മാതാവ് സാരിയുടുക്കുന്ന ഒക്ടോബര്‍ മാസം
ജപമാല മാസമെന്ന ഒക്ടോബര്‍ മാസത്തില്‍ ദൈവാലയങ്ങളില്‍ നിന്ന് ദൈവാലയങ്ങളിലേക്ക് പടര്‍ന്നു പിടിക്കുന്ന ഒരുതരം പുതിയ ഭക്താഭ്യാസമാണ് മാതാവിനെ സാരിയുടുപ്പിക്കല്‍. വൈദികരും സന്യസ്തരും അല്മായരുമടക്കം അനുകൂലിച്ചും എതിര്‍ത്തും സംസാരിക്കുന്നവരുണ്ടെങ്കിലും ഭൂരിഭാഗം പേരും മാതാവിനെ സാരിയുടുപ്പിക്കുന്നതില്‍ അനുകൂലിക്കാത്തവരാണ്. ഭൂരിഭാഗത്തെ നോക്കിയല്ലെങ്കിലും ഞാനും ആ എതിര്‍പക്ഷത്ത് തന്നെ.
മുപ്പതും നാല്പതുമൊക്കെ കുടുംബയൂണിറ്റുകളുള്ള ഒരിടവകയില്‍ എല്ലാ ദിവസവും മാതാവ് മാറി മാറി സാരിയുടുക്കുമ്പോള്‍ യൂണിറ്റിന്റെ എണ്ണമനുസരിച്ചുള്ള സാരി ഇടവകയ്ക്ക് ലഭിക്കും. ചിലര്‍ ഇത് ഇടവകയിലെ തന്നെ ദരിദ്രര്‍ക്ക് കൊടുക്കും, മറ്റു ചില ഇടവകകള്‍ ഈ സാരികള്‍ ലേലത്തിന് വച്ച് നല്ല വിലയ്ക്ക് വിറ്റ് കാരുണ്യ പ്രവർത്തികളോ, നിർമ്മാണ പ്രവർത്തനങ്ങളോ നടത്തും.
മാതാവുടുത്ത സാരി കിട്ടിയ ഭൂരിഭാഗം ദരിദ്രരും കസവും മുന്താണിയും തൊങ്ങലുമൊക്കെയുള്ള കിടിലന്‍ സാരിയുടുത്തു നടന്നാല്‍ തങ്ങളുടെ റേഷന്‍കാര്‍ഡിൻ്റെ കളർ മാറുമോ എന്നു ഭയന്ന് ചെറിയ വിലയ്ക്കോ അല്ലാതെയോ അടുത്തവീട്ടിലെ പത്രാസുകാരിക്ക് അത് കൊടുക്കും. അങ്ങനെ ഞായറാഴ്ച മാതാവുടുത്ത, പുരോഹിതന് വെഞ്ചരിച്ച, ദൈവജനം തൊട്ടുമുത്തിയ സാരി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കഴിഞ്ഞ് ബുധനാഴ്ച അഴകുള്ള ശോശാമ്മ ചേച്ചി ഉടുത്തുകൊണ്ടുപോകുമ്പോള്… ഹായ് എന്തു രസം അല്ലേ..? മാതാവുടുത്ത സാരിയുടുക്കാന്‍ ഭാഗ്യമുണ്ടായവള്‍. ഭാഗ്യവതി. മാതാവിനെ സാരിയുടുപ്പിച്ച യൂണിറ്റിംഗങ്ങളാകട്ടെ മൂക്കത്ത് വിരല്‍വച്ച് ഒരു പ്രത്യേക മുഖഭാവത്തോടെ വിജുംഭ്രിതരായി നില്ക്കും.
