നാം ആത്മാർത്ഥമായി കർത്താവിനെ അന്വേഷിക്കുമ്പോൾ കർത്താവ് അനുഗ്രഹവും, പ്രതിഫലവും നൽകും. എങ്ങനെയാണ് കർത്താവിനെ ആത്മാർത്ഥമായി അന്വേഷിക്കുന്നത്? കർത്താവ് നമ്മളോട് സംസാരിക്കുവാൻ ആഗ്രഹിക്കുന്നത് എന്തെന്ന് ശ്രദ്ധിക്കുക. പലപ്പോഴും പാപചിന്തകൾ കർത്താവ് പറയുന്നത് കേൾക്കുവാൻ നമ്മുടെ കാതുകളെ തടസപ്പെടുത്തുന്നു. ചില സമയങ്ങളിൽ നാം പ്രാർത്ഥിക്കുവാൻ ഇരിക്കുമ്പോൾ നമ്മുടെ എല്ലാ അഭ്യർത്ഥനകളും കർത്താവിനോട് പറയും. “കർത്താവേ, എനിക്ക് ഇത് വേണം, ഇത് ചെയ്യുവാൻ എന്നെ സഹായിക്കേണമേ. ഈ ദിവസം എന്നോടൊപ്പം ഉണ്ടായിരിക്കേണമേ” എന്നെല്ലാം നാം പറഞ്ഞുകൊണ്ടിരിക്കും. എന്നാൽ കർത്താവ് പറയുന്നത് കേൾക്കുവാൻ നാം സമയം നൽകാറില്ല. ഇന്നുമുതൽ കർത്താവ് പറയുന്നത് കേൾക്കുവാൻ നാം തീരുമാനമെടുക്കുക
ദേശത്തിന്റെ നിയമത്തിൽ മാറ്റമുണ്ടായിട്ടും ദൈവസന്നിധിയിൽ കാത്തിരിക്കുന്നതിൽ തടസം ഉണ്ടായിട്ടും ദാനീയേൽ ഒരു ദിവസം മൂന്നു പ്രാവശ്യം പ്രാർത്ഥന തുടർന്നു. എന്തുസംഭവിച്ചാലും പ്രശ്നമില്ല എന്നുപറഞ്ഞ് അവൻ ആത്മാർത്ഥമായി കർത്താവിനെ അന്വേഷിച്ചു. അതുപോലെ നാമും ആത്മാർത്ഥമായി കർത്താവിനെ അന്വേഷിക്കണം. ജറെമിയാ 29 : 13 ൽ പറയുന്നു, നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെണ്ടത്തും. നമ്മൾക്ക് പലപ്പോഴും കർത്താവിനെ കണ്ടെത്താൻ സാധിക്കാത്തത് പൂർണ്ണഹ്യദയത്തോടെ അന്വേഷിക്കാൻ സാധിക്കാത്തത് കൊണ്ടാണ്. അതിനാൽ ഇനി മുതൽ പൂർണ്ണഹൃദയത്തോടെ കർത്താവിനെ അന്വേഷിക്കുക.
കർത്താവ് ആരെയാണ് കടാക്ഷിക്കുന്നത് വചനം വ്യക്തമായി പറയുന്നു. ഏശയ്യാ 66 : 2 ൽ പറയുന്നു, കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവനെയാണു ഞാന്‍ കടാക്ഷിക്കുക. ദൈവത്തിന്റെ വിളി കേട്ട് എല്ലാം ഉപേക്ഷിച്ച് ഇറങ്ങി തിരിച്ച അബ്രാഹം മുതൽ ഇന്നു വരെ ഓരോ വ്യക്തിയെയും കർത്താവ് ഉപേക്ഷിച്ചിട്ടില്ല. ആയതിനാൽ നാം ഒരോരുത്തർക്കും പൂർണ്ണ ഹൃദയത്തോടെയും, പൂർണ്ണ ആൽമാവോടും കർത്താവിനെ അന്വേഷിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.