വി.തോമാശ്ലീഹായിൽ നിന്ന് വിശ്വാസപൈതൃകം സ്വീകരിച്ച മാർ തോമാ നസ്രാണികളുടെ പിൻ‌തലമുറയിൽ പെടുന്ന ഒന്നാണ് ലോകത്തിലാകമാനം വ്യാപിച്ചു കിടക്കുന്ന 52 ലക്ഷം വിശ്വാസികളുള്ള സീറോ മലബാർ സഭ.വിശ്വാസദീപം പകർന്നേകിയ വി.തോമാശ്ലീഹയുടെ രക്തസാക്ഷിത്വത്തിന്റെ 1950-മത്തെ  വാർഷികം ആഘോഷിക്കുന്ന പുണ്യദിനമായ ജൂലൈ 3 പ്രവർത്തിദിവസമായി പ്രഖ്യാപിച്ചുകൊണ്ടുള്ള കേരളത്തിലെ  പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ്  ക്രൈസ്തവർക്ക് നേരെയുള്ള വെല്ലുവിളിയാണ്.ഇന്ത്യയിലെ മാർത്തോമാ നസ്രാണികളുടെ ഇടയിൽ വലിയ പ്രാധാന്യമുള്ള ഈ തിരുനാൾ പരമ്പരാഗതമായി ജൂലൈ 3-നാണ് ആഘോഷിക്കുന്നത്.

കേരളത്തിലെ സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങളിലും, വിദ്യാലയങ്ങളിലും,ആശുപത്രികളിലും ലക്ഷക്കണക്കിന് സീറോ മലബാർ സഭാ വിശ്വാസികൾ പ്രവർത്തിക്കുന്നുണ്ട്.ഈ വർഷം ഞായറാഴ്ചയാണ് ഈ പുണ്യദിനം ആഗതമാകുന്നത്.പൊതുമരാമത്ത് വകുപ്പ് ഭരണ വിഭാഗം ചീഫ് എഞ്ചിനീയര്‍ ജൂണ്‍ 29 നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.എല്ലാ ജീവനക്കാരും നിർബന്ധമായി വരണമെന്ന തരത്തിലാണ് ഉത്തരവ്.

ദുക്‌റാനയോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും ജൂലൈ മൂന്നിന് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ദിവ്യ ബലിയുമുണ്ട്. ഈ ദിവസത്തിന്റെ പ്രാധാന്യം മനസിലാക്കാതെയുള്ള ഉത്തരവ് ക്രൈസ്തവരോടുള്ള കടുത്ത അവഗണനയാണ്.വകുപ്പിലെ ക്രൈസ്തവ ജീവനക്കാരിൽ പലരും മേലധികാരികളെ പ്രതിഷേധം അറിയിച്ചിട്ടും അറിയാത്ത ഭാവം നടിക്കുന്നത് തികച്ചും അപലപനീയമാണ്.

പൊതുമരാമത്ത് വകുപ്പിന്റെ ഇത്തരം നടപടികളെ കഠിനമായി അപലപിക്കുന്നു.പൊതുമരാമത്ത് വകുപ്പിന്റെ ഈ നടപടി ക്രൈസ്തവസമൂഹത്തെ ഏറെ ദുഃഖിപ്പിക്കുന്നു.മറ്റൊരു വകുപ്പിലും ഇത്തരം സമാനമായ നിർദ്ദേശമില്ലാതിരിക്കെ ക്രൈസ്തവ വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള നടപടികളിൽ ദുരൂഹത കാണുന്നു.ജൂലൈ മൂന്ന്  പ്രവർത്തി ദിനമാക്കുന്ന ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നു .

 
ടോണി ചിറ്റിലപ്പിള്ളി

അൽമായ ഫോറം സെക്രട്ടറി
സീറോ മലബാർ സഭ