തൃശൂരിലെ ഒരു പ്രമുഖ ദൈവാലയം. തൃശൂര്‍ പുരത്തിലെ കുടമാറ്റം പോലെ ഈ ദൈവാലയത്തിലും ഒക്ടോബര്‍ മാസത്തില്‍ എല്ലാ ദിവസവും മാതാവിന്റെ സാരി മാറ്റമുണ്ടായിരുന്നു. മാതാവിൻ്റെ തിരുസ്വരൂപങ്ങള്‍ സാധാരണ മരത്തിലും കളിമണ്ണിലും പ്ലാസ്റ്റർ ഓഫ് പാരീസിലുമൊക്കെയാണല്ലോ നിര്‍മ്മിക്കാറുള്ളത്. അതുകൊണ്ടുതന്നെ മനുഷ്യസ്ത്രീ ഉടുക്കുന്ന അതേ രീതിയില്‍ തന്നെ മാതാവിന്റെ തിരുസ്വരൂപത്തെ സാരിയുടുപ്പിക്കുകയെന്നത് ചില്ലറ പണിയൊന്നുമല്ല. കല്ലും മരവും മാംസളശരീരം പോലെ മുറുക്കാനും കുത്താനും വഴങ്ങില്ലല്ലോ. അതു കൊണ്ട് പല ദൈവാലയങ്ങളിലും മാതാവിൻ്റെ അരയിൽ സാരി ഉറപ്പിക്കുന്നത് കയറും റോപ്പുമൊക്കെയിട്ടു ചുറ്റി വരിഞ്ഞു മുറുക്കിയാണ്.
അങ്ങനെ അരയിലെ കെട്ട് മുറുകി ശ്വാസം കഴിക്കാനാവാതെ നില്ക്കുന്ന മാതാവിനു മുന്നിലിരുന്നാണ് കൈകൂപ്പി, ഭക്തിയോടെ ‘നന്മനിറഞ്ഞ മറിയമേ…’ എന്ന പ്രാര്‍ത്ഥന നാം ചൊല്ലുന്നത്. ഈ സമയം മാതാവ് കര്‍ത്താവിനോട് ‘ഈ കെട്ടൊന്ന് അഴിച്ചു തരണമേ… എന്നു പ്രാര്ത്ഥിക്കുകയായിരിക്കുമെന്നത് സത്യം. കാരണം ഒരു പ്രതിമയ്ക്ക് മുന്നിലെന്ന പോലെയല്ലല്ലോ നാം ജപമാല അർപ്പിക്കുന്നത്.. ജീവനുള്ള നമ്മുടെ അമ്മയ്ക്കു മുന്നിലെന്ന പോലെയല്ലേ. അതുകൊണ്ടല്ലേ തിരുസ്വരൂപത്തിനു മുൻപിൽ നാം പൊട്ടിക്കരയുന്നതും നെടുവീർപ്പെടുന്നതും ഏങ്ങലടിക്കുന്നതും.
നാമാരും അത് കാണില്ല. കാരണം നാം കൊന്തയ്ക്ക് മാതാവിനെ നോക്കാറില്ലല്ലോ. മാതാവുടുത്തിരിക്കുന്ന സാരിയുടെ വിലയും കസവും കളറും പത്രാസും ഫ്ളീറ്റുകളുടെ എണ്ണവുമൊക്കെയായിരിക്കുമല്ലോ നമ്മുടെ കാഴ്ചയിലും ചിന്തയിലും. തൃശ്ശൂരിലെ ആ പള്ളിയിൽ കുര്‍ബാന മധ്യേ മാതാവിന്റെ അരയില്‍ കെട്ടിയിരുന്ന കയറ് അഴിഞ്ഞുപോയി. ദാ, മാതാവിന്റെ സാരിയഴിഞ്ഞ് താഴെ. ചിലര്‍ ചിരിച്ചു. മറ്റു ചിലര്‍ ഭക്തിയോടെ കൈക്കൂപ്പി, സാരിയുടുപ്പിച്ച യൂണിറ്റംഗങ്ങള്‍ നാണിച്ച് തലതാഴ്ത്തി. ‘എന്താടി,ഇത്…’ എന്ന ഭാവത്തില്‍ മറ്റ് യൂണിറ്റംഗങ്ങള്‍ സാരിയുടുപ്പിച്ച യൂണിറ്റിംഗങ്ങളെ രൂക്ഷമായി നോക്കി. ആ നിശബ്ദതയില്‍ ഒരു കൊച്ചുകുട്ടി വിളിച്ചു പറഞ്ഞുവത്രേ, ‘ദാ, മാതാവിന്റെ സാരിയുരിഞ്ഞുപോയി’.
