് തകർക്കാനിടയായ രഥയാത്ര തടയാൻ നരസിംഹറാവു തയ്യാറാകാതിരുന്നത് ഹിന്ദുത്വശക്തികളോട് പുലർത്തിയ മൃദുസമീപനം കൊണ്ടായിരുന്നു. അതിൻ്റെ ക്ഷീണം തീർക്കാൻ നടത്തിയ ട്രപ്പീസു ചാട്ടത്തിൻ്റെ പേരാണ് വഖഫ് ആക്ട് 1995.

ബാബറി മസ്ജിദിനു പകരം വഖഫ് ആക്ട് 1995

1996 മെയ് 16-ാം തീയതി നരസിംഹറാവു പ്രധാനമന്ത്രിക്കസേരയിൽ നിന്ന് ഇറങ്ങിപ്പോകുന്നതിന് വെറും അഞ്ചു മാസം മുമ്പ്, കൃത്യമായി പറഞ്ഞാൽ 1995 നവംബർ 22ന്, വഖഫ് ആക്ട് നിയമനിർമാണം നടത്തി വഖഫ് ബോർഡിന് അമിതാധികാരങ്ങൾ സമ്മാനിച്ചു. ഏതെങ്കിലും ഒരു പൊതുസ്ഥലമോ പൊതുവസ്തുവോ ഉപയോഗിക്കുന്നയാൾ അതു വഖഫായി നേർന്നാൽ അതുപോലും വഖഫ് പ്രോപ്പർട്ടിയായി പരിഗണിക്കുന്ന നിർവചനം ആക്ടിലെ മൂന്നാം വകുപ്പിൻ്റെ r (l) ഉപവകുപ്പായി കാണാം! മതപരമായ കാര്യങ്ങൾക്കായി ഉപയോഗിക്കപ്പെട്ട കെട്ടിടമോ സ്ഥലമോ പിടിച്ചെടുക്കാൻ ട്രൈബ്യൂണലിനു ശുപാർശ നല്കാൻ വഖഫ് ബോർഡിന് അധികാരം നല്കുന്ന 39 (3) വകുപ്പിൻ്റെ പ്രയോഗമാണ് അലഹബാദ് ഹൈക്കോടതി സമുച്ചയത്തിലെ മോസ്ക് പൊളിക്കുന്ന വിഷയത്തിൽ വഖഫ് ബോർഡ് നടത്തിയത്. താമസത്തിനായി വാടകയ്ക്കെടുത്തിരുന്ന സ്ഥലത്ത് തങ്ങൾ 1950 മുതൽ നിസ്കരിച്ചിരുന്നു എന്നായിരുന്നു അവരുടെ വാദം. കപിൽ സിബിലിൻ്റെ നേതൃത്വത്തിൽ സുപ്രീം കോടതിയിലും വാദം ഉഷാറായി നടന്നെങ്കിലും മൂന്നു മാസത്തിനകം ഹൈക്കോടതിസമുച്ചയത്തിൽ നിന്ന് അതു പൊളിച്ചുനീക്കാൻ കഴിഞ്ഞ വർഷം മാർച്ചു മാസത്തിൽ സുപ്രീം കോടതി വിധി പ്രസ്താവിച്ചു,

ഒരു വസ്തു വഖഫ് പ്രോപ്പർട്ടിയാണോ എന്നു നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വ്യക്തമാക്കിയിരിക്കുന്ന 40-ാം അനുച്ഛേദം തികച്ചും ഏകപക്ഷീയമാണ്. ആരെങ്കിലും നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഏതെങ്കിലും സ്വത്ത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വിശ്വസിക്കാൻ വഖഫ് ബോർഡിന് എന്തെങ്കിലും കാരണമുണ്ടെങ്കിൽ, നിലവിലുള്ള ഏതു രജിസ്ട്രേഷൻ ആക്ടിനെയും മറികടന്ന് ആ വസ്തു സ്വന്തമാക്കി അന്തിമകല്പനയിറക്കാൻ ബോർഡിന് അധികാരം നല്കുന്ന കരിനിയമമാണ് അത്. വഖഫ് വസ്തുവകകൾ സംരക്ഷിക്കുക എന്ന താല്പര്യം പ്രകടമായുള്ള ഒരു വഖഫ് ട്രൈബ്യൂണലിനു വരെ ആരംഭം കുറിച്ചതും ഈ ആക്ടാണ്. ഈ മതേതര രാജ്യത്ത് നിക്ഷിപ്ത മതതാല്പര്യമുള്ള ഒരു ട്രൈബ്യൂണലിനു മുമ്പാകെ തങ്ങളുടെ വാദങ്ങളുമായി ചെല്ലേണ്ടി വരുന്ന ഒരു ഇന്ത്യൻ പൗരൻ്റേത് എന്തൊരു ഗതികെട്ട അവസ്ഥയാണ്!

