ക്രിസ്തീയ ജീവിതത്തിൽ അനുഗ്രഹത്തിന്റെ വാതിലുകൾ തുറക്കുന്നതിനുള്ള വഴിയാണ് ദൈവത്തിലുള്ള പ്രത്യാശാനിർഭരമായ വിശ്വാസത്തിൽ ആഴപ്പെടുക എന്നത്. ക്രിസ്തീയ പ്രത്യാശയുടെ അടിസ്ഥാനം കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ (ദൈവവചനങ്ങൾ) നിറവേറുമെന്നുള്ള ഉറപ്പും ബോധ്യവുമാണ്.സ്വന്തം കഴിവുകളെക്കാളും, കരബലത്തേക്കാളും, ബുദ്ധിശക്തിയേക്കാളും, ഉറച്ച ബോധ്യങ്ങളോടെയും, ആത്മാർത്ഥമായ ഹൃദയത്തോടെയും, ദൈവത്തിന്റെ അതിരുകളില്ലാത്ത സ്നേഹവാത്സല്യത്തിൽ അഭയം തേടുക എന്നുള്ളതാണ്. അഹങ്കാരവും, ധാർഷ്ട്യവും ആധ്യാത്മികജീവിതത്തോട് ചേർന്നുപോകില്ല എന്ന വ്യക്തമായ ഒരു തിരിച്ചറിവിൽ നിന്നുകൊണ്ടാണ് ദാവീദ് സങ്കീർത്തനത്തിലൂടെ സംസാരിക്കുന്നത്.
ദാവീദിന്റെ ജീവിതത്തിൽ തന്റേതായ കഴിവുകളും തന്ത്രങ്ങളും എല്ലായിടത്തും എല്ലാക്കാലത്തും വിജയം നൽകാൻ പര്യാപ്തമായിരുന്നില്ല എന്നാൽ വലിയ കാര്യങ്ങൾ ചെയ്യുമ്പോഴും ദൈവത്തിൽ ആശ്രയിച്ചു മുന്നോട്ടുപോകുന്ന ഒരുവൻ കൂടുതൽ അനുഗ്രഹങ്ങൾക്ക് പാത്രമാകും എന്ന് തിരുവചനത്തിലൂടെ അവിടുന്ന് പ്രതിപാദിക്കുന്നു. ജീവിതത്തിൽ അവനവന്റെ കഴിവുകളുടെ പരിധികൾ തിരിച്ചറിയുന്ന മനുഷ്യനു മാത്രമേ, തന്റെ പരിധികൾക്കും കഴിവുകൾക്കും അപ്പുറം തന്നെ എത്തിക്കുവാൻ കഴിയുന്ന സർവ്വശക്തനായ ദൈവത്തിൽ ആശ്രയം വയ്ക്കുവാൻ സാധിക്കൂ.
ദൈവം അനുവദിക്കുന്ന കാര്യങ്ങൾക്കപ്പുറത്തേക്ക് സ്വപ്നങ്ങൾ വച്ചുകൊണ്ടിരിക്കുന്നവനാണ് നിരാശയുണ്ടാകുക. ദൈവഹിതമനുസരിച്ച് എളിമയിൽ നീങ്ങുന്നവരുടെ ജീവിതത്തിൽ ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കും എന്നതിന് വിശുദ്ധ ഗ്രന്ഥം സാക്ഷിയാണ്. ദൈവത്തെ മാത്രമല്ല, മറ്റുള്ളവരെ അംഗീകരിക്കുവാനും, കരുതുവാനും, സ്നേഹിക്കുവാനും നമ്മെ സഹായിക്കുന്നതും ദൈവ കൃപയും ഹൃദയത്തിന്റെ എളിമയാണ്. നാം ഓരോരുത്തർക്കും കർത്താവിൽ അഭയം പ്രാപിക്കാം.ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.