
ശബ്ദാനമയമായ ഒരു ലോകത്തിലാണ് നാം ഇന്നു ജീവിക്കുന്നത്, ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചു ഒട്ടേറെപ്പേരുമായി നിരന്തരം ആശയവിനിമയം നടത്തുക എന്നതാണ് പുതിയ പ്രവണത. വാർത്തകളും മറ്റ് വിശേഷങ്ങളും മറ്റാരിലും മുൻപേ വെളിപ്പെടുത്താൻ ലോകം ഇന്ന് വ്യഗ്രത കൂട്ടുകയാണ്. ഇതുകൊണ്ടുതന്നെ പലപ്പോഴും കേൾക്കുന്ന വാർത്തകളുടെ യഥാർത്ഥ്യം അന്വേഷിക്കാൻ നാം മിക്കവാറും മെനക്കെടാറില്ല. കേൾക്കുന്നതെന്തും, അതിന്റെ തെറ്റും ശരിയും അന്വേഷിക്കാതെ, തന്റെ കൂട്ടായ്മയിൽ എത്തിക്കുന്നതിനോടാണ് നമുക്ക് താൽപര്യം. ഇങ്ങനെയുള്ള നമ്മുടെ വാക്കുകളുടെ അനന്തരഫലം എന്തെന്ന് നാമാരെങ്കിലും ചിന്തിക്കാറുണ്ടോ?

വ്യാജം പറയുന്നതിനെതിരെ യേശു നല്കുന്ന ശക്തമായ താക്കീതാണ് ഇന്നത്തെ വചനഭാഗം. സ്വന്തമായി കഴിവുകളൊന്നും ഇല്ലാതെ വരുമ്പോഴാണ് മറ്റുള്ളവരുടെ ന്യൂനതകൾ നമ്മൾ ലക്ഷ്യമിടാറ്. അധ്വാനിച്ചും ത്യാഗങ്ങൾ സഹിച്ചും സ്വന്തം പേര് ഉയർത്തുന്നതിലും എളുപ്പം മറ്റുള്ളവരുടെ കുറ്റങ്ങൾ വെളിച്ചത്തുകൊണ്ടുവന്ന്, അവരെ തന്നെക്കാൾ താഴ്തുന്നതാണെന്ന ബോധ്യം ഉള്ളിൽ കൊണ്ടു നടക്കുന്നവരാണ് നമ്മിൽ ഒട്ടേറെപ്പേർ. ഇതുകൊണ്ടുതന്നെയാണ് സമൂഹത്തിൽ പ്രശസ്തരായവരെപറ്റി, അല്ലെങ്കിൽ നമ്മിൽ ഏതെങ്കിലും രീതിയിൽ അസൂയ ജനിപ്പിക്കുന്നവരെ കുറിച്ച് എന്തെങ്കിലും ഒരു വിലകുറഞ്ഞ വാർത്ത കേട്ടാൽ നാം മറ്റുള്ളവരിലേക്കെത്തിക്കാൻ തിടുക്കം കൂട്ടുന്നത്. നമ്മുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കും, നിയമപാലനത്തിനും അല്ലാതെ മറ്റൊരു ഉദ്ദേശ്യവും മനസ്സിൽ വച്ചുകൊണ്ട് മറ്റുള്ളവരുടെ കുറ്റങ്ങൾ വെളിപ്പെടുത്താൻ നമുക്ക് അവകാശമില്ല, ദൈവം അതനുവദിക്കുന്നില്ല.

അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർ മുതൽ കുടുംബാംഗങ്ങൾ വരെ എല്ലാവരും സ്വാർത്ഥതാല്പര്യങ്ങൾക്കായി കള്ളം പറയാൻ മടിക്കാത്ത ഒരു സമൂഹത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. സത്യത്തിന്റെ ഉറവിടം ദൈവത്തിങ്കലാണ്; യേശുക്രിസ്തു തന്നെയാണ് സത്യം; സത്യത്തിലേക്കുള്ള വഴിയും യേശുവിലൂടെയാണ്. അതുകൊണ്ടുതന്നെ സത്യത്തിനു സാക്ഷ്യം വഹിച്ചുള്ള ജീവിതം ബുദ്ധിമുട്ടേറിയതാണ്. ദൈവ കൃപയാൽ നാം ഓരോരുത്തർക്കും വ്യാജത്തെ വെറുക്കുകയും, സത്യത്തെ മുറകെ പിടിക്കുകയും ചെയ്യാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ






