ആസൂത്രിതമായ പ്രണയ ചതികളെ സൂചിപ്പിക്കുന്ന പേരുകൾ ഏതുമാകട്ടെ, പ്രണയം നടിച്ചുള്ള കെണികളും ചതികളും അവഗണിക്കാവുന്നതല്ല. അവ നമ്മുടെ സമൂഹം നേരിടുന്ന ഗുരുതരമായ ഒരു സാമൂഹിക വിപത്താണ് എന്ന് വ്യക്തമായി പറയാനുള്ള ആർജവം കേരളത്തിലെ മതനേതാക്കൾ മാത്രമല്ല, സാംസ്കാരിക നായകന്മാരും മാധ്യമങ്ങളും പ്രകടിപ്പിച്ചേ തീരൂ. ഇത്തരം കെണികൾ പൊതുസമൂഹത്തിൽ ഉളവാക്കുന്ന വിഭജനങ്ങളും കുടുംബങ്ങളിൽ സൃഷ്ടിക്കുന്ന അരക്ഷിതാവസ്തയും ഇനിയും കണ്ടില്ല എന്ന് നടിക്കുന്നത് ആത്മഹത്യാപരമാണ്.

സ്വന്തം കുടുംബത്തിലേക്കോ, സമൂഹത്തിലേക്കോ തിരിച്ചു പോകാൻ പറ്റാത്ത സാഹചര്യങ്ങൾ പ്രണയം നടിച്ച് സൃഷ്ടിച്ചുകൊണ്ട്, നിർബന്ധിതമായ മതപരിവർത്തനത്തിലേക്കും ലഹരികടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലേക്കും, ഭീകരപ്രവർത്തനങ്ങളിലേക്കും നയിക്കപ്പെടുന്നവർ ഉണ്ട് എന്നുള്ളത് പലപ്പോഴും ചെറിയ കോളങ്ങളിൽ ഒതുക്കപ്പെടുന്ന നിരവധി വാർത്തകളിൽ നിന്നും വ്യക്തമാണ്. ഇവയെല്ലാം തമസ്കരിച്ച്, വെറും വർഗീയ രാഷ്ട്രീയത്തിൻ്റെ ഉപോൽപ്പന്നമായി പ്രണയ ചതികളെ ചിത്രീകരിക്കാനും, കുറ്റകൃത്യങ്ങൾക്ക് മതമില്ല എന്ന് നിരന്തരം ആവർത്തിച്ചുകൊണ്ട് തീവ്രമതചിന്തകളുടെ അപകടങ്ങളെ ലഘൂകരിക്കാനും മാധ്യമങ്ങളും സാംസ്കാരിക നായകരെന്ന് അവകാശപ്പെടുന്നവരും മത്സരിക്കുന്നതുതന്നെ, ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ ആസൂത്രിത സ്വഭാവം അനാവരണം ചെയ്യുന്നുണ്ട്.

ചില വാസ്തവങ്ങൾ:

കേരളത്തിൽ നിലവിൽ നടന്നിട്ടുള്ള മതേതര പ്രണയ വിവാഹങ്ങളുടെ കാര്യത്തിൽ ചില കാര്യങ്ങൾ അടിസ്ഥാനപരമായ പ്രാധാന്യം അർഹിക്കുന്നുണ്ട്. മുസ്ളീം യുവാക്കളെ വിവാഹം കഴിക്കുന്ന അമുസ്‌ളീം യുവതികളുടെ അനുപാതം മറ്റ് മതാന്തര വിവാഹങ്ങളുടെ എണ്ണത്തെ അപേക്ഷിച്ച് വളരെ കൂടുതലാണ്. അതേസമയം, മുസ്ളീം യുവതികൾ അന്യ മതസ്ഥരെ വിവാഹം ചെയ്യുന്ന സംഭവങ്ങൾ വളരെ വിരളമാണ്. മറ്റുമതങ്ങളിൽനിന്ന് വിവാഹം വഴി മതംമാറ്റപ്പെട്ട് മുസ്ളീം ആയിമാറുന്ന പെൺകുട്ടികളുടെ എണ്ണം കൂടുതൽ ആയിരിക്കുമ്പോൾ, മറ്റു മതസ്ഥരെ വിവാഹം ചെയ്യുന്ന മുസ്ളീം യുവതികളുടെ എണ്ണം താരതമേന്യ തീരത്തും കുറവാണ്. ശ്രീ. ഉമ്മൻ‌ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ 2012 ജൂൺ 25 ന് മതപരിവർത്തനവുമായി ബന്ധപ്പെട്ട് കെ. കെ. ലതിക എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി നിയമസഭയിൽ നൽകിയ കണക്കുകൾ പ്രകാരം, 2009 മുതൽ 2012 വരെ 2667 ഹിന്ദു, ക്രിസ്ത്യൻ യുവതികൾ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടതായി വ്യക്തമാക്കുന്നുണ്ട്. 2006 ന് ശേഷം കേരളത്തിൽ 6129 പേർ മതപരിവർത്തനം നടത്തിയതിൽ ബഹുഭൂരിപക്ഷവും വിവാഹം വഴി ഇസ്ലാംമതം സ്വീകരിച്ച ഹിന്ദു, ക്രിസ്ത്യൻ യുവതികളാണ് എന്ന് എസ്എൻഡിപി നേതാവ് ശ്രീ വെള്ളാപ്പള്ളി നടേശൻ വെളിപ്പെടുത്തിയത് കഴിഞ്ഞയിടെ വിവാദമായി മാറിയിരുന്നു.

