ജനങ്ങളുടെ പ്രിയങ്കര ഇടയന് ജന്മദിനാശംസകൾ:മാർ ജോസഫ് കല്ലറങ്ങാട്ടിന് ജനുവരി 27-ന് ജന്മദിനം

ഒരു ബിഷപ്പ് ആകുക എന്നത് ജനങ്ങളുടെ ഇടയിൽ ക്രിസ്തുവിന്റെ സാന്നിധ്യമായിരിക്കുക എന്നതാണ്.
ആദ്ധ്യാത്മികതയും പ്രാര്‍ത്ഥനയുമാണ്‌ ഒരു മ്രെതാന് വേണ്ടത്‌.ഒരു മെത്രാൻ എന്തായിരിക്കണം? ദൈവത്തെ അറിയുന്ന, ദൈവത്തിനായി ജീവിക്കുന്ന,തന്റെ ജനത്തിന് വേണ്ടി ദൈവത്തോട് എപ്പോഴും യാചിക്കുന്ന ഒരു ഇടയനായിരിക്കണം.ആ ഇടയൻ തന്റെ ജനത്തിന്റെ എല്ലാ ഭാരങ്ങളും വഹിച്ചുകൊണ്ട് ദൈവസന്നിധിയിൽ നിരന്തരം നിലകൊള്ളുന്നു.അപ്രകാരമുള്ള മെത്രാനാണ് മാർ ജോസഫ് കല്ലറങ്ങാട്ട്.ജനുവരി 27-ന് പിതാവിന് 66 വയസ്സ് തികയുന്നു.

പാലാ രൂപതയ്ക്ക് കല്ലറങ്ങാട്ട് പിതാവിൽക്കൂടി ദൈവത്തിന്റെ കരുണ ഒഴുകിക്കൊണ്ടിരിക്കുകയാണ്.പൗരസ്ത്യ സഭകളുടെ സഭാപിതാക്കൻമാരുടെ ഏറ്റവും പ്രധാനമായ ശുശ്രൂഷ അവരുടെ പ്രാര്‍ത്ഥന,വിശുദ്ധി,ജനങ്ങളോടുള്ള സ്നേഹവും,സമ്പര്‍ക്കവും ഒക്കെയാണ്.പാലാക്കാർക്ക് കല്ലറങ്ങാട്ട് പിതാവ് പകർന്നു കൊടുക്കുന്നത് ഈ ആദ്ധ്യാത്മിക പാരമ്പര്യത്തിന്റെ ഉറവകളാണ്.പൗര്യസ്ത പിതാക്കന്മാരുടെ ജീവിതദര്‍ശനത്തില്‍ മാനവികതയും ആദ്ധ്യാത്മികതയും എപ്പോഴും പ്രകാശം പരത്തിയിരുന്നു എന്ന് നാം ഓർക്കണം.

ദൈവാലയവും വി.കുര്‍ബാനയും അതുപോലെ പിതാവിന്റെ കേന്ദ്രീയ വിഷയങ്ങളാണ്.വി. കുര്‍ബ്ബാനയില്‍ ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കാനും അതില്‍ പങ്കുകാരാകാനും സാധിക്കുകയെന്നുള്ളതാണ് ക്രൈസ്തവന്റെ ദൗത്യമെന്ന് വിശ്വാസികളെ പഠിപ്പിക്കാൻ പിതാവ് ശ്രമിക്കുന്നു.ദൈവശാസ്ത്രം പഠിക്കുന്നതിനേക്കാളൊക്കെ വളരെ പ്രധാനപ്പെട്ടത് അതാണെന്ന് വിശ്രുത പണ്ഡിതനായ അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

