യേശുവിന്റെ ജീവിതകാലത്ത് പാലസ്തീനായിലെയും പരിസരങ്ങളിലെയും സ്ത്രീകളുടെ ജീവിതം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. പുരുഷാധിപത്യത്തിൽ വിശ്വസിച്ചിരുന്ന ആ സമൂഹങ്ങളിൽ വിവാഹം കഴിഞ്ഞ സ്ത്രീകൾ എല്ലാക്കാര്യങ്ങൾക്കും അവരുടെ ഭർത്താക്കന്മാരെയാണ് ആശ്രയിച്ചിരുന്നത്. വിധവകളായ സ്ത്രീകൾ പ്രായപൂർത്തിയായ ആണ്‍മക്കളുടെ ഉത്തരവാദിത്തം ആയിരുന്നു. ഭർത്താവും ആണ്‍മക്കളും ഇല്ലാത്ത സ്ത്രീകളുടെ അവസ്ഥ ഭിക്ഷക്കാരിൽ നിന്നും ഒട്ടും വിഭിന്നമല്ലായിരുന്നു. അതുകൊണ്ടു തന്നെയാണ് കുരിശിൽ അന്ത്യശ്വാസം വലിക്കുന്നതിന് മുൻപ് ഈശോ തന്റെ അമ്മയെ യോഹന്നാനു ഭരമേൽപ്പിച്ചത്.
നാം ഓരോരുത്തരുടെയും ജീവിതത്തിലും കർത്താവ് നമ്മളോട് പറയുന്നുണ്ട് കരയേണ്ട എന്ന്. ജീവിതത്തിൽ ഒരോ പ്രശ്നങ്ങളും പ്രിയപ്പെട്ടവരോട് പോലും പങ്കു വയ്ക്കാൻ പറ്റാതെ ചങ്ക് പൊട്ടി കരയുന്ന ധാരാളം ആളുകൾ നമ്മളുടെ ഇടയിലുണ്ട്. തിരുവചനത്തിൽ പറയുന്ന നായീനിലെ വിധവയ്ക്ക് യേശുവാരാണെന്ന് അറിവുള്ളതായോ, അവിടുത്തെ ശക്തിയിൽ അല്പമെങ്കിലും വിശ്വാസമുള്ളതായോ സുവിശേഷകൻ രേഖപ്പെടുത്തുന്നില്ല. ദൈവത്തെ അറിയാത്തവരുടെ പോലും കണ്ണീർ തുടയ്ക്കുന്ന ദൈവം, ദൈവത്തിൽ പൂർണ്ണമായി വിശ്വസിക്കുകയും, ദൈവത്തെ അറിയുന്ന നമ്മളുടെ കണ്ണുനീർ തുടയ്ക്കാതിരിക്കുമോ?
നായീനിലെ വിധവയായ സ്ത്രീയ്ക്ക് സമാധാനവും സന്തോഷവും തിരികെ ലഭിച്ചത് കർത്താവായ യേശുക്രിസ്തു ആ ശവമഞ്ചലിൽ സ്പർശിച്ചപ്പോഴാണ്. പാപത്തിനടിമയായി മൃതമായ ശരീരവും പേറി വേദനയിലും ആകുലതകളിലും ജീവിക്കുന്ന നമ്മെയും സ്പർശിക്കാൻ ഈശോ ഇന്ന് ആഗ്രഹിക്കുന്നുണ്ട്. അവിടുന്ന് നമ്മെ സമീപിക്കുമ്പോൾ, ദുരിതങ്ങളും കഷ്ടതകളും എണ്ണിപ്പറഞ്ഞു നാം നടത്തുന്ന വിലാപയാത്ര നിറുത്തിവച്ച്, ജീവദായകമായ അവിടുത്തെ വചനത്തിനു കാതോർക്കാൻ നമ്മൾ തയ്യാറാണോ? നമ്മെ സ്പർശിക്കുന്ന തിരുവചനത്തിനു കാതോർക്കുകയും, വചനം അനുസരിക്കുകയും, കർത്താവിൽ പൂർണ്ണമായി വിശ്വസിക്കുകയും ചെയ്യുമ്പോൾ കർത്താവ് നമ്മളുടെ ജീവിതത്തിലും സ്പർശിക്കും.ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.