അഡ്വ. ചാര്‍ളിപോള്‍ MA.LL.B., DSS, ട്രെയ്നര്‍ & മെന്റര്‍, Mob:9847034600
ചിറ്റാരിക്കാല്‍ കോട്ടമല എം.ജി.എം.എ.യു.പി.സ്ക്കൂളിലെ പ്രഥമാധ്യാപിക കഴിഞ്ഞ ഒക്ടോബര്‍ 19ന് സ്ക്കൂള് അസംബ്ലിയില്‍ വച്ച് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവം പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു. നീട്ടി വളര്‍ത്തിയ മുടി മുറിക്കാന്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ടത് അനുസരിക്കാത്തതിനാല്‍ പ്രഥമാധ്യാപിക നേരിട്ട് മുടി മുറിക്കുകയായിരുന്നു. ബാലാവകാശ നിയമം, പട്ടികജാതി, പട്ടികവര്‍ഗ്ഗ അതിക്രമ നിരോധനനിയമം എന്നിവ പ്രകാരം പ്രഥമാധ്യാപികയുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
മുടി മുറിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി പിന്നീട് സ്ക്കൂളില്‍ പോയിരുന്നില്ല. മുന്‍കാലങ്ങളില്‍ സ്ക്കൂള് അസംബ്ലികളില്‍ ഇപ്രകാരം പലവിധ ശിക്ഷാവിധികള്‍ നടപ്പിലാക്കിയിരുന്നു. ഇത്തരം പ്രാകൃത ശിക്ഷാരീതികള്‍ ഒരുതരത്തിലും ഗുണം ചെയ്യില്ല എന്ന തിരിച്ചറിവില്‍ 2009 ല്‍ വിദ്യാഭ്യാസ അവകാശ നിയമത്തിലെ 17-ാം വകുപ്പു പ്രകാരം ശാരീരികശിക്ഷകളും മാനസിക പീഡനങ്ങളും നിരോധിച്ചിട്ടുള്ളതാണ്. 2002 ല്‍ തന്നെ സുപ്രീം കോടതി സ്ക്കൂളുകളില്‍ അടിയും മറ്റ് ശിക്ഷാനടപടി കളും നിരോധിക്കുകയും കുട്ടികളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്ന സൗഹാര്‍ദ്ദപരമായ അന്തരീക്ഷം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2019 ജൂണ്‍ 28ന് കേരള സംസ്ഥാന ബാലാവകാശ കമ്മീഷന് ചൂരല്‍ വടി പ്രയോഗം നിരോധിച്ച് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള സര്‍ക്കാര്‍ പ്രത്യേക സര്‍ക്കുലറിലൂടെ 2016 നവംബര്‍ 19 മുതല്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിലും ശാരീരിക-മാന സിക ശിക്ഷാനടപടികള്‍ പാടില്ലെന്ന് വിലക്കിയിട്ടുണ്ട്. കുറ്റക്കാരെ പരസ്യമായി അസംബ്ലിയില്‍വച്ച് മാപ്പ് പറയിപ്പിക്കുക, സഹപാഠികളുടെ മുന്നില്‍വച്ച് അധിക്ഷേപിക്കുക, സ്റ്റാഫ്റൂമില്‍ പരസ്യകുറ്റ വിചാരണ നടത്തുക തുടങ്ങിയ ശിക്ഷാനടപടികള്‍ വിലക്കിയിട്ടുമുണ്ട്. മാനസികപീഡനം മൂലം ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് ഇപ്രകാരം സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