നിലവിലുള്ള 1995 ലെ വഖഫ് നിയമപ്രകാരം കെപിസിസി ആസ്ഥാനമോ, എകെജി സെന്ററോ, എന്തിനു പറയുന്നു തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റോ, അനന്തപത്മനാഭ സ്വാമി ക്ഷേത്രമോ എന്തെങ്കിലും ഒരു സംശയംകൊണ്ട് ഏതെങ്കിലുമൊരു മുസ്ലിംമതഭ്രാന്തന്‍ വഖഫ് ആയി പ്രഖ്യാപിച്ചാല്‍ അതോടെ ഇതെല്ലാം വഖഫ് ബോര്‍ഡിന്റെ വസ്തുവഹകളായി മാറുന്ന വകുപ്പുകളാണ് നിലവിലെ നിയമത്തിലുള്ളത്.

മാത്രമല്ല ഇപ്രകാരം പ്രഖ്യാപിച്ചാല്‍ അതിനെതിരെ കോണ്‍ഗ്രസ്സുകാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും വഖഫ് നിയമത്തിലെ 85-ാം വകുപ്പ് പ്രകാരം ഒരു മുന്‍സിഫ് കോടതിയെപോലും സമീപിക്കാനും ആകില്ല.

കോടതിയ്ക്ക് പകരം വഖഫ് നിയമത്തിലെ 83-ാം വകുപ്പ് പ്രകാരം രൂപീകരിക്കപ്പെട്ട വഖഫ് ട്രിബ്യൂണലുകളെയാണ് സമീപിക്കേണ്ടത്. വഖഫ് ട്രിബ്യൂണലിന്റെ തീരുമാനത്തിന് എതിരേ അപ്പീലുകള്‍ നിലനില്ക്കില്ല. ഹൈക്കോടതിക്കു പോലും ട്രിബ്യൂണലിന്റെ വിധിക്ക് എതിരേ പരിമിതമായ അധികാരങ്ങളാണ് ഉള്ളത്. കാരണം, ശരിഅത്തു നിയമം അനുസരിച്ച് ഒരിക്കൽ വഖഫ് ആയാൽ എപ്പോഴും വഖഫ് ആണ്!

വഖഫ് ആക്ട് 1995 ക്രൂരതരമാക്കിയ 2013 ഭേദഗതി

വഖഫ് ആക്ടിന് പില്ക്കാലത്തുണ്ടായ ഭേദഗതിയും വിചിത്രമാണ്. 1995-ലെ നിയമനിർമാണത്തിനു സമാനമായ രീതിയിൽ, 2014 മെയ് 26-ാം തീയതി മൻമോഹൻ സിങ് പ്രധാനമന്ത്രിക്കസേരയിൽ നിന്ന് ഇറങ്ങിപ്പോകുന്നതിന് വെറും എട്ടു മാസം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2013 സെപ്റ്റംബർ 20ന്, വഖഫ് ആക്ട് നിയമഭേദഗതി നടത്തി വഖഫ് ബോർഡിന് കൂടുതൽ അമിതാധികാരങ്ങൾ അനുവദിച്ചു. എന്നു മാത്രമല്ല, ആ ഭേദഗതികൾക്കനുസരിച്ച്, 2014ലെ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഡൽഹിയിലെ ലുട്ടിയെൻസ് ഡൽഹി എന്നറിയപ്പെടുന്ന സമ്പൽസമൃദ്ധമായ പ്രദേശത്ത് 123 വിവിഐപി ലാൻഡുകൾ വഖഫ് ബോർഡിന് വിട്ടുകൊടുക്കുകയും ചെയ്തു. 2013-ലെ ഭേദഗതിയിലാകട്ടെ, ഭൂമി കൈയേറ്റക്കാർ എന്ന് വഖഫ് ബോർഡ് ചൂണ്ടിക്കാണിക്കുന്നവർക്കെതിരേ ക്രിമിനൽ പ്രൊസിക്യൂഷനും ഒഴിപ്പിക്കൽ നടപടികൾക്കുമുള്ള സാധ്യതയും കോൺഗ്രസ്സ് സർക്കാർ എഴുതിച്ചേർത്തിട്ടുണ്ട്.

അങ്ങനെ അവർ ശരിഅത്ത് നിയമം ഇന്ത്യൻ പൗരന്മാർക്കെല്ലാം ബാധകമാക്കി! അങ്ങനെ അവർ ഇന്ത്യയെ രണ്ടാം പാക്കിസ്ഥാൻ ആക്കി! എത്ര സുന്ദരമായ മതേതരത്വം!

ഫാ. ജോഷി മയ്യാറ്റിൽ

നിങ്ങൾ വിട്ടുപോയത്