കല്ലറങ്ങാട്ട് പിതാവ് മദ്ബഹായ്ക്കകത്ത്‌ കയറിക്കഴിഞ്ഞാല്‍ നമുക്കറിയാം അദ്ദേഹം ദൈവത്തെ കാണുന്നുണ്ടെന്ന്‌. ദൈവത്തിന്റെ മുന്‍പിലാണ്‌ നില്‍ക്കുന്നതെന്ന്‌ അദ്ദേഹത്തിനു നല്ല ബോധ്യമുണ്ട്‌. ദൈവസാന്നിധ്യബോധമുള്ള ഒരു പരിശുദ്ധ ജീവിതമുള്ള ഒരു മെത്രാനാണ് പിതാവ്.ക്രിസ്തുവിന്റെ സാന്നിധ്യമാണെന്ന്‌ ജനങ്ങള്‍ക്ക്‌ തോന്നുന്ന വിധത്തിലുള്ള ഒന്നാണ് കല്ലറങ്ങാട്ട് പിതാവിന്റെ ജീവിതമെന്ന് പാലായിലെ ജനങ്ങൾ മനസിലാക്കിയിട്ടുണ്ട്.പിതാവിന്റെ ഹൃദയവിശുദ്ധിയും,താപസാത്മകമായ ജീവിതശൈലിയും,വിട്ടുവീഴ്ചയില്ലാത്ത വിശ്വാസ ബോധ്യങ്ങളും പൊതുസമൂഹം അടുത്തറിഞ്ഞിട്ടുണ്ട്. അടുത്ത കാലത്ത്‌ ചില സംഭവങ്ങൾ ഉണ്ടായപ്പോൾ പാലായിലേക്ക് പിതാവിന് പിന്തുണയുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരങ്ങൾ ഒഴുകിയെത്തിയത് നാം കണ്ടു.ജാതി-മത -സംസ്കാരങ്ങൾക്ക് അതീതമായി നിൽക്കുന്ന ഇടയന് കിട്ടിയ വലിയ അംഗീകരമായി നാമതിനെ കാണണം.ഒരു ക്രൈസ്തവ മെത്രാന് കേരള നാട് മുഴുവൻ നൽകിയ പിന്തുണ അത്രയും വലുതായിരുന്നു.

അദ്ദേഹത്തെ കാണുമ്പോൾ ക്രിസ്തുസാന്നിധ്യമാണ്‌ എന്നൊരു ബോധം ജനങ്ങള്‍ക്കുണ്ടാകുന്നു.അതാണ്‌ വളരെ പ്രധാനമായ കാര്യം.സ്നേഹവും കരുണയും വിശുദ്ധിയുമുള്ള വൈദികരും മെത്രാന്മാരും ഉണ്ടാകുമ്പോഴാണ്‌ സഭക്ക് വളർച്ചയുണ്ടാകുന്നത്.അങ്ങനെയാണ് സഭ ഒന്നായി നിലനിൽക്കുന്നത്.നാനാജാതി മതസ്ഥരുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയ്ക്ക് ഉപകരിക്കുന്ന ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു.ഇതിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് ആതുരശുശ്രൂഷാരംഗത്ത് അനേകര്‍ക്ക് ആശ്വാസവും പാലായുടെ അഭിമാനവുമായി മാറിയ മാര്‍ സ്ലീവാ മെഡിസിറ്റി.ആർക്കും കുറഞ്ഞ ചെലവിൽ മികച്ച ചികത്സ ലഭിക്കുന്ന ആശുപത്രിയായി സ്ലീവാ മെഡിസിറ്റി മാറിയിരിക്കുന്നു.മാര്‍ കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ പാലാ രൂപതയില്‍ വിജയകരമായി നടപ്പാക്കിയ എണ്ണമറ്റ പദ്ധതികള്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യവും നേതൃപാടവും ദീര്‍ഘവീക്ഷണവും വിളിച്ചോതുന്നവയാണ്.

ഹോം പാലാ പദ്ധതിവഴി ഇതിനോടകം നൂറുകണക്കിന് കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി. സാധുജന വിദ്യാഭ്യാസ പദ്ധതി, കര്‍ഷകരെ ഒന്നിപ്പിക്കുന്നതിനും കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിനുമുള്ള പദ്ധതികള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം തുടങ്ങിയവ സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ളവരുടെ വളര്‍ച്ച ഉറപ്പുവരുത്തുന്നതിനായി നടപ്പാക്കിയ പദ്ധതികളില്‍ ചിലതു മാത്രമാണ്.

കയ്യൂര്‍ കല്ലറങ്ങാട്ട് മാത്യുവിന്റെയും ഉള്ളനാട് വട്ടപ്പലം ത്രേസ്യയുടെയും ഏഴുമക്കളില്‍ ഒന്നാമനായി 1950 ജനുവരി 27-നാണ് ജനനം.പാലായി കാരൂർ ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരിയിൽ ചേർന്നു. 1982 ജനുവരി 2-ന് വൈദികനായി അഭിഷിക്തനായി.അരുവിത്തുറ, രാമപുരം ഇടവകകളിൽ അസിസ്റ്റന്റ് ഇടവക വികാരിയായി സേവനമനുഷ്ഠിച്ചു.1984-ൽ ഉപരിപഠനത്തിനായി റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ചു. ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷം വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിൽ പഠിപ്പിച്ചു. പൗരസ്ത്യ വിദ്യാപീഠത്തിന്റെ പ്രസിഡന്റായും പ്രവർത്തിച്ചു. ബിഷപ്പ് ജോസഫ് പള്ളിക്കാപറമ്പിൽ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് 2004 മാർച്ച് 18-ന് പാലായിലെ മൂന്നാമത്തെ ബിഷപ്പായി നിയമിതനായി.കല്ലറങ്ങാട്ട് പിതാവിന്റെ മെത്രാഭിഷേകം 2004 മെയ് 2-ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിലിന്റെ കാർമ്മികത്വത്തിൽ നടന്നു.