ശാരീരിക പീഡനങ്ങളെക്കാള്‍ അപത്കരങ്ങളാണ് മാനസിക പീഡനങ്ങള്‍. പരസ്യമായ വഴക്ക് പറച്ചില്, കളിയാക്കല്‍, കുറ്റപ്പെടുത്തല്‍, താഴ്ത്തിക്കെട്ടല്‍, ഭീഷണിപ്പെടുത്തല്‍, ഭയപ്പെടുത്തല്‍, പരിഹസിക്കല്‍, ശാപവാക്കുകള്‍ പറയല്‍, അവഗണിക്കല്‍, താരതമ്യം ചെയ്യല്‍, മുടി മുറിക്കല്‍ പോലെ യുള്ള ശിക്ഷാനടപടികള്‍, സ്ക്കൂളില്‍നിന്ന് പുറത്താക്കല്‍, പൊക്കം, വണ്ണം, നിറം, ജാതി, മറ്റ് വ്യക്തിത്വ വൈകല്യങ്ങള്‍ ചൂണ്ടിക്കാട്ടി അധിക്ഷേപിക്കല്‍ എന്നിവയെല്ലാം കുട്ടികളുടെ മനസ്സില്‍ വലിയ മുറിവു കള്‍ സൃഷ്ടിക്കും. അത് വ്യക്തിത്വവൈകല്യങ്ങള്‍ക്കിടവരുത്തും. ശരീരത്തിനേറ്റ മുറിവുകള്‍ ഒരുപക്ഷേ ഉണക്കാന്‍ കഴിഞ്ഞേക്കും. പക്ഷെ മനസ്സിനേറ്റ മുറിവുകള്‍ ഉണക്കാന്‍ കഴിയില്ലെന്ന സത്യം മറക്കരുത്. മുറിവേല്‍പ്പിക്കുന്നവരില്‍നിന്നും കുട്ടികള്‍ അകലും. വേദനയുടെ തീവ്രത അനുസരിച്ച് അകല്‍ച്ച കൂടിയോ കുറഞ്ഞോ ഇരിക്കും. പലരും അന്തര്‍മുഖരാകും. കോപം, വെറുപ്പ്, പ്രതികാരചിന്ത എന്നിവ ഉടലെടുക്കും. ആത്മാഭിമാനത്തിന് ക്ഷതമേറ്റ ഇക്കൂട്ടര്‍ വിഷാദരോഗികളായി മാറിയേക്കാം. ക്ഷമയില്ലാ ത്തവരുടെ ആയുധമാണ് തല്ലി നേരെയാക്കലും തളര്‍ത്തി നേരെയാക്കലും. ഇത് കുട്ടികളുടെ മനസ്സില്‍ നോവുകള്‍ ഉണ്ടാക്കുകയും മനോവികാസത്തില്‍ താളപ്പിഴകള്‍ സൃഷ്ടിക്കുകയും ചെയ്യും.
റിയാലിറ്റി ഷോകളിലും മറ്റും പങ്കെടുത്ത കുട്ടികള്‍ക്ക് മാനസിക അധിക്ഷേപത്തെ തുടര്‍ന്ന് പാനിക് ഡിസോര്‍ഡര്‍, ഉത്കണ്ഠ ഉള്‍പ്പെടെയുള്ള മാനസികപ്രശ്നങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ദീര്‍ഘകാല പരിചരണത്തെ തുടര്‍ന്നാണ് അവര്‍ സൗഖ്യത്തിലേക്ക് തിരിച്ച് വരിക. ചിലര്‍ അതോടെ ജീവിതത്തെ ഫലപ്രദമായി നേരിടാന്‍ കഴിയാതെ കൂമ്പടഞ്ഞുപോകാനിടയുണ്ട്. ശാരീരിക-മാനസിക പീഡനങ്ങള്‍ ഒരുതരത്തിലും കുട്ടികളെ വളര്‍ത്തുകയില്ല. ആളുകളുടെ മുന്നില്‍ തുറന്നുകാട്ടി നാണം കെടുത്തിയല്ല പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത്. സ്വകാര്യത മാനിക്കുന്നുവെന്ന വിശ്വാസമാണ് തിരുത്തലിന് കരുത്തേ കുന്നതും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കേള്‍ക്കാനുള്ള മനസ്സൊരുക്കുന്നതും. ചെയ്ത തെറ്റ് എന്താണെന്ന് ശാന്തമായി ബോധ്യപ്പെടുത്തി കുട്ടിയെ തിരുത്താന്‍ സഹായിക്കുകയാണ് വേണ്ടത്.
”തന്റെ മുന്നിലിരിക്കുന്ന കുട്ടി തന്റേതല്ലെന്ന് തോന്നുന്നത് എപ്പോഴാണോ അപ്പോള്‍ അധ്യാപകന് വിദ്യാലയത്തിന്റെ പടിയിറങ്ങണം” എന്ന് പറഞ്ഞത് ഗുരു നിത്യചൈതന്യ യതിയാണ്. സ്വന്തം കുട്ടിയായിരുന്നെങ്കില്‍ പ്രഥമാധ്യാപിക അസംബ്ലിയില്‍ വച്ച് മുടി മുറിക്കുമായിരുന്നോ?. വിദ്യാലയത്തിന്റെ പടിയിറങ്ങേണ്ടവരായി മാറാതിരിക്കുക. ഗുരുനിത്യചൈതന്യ യതിയുടെ ഗുരുവായ നടരാജ ഗുരു പറഞ്ഞു; ‘ആജ്ഞാപിക്കുകയും അനുസരിക്കുകയും അരുത്, മനസ്സിലാക്കുകയും അംഗീകരിക്കുകയുമാണ് വേണ്ടത്.” ഈ ഉപദേശം ശിക്ഷണശാസ്ത്രത്തില്‍ പ്രായോഗികമാക്കാവുന്ന താണ്.
Adv Charly Paul, Kalamparambil, Chakkumgal Road, CRA-128,
Palarivattom P.O.. Kochi-682 025, 9847034600, E-mail: advcharlypaul@gmail.com