The kindness and the severity of God: severity toward those who have fallen, but God’s kindness to you, provided you continue in his kindness.
(Romans 11:22) ✝️
കാരുണ്യം ദൈവത്തിന്റെ ഭാഷയാണ്. പാപത്തിൽ നിന്നും മനുഷ്യനെ രക്ഷിക്കാനുള്ള ദൈവത്തിന്റെ കാരുണ്യം ആയിരുന്നു യേശുവിന്റെ ക്രൂശുമരണം. കർത്താവ് നമ്മളോട് കരുണയുള്ളതുപോലെ നമ്മളും മറ്റുള്ളവരോട് കരുണയുള്ളവരായിരിക്കണം. യേശു ക്രൂശിൽ കിടന്ന കള്ളനോട് പോലും, പറുദീസായുടെ വഴി തുറന്ന് അവിടുന്ന് കരുണ കാട്ടി. യേശുവിന്റെ ഉപമങ്ങളിലും, അൽഭുത പ്രവർത്തികളിലെല്ലാം, മനുഷ്യനോടുള്ള കാരുണ്യം നമുക്കു കാണുവാൻ സാധിക്കും. കാരുണ്യം പരിമിതിയില്ലാത്ത സല്‍പ്രവൃത്തിയാണ്. ദൈവഹിത പ്രകാരം ജീവിക്കുന്നവർക്ക് കർത്താവിന്റെ കാരുണ്യം അനുഭവിക്കാൻ ഇടയാക്കും. എന്നാൽ ദൈവത്തെ ധിക്കരിക്കുന്നവർക്ക് ദൈവത്തിൻറെ കാഠിന്യം അനുഭവിയ്കേണ്ടി വരും
കാരുണ്യം ദൈവത്തിന്റെ കൃപയാണ്. ദൈവകൃപ വിവിധ വിധങ്ങളിൽ പ്രകടമാകുന്നു. ജീവിതത്തിൽ കടന്നു വരുന്ന വേദനകൾ , പരീക്ഷണങ്ങൾ എല്ലാം വിജയകരമായി നേരിടുവാൻ ഉയരത്തിൽ നിന്നുള്ള കൃപയാൽ സാധിക്കും. നാം കൃപയുടെ ആഴവും ഗൗരവവും മനസിലാക്കി അതിന്റെ ആവശ്യകതയെയും പ്രത്യേകതയും അറിഞ്ഞു പ്രായോഗികമാക്കുമ്പോൾ വലിയ ദൈവ പ്രവർത്തികൾ കാണാൻ സാധിക്കും. ദൈവീകപദ്ധതികൾക്കായി ഉപയോഗിച്ചവരിൽ എല്ലാം കൃപ പകർന്നതായി കാണാൻ സാധിക്കും. പെട്ടകം പണിയുന്നതിനു മുൻപായി നോഹക്കും, ഇസ്രയേൽ ജനത്തെ നയിക്കുവാൻ തിരെഞ്ഞെടുത്തപ്പോൾ മോശെയ്ക്കും ദൈവത്തിന്റെ കൃപ ലഭിച്ചു.
വിവാഹ നിശ്ചയം കഴിഞ്ഞ മറിയയെ സന്ദർശിച്ച ഗബ്രിയേൽ ദൂതൻ ആദ്യം അരുളിച്ചെയ്തതും കൃപ ലഭിച്ചു എന്നാണ്. ദൈവഹിതം തന്നിൽ നിറവേറട്ടേ എന്നു പറഞ്ഞ് തന്നെത്താൻ താഴ്ത്തി ഏൽപ്പിച്ചു കൊടുക്കുവാൻ മറിയക്ക് ബലവും ധൈര്യവും ലഭിച്ചതും കൃപയാൽ തന്നെയാണ്. ദൈവത്തെ ധിക്കരിക്കുന്നവർക്ക് ദൈവത്തിൻറെ കഠിന ശിക്ഷകൾ ഏറ്റുവാങ്ങേണ്ടി വരും, ചിലപ്പോൾ ആ വ്യക്തി മാത്രം അല്ല, വ്യക്തിയുടെ തലമുറകൾ പോലും ദൈവത്തിന്റെ കാഠിന്യവും ശാപവും അനുഭവിക്കേണ്ടി വരും. നാം ഒരോരുത്തർക്കും ദൈവകൃപയ്ക്ക് അനുസരിച്ച് ജീവിക്കുകയും ദൈവകാരുണ്യവും അനുഭവിക്കുകയും ചെയ്യാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