ദൈവീകമായ ഒരു ജീവിതം നയിക്കാൻ ആവശ്യമായതെല്ലാം ദൈവം തന്റെ ദിവ്യശക്തിയാൽ നമുക്കു നൽകിയിട്ടുണ്ട്. തൻറെ അത്ഭുതകരമായ മഹത്വത്താലും ശ്രേഷ്ഠതയാലും നമ്മെ തന്നിലേക്ക് വിളിച്ചവനെ അറിയുന്നതിലൂടെയാണ് നമുക്ക് ഇതെല്ലാം ലഭിച്ചത്. ഒന്നാമതായി ദൈവം തന്നിരിക്കുന്നത് പാപത്തെ ജയിക്കാനുള്ള ശക്തിയാണ്. യേശുക്രിസ്തു പാപത്തെ ജയിച്ചു അതുപോലെ നാം ഒരോരുത്തരും പാപത്തെ ജയിക്കാനാണ് ദൈവം ആഗ്രഹിക്കുന്നത്.
കർത്താവിനു വേണ്ടി സാക്ഷ്യം വഹിക്കാൻ ഉള്ള ശക്തി ദൈവ മക്കളായ നാം ഓരോരുത്തർക്കും നൽകിയിട്ടുണ്ട്. ദൈവഹിത പ്രകാരം ജീവിക്കാനും, നാം ഓരോരുത്തരുടെയും ജീവിതം ദൈവനാമം മഹത്വപ്പെടുത്താനും ഉള്ളതായിരിക്കണം. നാം ഓരോരുത്തരും തിരുവചനം ആയി മാറണം. ഇന്നും യേശുവിൻറെ നാമത്തിൽ ശക്തിയാൽ പലരും അത്ഭുതങ്ങൾ ചെയ്യുന്നു. ദൈവത്തിൻറെ അത്ഭുതങ്ങൾ പ്രവർത്തിക്കാനുള്ള ശക്തി നാമോരോരുത്തരിലും നിക്ഷേപിക്കാൻ ദൈവം ആഗ്രഹിക്കുന്നു. ക്രിസ്തു നമ്മുടെ ഉള്ളിൽ ജീവിച്ച് എങ്കിൽ മാത്രമേ യേശു പ്രവർത്തിച്ച അത്ഭുതങ്ങൾ നമ്മൾക്കും പ്രവർത്തിക്കുവാൻ സാധിക്കുകയുള്ളൂ.
ലോകത്തിൻറെ മോഹങ്ങളെ അതിജീവിക്കാനുള്ള ജഡത്തിന്റെമേലുള്ള ശക്തി നാം ഓരോരുത്തർക്കും കർത്താവ് പകരുന്നു. നാമോരോരുത്തരും ജഡമോഹങ്ങളാൽ നയിക്കപ്പെടാതെ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാൻ ദൈവം ആഗ്രഹിക്കുന്നു. നാം ഓരോരുത്തരുടെയും ജീവിതത്തിൽ സാത്താൻ എന്ന ശത്രുവിനെ പരാജയപ്പെടുത്താനുള്ള ശക്തി നാം ഓരോരുത്തർക്കും കർത്താവ് പ്രദാനം ചെയ്യുന്നു. നാം ദൈവത്തിൽ ആശ്രയിക്കുമ്പോൾ ദൈവിക ശക്തിയോടൊപ്പം ദൈവിക സമാധാനവും കർത്താവ് പ്രധാനം ചെയ്യുന്നു. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.