മുസ്ളീം യുവാവിനെ വിവാഹം കഴിക്കുന്ന ഹിന്ദു, ക്രിസ്ത്യൻ യുവതികളിൽ ബഹുഭൂരിപക്ഷവും മതം മാറ്റപ്പെടുന്നുണ്ട്. എന്നാൽ, ഹിന്ദു യുവാക്കളെ വിവാഹം ചെയ്യുന്ന ക്രിസ്ത്യൻ യുവതികളോ, ക്രിസ്ത്യൻ യുവാക്കളെ വിവാഹം ചെയ്യുന്ന ഹിന്ദു യുവതികളോ ഏറെയൊന്നും മതം മാറാറില്ല. “disparity of cult” എന്ന ഒഴിവ് ഉപയോഗിച്ചുകൊണ്ട് ഇതര മതസ്ഥയെ ദൈവാലയത്തിൽ വച്ച് വിവാഹം ചെയ്യാൻ ഒരു കത്തോലിക്കാ യുവാവിന് സാധിക്കും. ജീവിത പങ്കാളിക്ക് മരണംവരെയും അക്രൈസ്തവയായി തുടരാൻ അവിടെ തടസമില്ല.

പ്രണയക്കെണികൾ ഉണ്ട് എന്നുള്ള നിഗമനത്തിലേക്ക് എത്തി ചേരുന്നതിന്റെ പ്രധാനമായ കാരണം പ്രണയത്തെത്തുടർന്നുള്ള വിവാഹത്തോട് അനുബന്ധിച്ചുള്ള നിർബന്ധിത മതംമാറ്റങ്ങളാണ്. പ്രണയം വിവാഹത്തിലേക്ക് നയിക്കപ്പെടുന്ന ഏതെങ്കിലും ഘട്ടങ്ങളിലോ വിവാഹാനന്തരമോ മതം മാറ്റത്തിന് നിർബ്ബന്ധിക്കപ്പെടുകയോ, പലവിധ സമ്മർദ്ദങ്ങൾ അതിനായുണ്ടാവുകയോ ചെയ്യുന്നുണ്ടെങ്കിൽ, മതപരിവർത്തനം ലക്ഷ്യം വച്ചുകൊണ്ടുള്ള ഒരു പദ്ധതിയും അതിന്റെ പൂർത്തീകരണവുമായിരുന്നു പ്രസ്തുത പ്രണയവും വിവാഹവും എന്ന് മനസിലാക്കാവുന്നതാണ്. മാതാപിതാക്കളെയും കുടുംബത്തെയുമൊക്കെ കോടതിമുറികൾക്കുള്ളിൽ തള്ളിപ്പറഞ്ഞു കാമുകനൊപ്പം ആരംഭിക്കുന്ന ജീവിതത്തിൽ, പിന്നീടുണ്ടാകുന്ന സമ്മർദ്ദങ്ങൾക്ക് വഴിപ്പെടനല്ലാതെ മാറ്റൊരു സാധ്യതയും ഇല്ലാതിരിക്കുന്നിടത്താണ് പ്രണയം കെണിയും ചതിയും ആകുന്നത്. പ്രണയം മതപരിവർത്തനത്തിനുള്ള ഒരു സാധ്യതയായി കാണുന്ന, നിരോധിക്കപ്പെട്ടതും ഇനിയും നിരോധിക്കപ്പെട്ടിട്ടില്ലാത്തതുമായ തീവ്രനിലപാടുകളുള്ള ചില മതസംഘടനകളും പ്രസ്ഥാനങ്ങളും ഇത്തരം പദ്ധതികൾക്ക് പിന്നിൽ ഉണ്ടെന്ന് തന്നെയാണ് കരുതേണ്ടത്.

ഒരു വിഭാഗം വിവാഹങ്ങളുടെ അനുപാത വൈരുദ്ധ്യവും, അനുബന്ധമായ മതപരിവർത്തനത്തിനുള്ള നിർബ്ബന്ധബുദ്ധിയും, പിന്നീടുള്ള വിവാഹ മോചനങ്ങളുടെയും, ആത്മഹത്യകളുടെയും, കുറ്റകൃത്യങ്ങളുടെയും എണ്ണം വർധിക്കുന്നതും മറ്റുമാണ് ഇത്തരം വിവാഹങ്ങൾക്ക് പിന്നിൽ സംഘടിതമായ ശ്രമങ്ങളുണ്ടാകാമെന്ന് പൊതുവെ കരുത്തപ്പെടുന്നതിന് പ്രധാന കാരണം.

ഫാ. ഡോ. മൈക്കിൾ പുളിക്കൽ

KCBC ജാഗ്രതാ കമ്മീഷൻ സെക്രട്ടറി