ദൈവാലയത്തില്‍ എന്തിനാണീ സാരിക്കച്ചവടം?. പൂക്കളും മറ്റും കൊണ്ട് അലങ്കരിച്ചാലും ഇല്ലെങ്കിലും നമ്മുടെ അമ്മയുടെ തിരുസ്വരൂപം എത്ര സുന്ദരമാണ്. ദിവ്യത്വം തുളുമ്പുന്ന ഈ തിരുസ്വരൂപത്തെ എന്തിനീ കോപ്രായം കാണിച്ച് കോലം കെട്ടിക്കുന്നു. ചില കുടുംബയൂണിറ്റുകളില്‍ മാതാവിനെ സാരിയുടുപ്പിക്കാന്‍ വിദഗ്ധരില്ലാത്തതിനാല്‍ ക്വട്ടേഷന്‍ കൊടുക്കുകയാണത്രെ. ഏറെ താമസിയാതെ മാതാവിനെ സാരിയുടുപ്പിക്കാന്‍ വന്‍തുക ഈടാക്കുന്ന ഒരു ഇവന്റ് മാനേജ്മെന്റ് പരിപാടിയാകും തീര്‍ച്ച.
നല്ല ദിവ്യത്വം തുളുമ്പുന്ന തിരുസ്വരൂപങ്ങളാണ് നമ്മുടെ ദൈവാലയങ്ങളിലുള്ളത്. അതില്‍ ഇത്തരം കോമാളി വേഷങ്ങള്‍ വേണോ?. കാവടിക്ക് ഭദ്രകാളിയെപ്പോലുള്ള ദേവതകളെ സാരിയുടുപ്പിക്കുന്നതുപോലെ നമ്മുടെ മാതാവിനും വിശുദ്ധര്‍ക്കും അതിൻ്റെ ആവശ്യമുണ്ടോ ? സാരി മാത്രമല്ലല്ലോ സ്ത്രീകളുടെ വസ്ത്രം. നാളെ അതുമൊക്കെ അണിയിക്കണമെന്ന ആവശ്യമുണ്ടാകില്ലെന്ന് ആരു കണ്ടു. ക്രിസ്ത്യാനിയല്ലേ ഭക്തിമൂത്താന് പിന്നെ ഭ്രാന്താണല്ലോ. ചിലര്‍ അടക്കം പറയുന്നത് കേട്ടു, യൗസേപ്പിതാവിനെ എന്നാണാവോ ഫാന്റും ഷര്‍ട്ടും ഉടുപ്പിക്കുന്നതെന്നും ഉണ്ണീശോയെ കളസം ഇടീക്കുന്നതെന്നും.
ഇത്തരം കോപ്രായങ്ങള്‍ അതിരുവിടുമ്പോൾ അമ്മ സക്രാരിയിലിരിക്കുന്ന മകനെയൊന്ന് തലതിരിച്ചുനോക്കിയാല് തീർച്ചയായും അവന് സക്രാരിയില്‍ നിന്നിറങ്ങും. വെറും കയ്യാലല്ല. അന്നുണ്ടായിരുന്ന അതേ ചാട്ടവാറുമായി.. അവന് അടിച്ച് തെറിപ്പിക്കുന്നത് സാരി മാത്രമാവില്ല എന്ന് . എല്ലാവരും ഓര്‍ത്താല്‍ കൊള്ളാം. കാരണം, ദൈവാലയത്തിനകത്ത് പല രീതിയില്‍ നാണയക്കിലുക്കം കൂടി വരുന്നുണ്ട്.
സെലസ്റ്റിന്‍ കുരിശിങ്കല്‍ .