ബെനഡിക്ട് മാർപാപ്പ സഭയുടെ മാർഗ്ഗദീപം: മാർ ആലഞ്ചേരി

കാക്കനാട്: കാലം ചെയ്ത ബെനഡിക്ട് മാർപാപ്പ തിരുസഭയുടെ മാർഗ്ഗദീപമായിരുന്നുവെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. സീറോമലബാർ സഭയുടെ മുപ്പത്തിയൊന്നാമത് മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനുവരി 9 തിങ്കളാഴ്ച രാവിലെ മേജർ ആർച്ച്ബിഷപ്പിന്റെ കാർമികത്വത്തിൽ നടന്ന വി. കുർബാനയർപ്പണത്തോടെ ആരംഭിച്ച സിനഡ് സമ്മേളനത്തിൽ ഭാരതത്തിനകത്തും വിദേശ രാജ്യങ്ങളിലുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 58 മെത്രാപ്പോലീത്താമാരും മെത്രാന്മാരുമാണ് പങ്കെടുക്കുന്നത്.

കോഴിക്കോട് രൂപതാദ്ധ്യക്ഷനായ അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ് നയിച്ച മൂന്നുദിവസത്തെ ധ്യാനത്തെത്തുടർന്നാണ് സിനഡിന്റെ ഔദ്യോഗിക സമ്മേളനം ആരംഭിച്ചത്.

പുതിയ വർഷത്തിൽ സഭയുടെമേൽ ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കണമെന്ന് മേജർ ആർച്ച്ബിഷപ്പ് ആഹ്വാനം ചെയ്തു. ആത്മീയ ചൈതന്യം നിറഞ്ഞുനിന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ കബറടക്ക ശുശ്രൂഷയിൽ പങ്കെടുത്തതിന്റെ ഓർമ്മകൾ കർദിനാൾ പങ്കുവെച്ചു.

സീറോമലബാർ സഭയുടെ നന്മയാഗ്രഹിച്ചുകൊണ്ട് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെടുത്ത ധീരമായ നടപടികളെ നന്ദിയോടെ അനുസ്മരിക്കുകയും ആ വിശുദ്ധ ജീവിതത്തിൽനിന്നും പ്രചോദനമുൾക്കൊണ്ട് ജീവിക്കാൻ നമുക്ക് സാധിക്കട്ടെയെന്ന പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ജഗദൽപുർ രൂപതാധ്യക്ഷനായിരുന്ന അഭിവന്ദ്യ മാർ സൈമൺ സ്റ്റോക്ക് പാലത്ര സി.എം.ഐ. പിതാവിന്റെ നിര്യാണത്തിൽ സിനഡ് പ്രാർത്ഥനാപൂർവ്വം അനുശോചിച്ചു.

ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴ​ത്ത്

സിബിസിഐ പ്രസിൻഡന്റായി നിയമിതനായ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴ​ത്ത് പിതാവിനെയും റോമിലെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ പുതിയ പ്രീഫെക്റ്റായി നിയമിതനായ ആർച്ച്ബിഷപ്പ് ക്ലൗ​ദിയോ ഗുജറോത്തിയെയും കർദിനാൾ അഭിനന്ദിച്ചു. പൗരസ്ത്യസഭകളുടെ കാര്യാലയത്തിന്റെ അദ്ധ്യക്ഷനായി ദീർഘകാലം സേവനം ചെയ്ത കർദിനാൾ ലെയണാർദോ സാന്ദ്രിയുടെ നിസ്തുലങ്ങളായ സേവനങ്ങളെ സീറോമലബാർ സഭ എക്കാലവും കൃതജ്ഞതയോടെ ഓർക്കുമെന്ന് മാർ ആലഞ്ചേരി പ്രസ്താവിച്ചു.

കർദിനാൾ ലെയണാർദോ സാന്ദ്രി

മലയോര കർഷകരുടെമേൽ പ്രതിസന്ധിയുടെ ഊരാക്കുടുക്കായിനിൽക്കുന്ന ബഫർ സോൺ വിഷയത്തിൽ കർഷകർക്കനുകൂലമായ തീരുമാനങ്ങളുണ്ടാകണമെന്നും ഉദ്യോഗസ്ഥരുടെ ദയാദാക്ഷണ്യങ്ങൾക്ക് കർഷകരുടെ ഭാവി ബലികൊടുക്കുന്ന രീതി അവസാനിപ്പിക്കണമെന്നും മേജർ ആർച്ച്ബിഷപ്പ് ആവശ്യപ്പെട്ടു.

ഛത്തീസ്ഗഡിലെ ജഗദൽപുർ സീറോമലബാർ രൂപതയുടെ നാരായൺപുർ സേക്രഡ് ഹാർട്ട് ദൈവാലയം അടിച്ചുതകർത്തതിനെ സീറോമലബാർ സഭാ സിനഡ് അപലപിച്ചു. മിഷനറിമാർക്കും കത്തോലിക്കാവിശ്വാസികൾക്കും സഭാസ്ഥാപനങ്ങൾക്കും നേരെ നടക്കുന്ന ഇത്തരം അക്രമസംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനും ആരാധനാസ്വാതന്ത്ര്യം ഹനിക്കപ്പെടാതിരിക്കാനും സർക്കാരും നിയമപാലകരും സത്വര നടപടികൾ സ്വീകരിക്കണമെന്നും ആരാധനാലയങ്ങൾക്കും വിശ്വാസികൾക്കും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും മേജർ ആർച്ച്ബിഷപ്പ് ആവശ്യപ്പെട്ടു.

എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃതയർപ്പണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെയാണ് മാർപാപ്പ ഭരമേല്പിച്ചിരിക്കുന്നത്. പ്രസ്തുത വിഷയത്തിൽ രൂപപ്പെട്ടിട്ടുള്ള സമകാലിക പ്രതിസന്ധികളെ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ ഇടപെടലുകൾ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ ഉണ്ടാകുമെന്ന് മേജർ ആർച്ച്ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.

സഭയുടെ കൂട്ടായ്മ വളർത്താൻ എല്ലാവരും ഏകമനസ്സോടെ ചിന്തിക്കാനും പ്രവർത്തിക്കാനും തയാറാകണമെന്നും മേജർ ആർച്ച്ബിഷപ്പ് ആഹ്വാനം ചെയ്തു.

ഫോട്ടോ അടിക്കുറിപ്പ്: സീറോമലബാർ സഭയുടെ സിനഡ് സമ്മേളനത്തിന്റെ ഉദ്ഘാടനം മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവ്വഹിക്കുന്നു. സിനഡ് സെക്രട്ടറി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ, ചാൻസലർ ഫാ. വിൻസെന്റ് ചെറുവത്തൂർ എന്നിവർ സമീപം.

ഫാ. ആന്റണി വടക്കേകര വി. സി.


പി. ആർ. ഒ. & സെക്രട്ടറി, മീഡിയ കമ്മീഷൻ

ജനുവരി 09, 2023

PR23Jan09_M_Synod-News

നിങ്ങൾ വിട്ടുപോയത്