”Keep your voice from weeping, and your eyes from tears, for there is a reward for your work, declares the Lord,
‭‭(Jeremiah‬ ‭31‬:‭16‬) ✝️

ജീവിതത്തിൽ ഒരിക്കലെങ്കിലും കരയാത്തവരായി ആരും ഉണ്ടാകില്ലല്ലോ. കരച്ചിലുകൾ പലവിധങ്ങളുണ്ടെന്നും നമുക്കറിയാം. സാധാരണയായി സങ്കടങ്ങളും വേദനകളും ഒക്കെ ഉണ്ടാകുമ്പോഴാണ് പ്രായപൂര്‍ത്തിയായവർ കരയാറുള്ളൂ. ആ സങ്കടം സഹിക്കാവുന്നതിലും അധികമാകുമ്പോഴാണ് മനുഷ്യർ സ്ഥലകാലങ്ങൾ പോലും മറന്ന് പൊട്ടിക്കരയുന്നത്. ദൈവഭക്തനായ ദാവീദ് ഇസ്രായേലിന്റെ ശക്തനായ ഒരു രാജാവായിരുന്നിട്ടും കെട്ടിച്ചമയങ്ങളൊന്നുമില്ലാത്ത പച്ചയായ ഒരു മനുഷ്യനായിരുന്നു. സന്തോഷം വരുമ്പോൾ തുള്ളിച്ചാടി ദൈവത്തെ സ്തുതിക്കാനും, സങ്കടങ്ങൾ വരുമ്പോൾ ദൈവസന്നിധിയിൽ പൊട്ടിക്കരയുവാനും ദാവീദ് ഒരിക്കലും മടികാണിച്ചില്ല.

ഒരിക്കൽ ദാവീദിന്റെ ശത്രുക്കളായ അമാലേക്യർ, ദാവീദിന്റെ പട്ടണം തീ വയ്ക്കുകയും പച്ചപ്പുകളും നിലങ്ങളുമെല്ലാം കത്തിച്ച് ചാമ്പലാക്കുകയും അവരുടെ ഭാര്യയെയും, മക്കളെയും പ്രിയപ്പെട്ടവരെയും തടവുകാരാക്കി പിടിച്ചുകൊണ്ടുപോയി. ചങ്കുതകര്‍ന്ന് അവര്‍ കരഞ്ഞപ്പോള്‍, സ്വര്‍ഗ്ഗത്തിലെ ദൈവം അതു കേള്‍ക്കയും അതു ദൈവത്തിന്റെ വിഷയമായി മാറുകയും ചെയ്തു, അതായത്, ദൈവമക്കള്‍ ദൈവത്തെ വിളിച്ച് ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞപ്പോള്‍ ദൈവം ആ വിഷയത്തില്‍ ഇടപെട്ടു. അമാലേക്യരെ മുഴുവനും ദാവീദിന്‍റെയും കൂട്ടരുടെയും കയ്യില്‍ ഏല്‍പ്പിച്ചു. അവര്‍ അവരെ പിന്തുടര്‍ന്ന് അവരോട് യുദ്ധം ചെയ്ത് അവരെ തോല്‍പ്പിച്ച്, അമാലേക്യര്‍ അപഹരിച്ചു കൊണ്ടുപോയിരുന്നത് എല്ലാം ഭാവീദിന് തിരികെ ലഭിച്ചു. അങ്ങനെ ദാവീദിന്റെയും കൂട്ടരുടെയും കണ്ണുനീര്‍ ദൈവം തുടെച്ചു കളഞ്ഞു

ദൈവം ഇന്നും ജീവിക്കുന്നു. ദൈവത്തോട് കരഞ്ഞപേക്ഷിച്ചാല്‍ അവിടുന്ന് നമ്മുടെ പ്രശ്നങ്ങളുടെ മേൽ നമുക്കും ജയം നല്‍കും, നിരാശകള്‍ മാറ്റും, നഷ്ടങ്ങള്‍ ലാഭങ്ങളാക്കും, നമ്മുടെ ജീവിതത്തിൽ കരച്ചിൽ മാറി സന്തോഷത്തിന്റെ ആഘോഷം മുഴക്കും.
നാം ഓരോരുത്തരുടെയും ജീവിതത്തിൽ സന്തോഷിക്കുന്നത് നൻമകളിലും, നേട്ടങ്ങളിലും ആണ്. എന്നാൽ ക്രിസ്തീയ ജീവിതത്തിൽ നേട്ടങ്ങളിൽ മാത്രമല്ല, കഷ്ടതകളിലും നാം സന്തോഷിക്കുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്