Lord, all my longing is before you; (Psalm 38:9)
സൃഷ്ടാവിന് സൃഷ്ടിയെ പറ്റി വ്യക്തമായി അറിയാം.
ഭൂമിയിൽ മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ ഏതു കാര്യവും അറിയുന്നു. മാതാപിതാക്കൾ മക്കളെ ഉണര്‍ത്തുമ്പോള്‍ അവരെങ്ങനെ പ്രതികരിക്കും എന്നറിയാം. ഉച്ചഭക്ഷണത്തിനു അവര്‍ക്കെന്താണ് വേണ്ടതെന്ന് മാതാപിതാക്കൾക്കറിയാം. അവരുടെ നിരവധി നിരവധി താല്പര്യങ്ങള്, ആഗ്രഹങ്ങള്‍, മുന്‍ഗണനകള്‍ എന്നിവയെല്ലാം ഭൂമിയിലെ മാതാപിതാക്കൾക്ക് അറിയാം. എങ്കില്‍പ്പോലും, നമ്മുടെ കര്‍ത്താവ് നമ്മെ അറിയുന്നതുപോലെ, അവരെ അകവും പുറവും തികവാര്‍ന്ന നിലയില്‍ ഭൂമിയിലെ മാതാപിതാക്കൾക്ക് അറിയത്തില്ല.
യേശുവിനും തന്റെ ജനത്തെക്കുറിച്ചു ഗാഢമായി അറിയാമായിരുന്നു എന്നതിന്റെ സൂചന യോഹന്നാന് 1: 47-48ല്‍ നാം കാണുന്നു. നഥനയേല്‍, ഫിലിപ്പൊസിന്റെ നിര്‍ബന്ധപ്രകാരം യേശുവിന്റെ അടുത്തേക്ക് ചെല്ലുമ്പോള്‍ യേശു പറഞ്ഞു, നിഷ്കപടനായ ഒരു യഥാര്‍ഥ ഇസ്രായേല്ക്കാരന്, പരിഭ്രമിച്ചുപോയ നഥനയേല്‍ ചോദിച്ചു, ‘എന്നെ എവിടെവെച്ചു അറിയും?’ നിഗൂഢമായിരുന്നു യേശുവിന്റെ മറുപടി, ‘നീ അത്തിയുടെ കീഴില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു. നാം ഒരോരുത്തരെയും കർത്താവ് അറിയുന്നു എന്ന് പ്രസ്തുത വചന വാക്യത്താൽ നാം ഓരോരുത്തർക്കും മനസിലാക്കാം.
തിരുവചനം പറയുന്നത് നാം അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു കർത്താവ് നമ്മെ കുറിച്ച് അറിഞ്ഞു എന്നാണ്. നമ്മുടെ സൃഷ്ടി കർമ്മത്തിൽ തന്നെ നമ്മുടെ ഭാവി പദ്ധതികൾ കർത്താവ് വിഭാവനം ചെയ്തു. നമ്മുടെ വേദനകളും നന്മകളും മാത്രമല്ല, നമ്മുടെ രഹസ്യപാപങ്ങളും കാപട്യങ്ങളും അവിടുന്ന് തിരിച്ചറിയുന്നു. നമ്മുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു എന്ന് വചനം പറയുന്നു. നമ്മൾ നമ്മുടെ ജീവിതത്തിൽ പ്രിയപ്പെട്ടവരോട് പോലും പറയാത്ത എല്ലാ ആഗ്രഹങ്ങളും കർത്താവിന് അറിയാം.
നാം പലപ്പാഴും ചോദിച്ചേക്കാം നമ്മുടെ ആഗ്രഹങ്ങൾ അറിയുന്ന കർത്താവ് എന്താണ് നമ്മുടെ ആഗ്രഹങ്ങൾ സാധിച്ചു തരാത്തത് എന്ന്? നമ്മുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു തന്നാൽ പലപ്പോഴും നമ്മൾക്ക് അപകടം സംഭവിക്കാം. ഉദാഹരണമായി പറഞ്ഞാൽ പത്തു വയസ്സുള്ള കുട്ടി മോട്ടോർ ബൈക്ക് വേണമെന്നു പറഞ്ഞാൽ മാതാപിതാക്കൾ വാങ്ങിച്ചു കൊടുക്കുമോ?ഒരിക്കലും വാങ്ങിച്ചു നൽകില്ല. കാരണം ആ കുട്ടി വാഹനമോടിക്കാൻ പ്രായപൂർത്തിയായിട്ടില്ലെന്നും, അപകടം സംഭവിക്കും എന്നും മാതാപിതാക്കൾക്ക് അറിയാം. അതുപോലെ ദൈവം നമ്മളെ ആഗ്രഹങ്ങൾ അറിയുന്നുണ്ടെങ്കിലും, നമ്മൾക്ക് ദോഷമായി സംഭവിക്കാൻ ദൈവം ആഗ്രഹിക്കുന്നില്ല. നാം ഓരോരുത്തരുടെയും എല്ലാ ആഗ്രഹങ്ങളും ദൈവകരങ്ങളിൽ സമർപ്പിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