Speak, LORD, for your servant hears. (1Samuel 3:9) ✝️

വചനത്തിൽ ഉത്പത്തിയുടെ പുസ്തകം മുതല്‍ ദൈവം മനുഷ്യനോട് സംസാരിക്കുന്നതായി കാണാം. എന്നാല്‍, അബ്രാഹത്തിനു ശേഷം ദൈവം മുഖാമുഖം മനുഷ്യനോട് സംസാരിച്ചിട്ടില്ല. മോശയോട് ദൈവം മുള്‍പ്പടര്‍പ്പില്‍ സംസാരിച്ചതായി ബൈബിളില്‍ കാണാം. പക്ഷെ ദൈവം അഗ്നിയില്‍ ഇറങ്ങി വന്നതിനാല്‍, അവിടത്തെ ദര്‍ശിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല(പുറപ്പാട്: 19; 16-25). ഇസ്രായേല്‍ ജനത്തെ നയിക്കുവാന്‍, ദൈവം അവരുടെ ശ്രേഷ്ഠന്മാരോട് സംസാരിച്ചുകൊണ്ടിരുന്നു. ദൈവം മനുഷ്യരോട് ദര്‍ശനങ്ങളിലൂടെ സംസാരിക്കുന്നത് വചനത്തിൽ വായിക്കാന്‍ കഴിയും. മിക്കാവാറും എല്ലാ പ്രവാചകന്മാര്‍ക്കും പൂര്‍വ്വപിതാക്കന്മാര്‍ക്കും അപ്പസ്തോലന്മാര്‍ക്കും ദര്‍ശനങ്ങള്‍ നല്‍കിയിട്ടുണ്ട്.

അബ്രാഹത്തിനു ദര്‍ശനം ലഭിക്കുന്നതായി ഉല്‍പത്തി പുസ്തകത്തില്‍ പതിനഞ്ചാം അദ്ധ്യായം ഒന്നാം വാക്യത്തില്‍ കാണാം. ദൈവദൂതന്മാര്‍ ഗോവണിയിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്, പൂര്‍വ്വ പിതാവായ യാക്കോബിനു ലഭിച്ച ദര്‍ശനമായിരുന്നു(ഉല്‍പ: 28; 10-22). അപ്പസ്തോലനായ പത്രോസിനു പ്രാര്‍ത്ഥനാ സമയത്ത് ദിവ്യദര്‍ശനം ഉണ്ടാകുന്നതായി കാണാം(അപ്പ. പ്രവര്‍: 10; 15). ദൈവം തന്റെ ജനത്തോടു സംസാരിക്കുന്നതിനായി നിരവധി ദര്‍ശനങ്ങള്‍ ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്നു. അടുത്തതായി ദൈവം ചില വ്യക്തികളിലൂടെ നമ്മോടു സംസാരിക്കാറുണ്ട്. പലപ്പോഴും നമ്മള്‍ അതു തിരിച്ചറിയുകയോ അനുസരിക്കുകയോ ചെയ്യാറില്ലെന്നു മാത്രം.

ദൈവം പ്രതിസന്ധികളിലൂടെ സംസാരിക്കുന്നു. യോന പ്രവാചകന്‍ ദൈവത്തെ അനുസരിക്കാതെ, താര്‍ഷീഷിലെക്കു കപ്പല്‍ കയറി. അവിടെ കപ്പലിന്റെ നാശത്തിലൂടെയാണ് ദൈവം സംസാരിച്ചത്. ഈ കാലഘട്ടത്തില്‍ ദൈവം ഏറ്റവും അധികമായി സംസാരിക്കുന്നതു വചനത്തിലൂടെയാണ്. വചനം ജീവനുള്ളതും ഒരിക്കലും മാറ്റപ്പെടാത്തതുമാണെന്ന്, തിരുവചനം തന്നെ സാകഷ്യപ്പെടുത്തുന്നു. നമ്മുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ കടന്നുവരുമ്പോള്‍ വചനം നമ്മോട് സംസാരിക്കും. പ്രാര്‍ത്ഥനാപൂര്‍വ്വം വചനത്തെ സമീപിക്കുമ്പോള്‍ തീര്‍ച്ചയായും ദൈവം നമ്മോടു സംസാരിക്കും. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്