ഈസ്റ്റർ =ഷാലോം

മരണത്തിനും മരണമുണ്ടെന്ന് ലോകം തിരിച്ചറിഞ്ഞ ദിവസം.ദുഖവെള്ളിയിൽ ക്രൂരതയുടെ ഭീകരത കണ്ട് മനസ്സ് മരവിച്ച മനുഷ്യന് പ്രത്യാശയുടെ പ്രകാശം പകരുന്നതായി ഉയിർപ്പുതിരുനാളും ഉത്ഥിതൻ ആശംസിച്ച സമാധാനവും. ഏതൊരു വേദനയിലും ഒരു സന്തോഷമുണ്ടാവുമെന്ന, കണ്ണീരിൽ ഒരു പുഞ്ചിരിയുണ്ടാവുമെന്ന പ്രതീക്ഷ മരണത്തെ തോല്പിച്ചവൻ തരുന്ന ഈസ്റ്റർ സമ്മാനം ആണ്.പ്രത്യേകിച്ച് , എല്ലാത്തിനേം തോൽപ്പിച്ച് എല്ലാം വെട്ടിപ്പിടിക്കാൻ പരിശ്രമിച്ചു അവസാനം ഒന്നും നേടാനാവാതെ നിരാശനായി നിൽക്കുന്ന മനുഷ്യനുമുമ്പിൽ തെളിയുന്ന പ്രതീക്ഷയുടെ വെള്ളിവെളിച്ചമാണ്‌ എല്ലാം അവസാനിച്ചുവെന്ന് ലോകം വിധിയെഴുതിയിടത്തുനിന്നും കർത്താവ് എഴുതിയ വിജയ ഗാഥ.

അതേ, ഓരോ അവസാനവും ഒരു തുടക്കമാണെന്ന്, ഓരോ മരണത്തിലും ഒരു ജീവിതമുണ്ടെന്ന് ഈസ്റ്റർ നമ്മെ ഓർമ്മിപ്പിക്കുന്നു. സ്വന്തം എന്ന് പറഞ്ഞു ചേർത്ത് പിടിച്ചവ നഷ്ടപ്പെടുമ്പോൾ, എന്റേതെന്ന് പറഞ്ഞു ചൂണ്ടികാണിച്ചവർ അകന്ന് പോകുമ്പോൾ, സ്വസ്ഥത പകർന്നിരുന്ന സാഹചര്യങ്ങൾ ഇല്ലാതാവുമ്പോൾ, ആസ്വദിച്ചിരുന്ന ജീവിത സുഖങ്ങൾ നഷ്ടപ്പെടുമ്പോൾ, പരിശ്രമങ്ങൾക്കും സ്വപ്നങ്ങൾക്കും വിരുദ്ധമായി ഉത്തരമില്ലാത്ത നാളെകൾ മുമ്പിൽ അവശേഷിക്കുമ്പോൾ കടന്നുപോകേണ്ടിവരുന്ന അസ്വസ്ഥതകളേയും മനസ്സികാവസ്ഥയേയും അഭിമുഖീകരിക്കാനുള്ള ധൈര്യവും പ്രതീക്ഷയുമാണ് പ്രത്യാശയുടെ പുതിയ ഏട് കൂട്ടിച്ചേർത്തുകൊണ്ട്, മരണത്തെ തോല്പിച്ചവൻ പകർന്നുതരുന്നത്.

അതേ, ഇന്നും ഉയിർപ്പിന്റെ സന്ദേശം ശോഭ മങ്ങാതെ തിളങ്ങി നിൽക്കുന്നു : പ്രത്യാശയുടെ നാളെകൾ വാഗ്ദാനം ചെയ്തുകൊണ്ട്. അതുകൊണ്ട് തന്നെ സാഹോദര്യത്തിന്റെയും കരുതലിന്റെയും കവിത രചിക്കുന്നതാകട്ടെ ഈ ദിനവും വരും ദിനങ്ങളും. നമുക്ക് സന്തോഷത്തോടും പ്രതീക്ഷയോടും കൂടി മരണത്തെ തോല്പിച്ചവൻ തന്ന സമാധാനം പങ്കു വയ്ക്കാം. അതാവട്ടെ നമ്മൾ നൽകുന്ന സാക്ഷ്യവും . ലോകം അവനെയും അവന്റെ ജീവിതത്തെയും അറിയട്ടെ, അനുഭവിക്കട്ടെ നമ്മിലൂടെ. ഉയിർപ്പുനാളിൽ ഉത്ഥിതന്റെ നാമത്തിൽ എടുക്കുന്ന തീരുമാനവും അതാവട്ടെ.അമ്പത് നാൾ നീണ്ടുനിന്ന നോമ്പിൻ ചൈതന്യവും ത്യാഗപ്രവർത്തികളും ചൊല്ലിത്തീർത്ത പ്രാർത്ഥനകളും നേടിത്തരുന്ന ഫലം അങ്ങനെ ഒരു തീരുമാനമെടുക്കാനുള്ള ധൈര്യവും കൃപയുമാവട്ടെ.

ഏവർക്കും നേരട്ടെ ഉത്ഥിതൻ ആശംസിച്ച സമാധാനവും ഉയിർപ്പുതിരുനാൾ പകർന്നുതരുന്ന പ്രത്യാശയും.

സ്നേഹത്തോടെ, പ്രാർത്ഥനയോടെ

✍️ ബെൻ ജോസഫ്

നിങ്ങൾ വിട്ടുപോയത്