ദൈവാശ്രയത്തിന്റെയും ദൈവീക കരുതലിന്റേയും സാക്ഷ്യങ്ങൾ പേറി ആത്മീയ മണ്ഡലത്തിൽ അനേകർക്കു വിശ്വാസ ബലം നൽകിയ ഒരു ശ്രേഷ്ഠ പിതാവാണ് മാർ കല്ലറങ്ങാട്ട്. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പിന്നിലേക്കു ഒന്നു തിരിഞ്ഞു നോക്കുമ്പോൾ കാണുന്ന വിജയ രഹസ്യം എന്താണ്? തന്റെ നാഥന്റെ മുമ്പിൽ മുട്ടുകളെ മടക്കിയുള്ള ഹൃദയം പകർന്ന പ്രാർത്ഥനകൾ. പകലന്തിയോളം മീനച്ചിലാറിന്റെ നാലുദിക്കുകളിലും വിശ്രമം എന്തെന്ന് അറിയാതെ ഓടിയെത്തുന്ന സ്‌നേഹ നിധിയായ പിതാവ്. പ്രളയങ്ങളിലും,ഉരുൾപൊട്ടലിലും,ഏതൊരു ദുരിതകാലത്തും ഈ ഇടയൻ ജനങ്ങളുടെ ഇടയിലുണ്ട്.ഉറങ്ങാതെയും ഉണ്ണാതെയും അദ്ദേഹം അടുത്ത കാലത്ത്‌ നടത്തിയ രക്ഷാ പ്രവർത്തനങ്ങൾ വിമർകരെപ്പോലും അമ്പരപ്പിച്ചു.വിശ്വാസികൾ ഒരു ഇടയനെ നെഞ്ചിലേറ്റുന്നത് ഇതുപോലെയുള്ള പ്രവർത്തനങ്ങൾ കൊണ്ടാണ്.

രാത്രിയുടെ യാമങ്ങളിൽ ഗെത്സെമനിയിൽ പ്രാർത്ഥിച്ച കർത്താവിനെ പോലെ തന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിച്ച കർത്താവിനെ പോലെ തന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന ഒരു താപസ്യവര്യൻ.ഹൃദയം നുറുങ്ങിയ പ്രാർത്ഥനയും, കഠിനാധ്വാനവും തന്റെ ജീവിതത്തിന്റെ ലക്ഷ്യങ്ങൾ ആയി മാറിയപ്പോൾ, തന്റെ ദർശനങ്ങളും വീക്ഷണങ്ങളും സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളായി പാലായിൽ പിറന്നു.സഭയുടെ തളർച്ചയിൽ താങ്ങായും വളർച്ചയിൽ കരുതലായും സഭയ്ക്കും സമൂഹത്തിനും നന്മ ചെയ്യുവാൻ ഈ കാലഘട്ടത്തിൽ ആവേശം പകർന്നുനൽകുന്ന നല്ല ഇടയൻ.സഭയുടെ പ്രതിസന്ധികളിൽ സഭ ഒന്നടങ്കം പിതാവിന്റെ പണ്ഡിതോചിതവും പ്രാർത്ഥനാപൂർവ്വവുമായ നിർദേശങ്ങൾക്ക് കാതോർക്കുന്നു.മേൽപ്പട്ട ശുശ്രൂഷയുടെ ശ്രേഷ്ഠ പടവുകൾ ഓരോന്നായി താണ്ടി സഭാ ശുശ്രൂഷയിൽ ഇനിയും മുന്നേറട്ടെയെന്ന് ആത്മീയ മക്കൾ പ്രാർത്ഥിക്കുന്നു.

പ്രിയങ്കരനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് ജന്മദിനാശംസകൾ നേരുന്നു

സങ്കീര്‍ത്തനങ്ങള്‍ 37:3 “ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചു നന്‍മ ചെയ്യുക; അപ്പോള്‍ ഭൂമിയില്‍ സുരക്ഷിതനായി വസിക്കാം”.

ടോണി ചിറ്റിലപ്പിള്ളി

ആശംസകൾ

സീറോ മലബാർ സഭയുടെ ഫാമിലി, ലൈറ്റി & ലൈഫ് കമ്മീഷൻ

നിങ്ങൾ വിട്ടുപോയത്