ദൈവം മനുഷ്യന് നല്കിയിരിക്കുന്ന കഴിവുകളിൽവച്ച് വളരെ വിലയേറിയതും ഒട്ടേറെ ശക്തിയുള്ളതുമായ ഒന്നാണ് സംസാരശേഷി. ദൈവത്തോടുള്ള വിശ്വാസവും നന്ദിയും ഏറ്റുപറയുവാനും അവിടുത്തെ എല്ലാവരുടെയും മുൻപിൽ വാക്കുകൾകൊണ്ട് മഹത്വപ്പെടുത്തുവാനും നമ്മുടെ സംസാരത്തിനാകും. അതുപോലെതന്നെ, നമ്മുടെ സഹജീവികളോടു നമുക്കുള്ള ആഴമേറിയ സ്നേഹവും ആത്മാർത്ഥതയും ഒക്കെ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പ്രകടിപ്പിക്കുവാനും സംസാരത്തിലൂടെ സാധിക്കും. എന്നാൽ പലപ്പോഴും വാക്കുകളുടെ വിലയെപ്പറ്റിയും ശക്തിയെപ്പറ്റിയും പൂർണ്ണഗ്രാഹ്യമില്ലാതെ ഉപയോഗിക്കുന്നതുവഴി ഒട്ടേറെ പാളിച്ചകളും നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്.

നമ്മുടെ അഹംഭാവത്തെ പരിരക്ഷിക്കുനതിനായി പലപ്പോഴും നമ്മുടെ നാവിനെ നമ്മൾ ചിന്താശൂന്യമായി ഉപയോഗിക്കാറുണ്ട്. ഇങ്ങനെയുള്ള അവസരങ്ങളിൽ, “നാവു തീയാണ്; അത് ദുഷ്ടതയുടെ ഒരു ലോകം തന്നെയാണ്. നമ്മുടെ അവയവങ്ങളിൽ ഒന്നായ അത് ശരീരം മുഴുവനെയും മലിനമാക്കുന്നു; നരകാഗ്നിയാൽ ജ്വലിക്കുന്ന ഈ നാവ് പ്രകൃതിചക്രത്തെ ചുട്ടുപഴുപ്പിക്കുന്നു” (യാക്കോബ് 3:6). അനാവശ്യമായ വാഗ്വാദങ്ങളിലൂടെയും പരിഹാസത്തിലൂടെയും അപവാദം പറയുന്നതിലൂടെയും ഒക്കെ, നമ്മുടെ നന്മയ്ക്കായി ദൈവം തന്ന ഒരു മഹാദാനത്തെ നശീകരണത്തിനുള്ള ഒരായുധമാക്കി നമ്മൾ മാറ്റുന്നു.

അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ചും, മറ്റുള്ളവർക്ക് ദുഷ് പ്രേരണ നല്കുന്നവയെക്കുറിച്ചും, മറ്റുള്ളവരിൽ തെറ്റായ ധാരണ ഉളവാക്കുന്നവയെക്കുറിച്ചും സംസാരിച്ച് പാപം ചെയ്യുന്നതിലും നല്ലത് മൗനമാണ്. ഒരു പക്ഷേ നമ്മുടെ മൗനം നമ്മുടെ ചുറ്റുമുള്ളവരുടെ ദുഷിച്ച സംസാരങ്ങളിലും കുറവുണ്ടാക്കാൻ കാരണമായേക്കാം. നല്ലത് സംസാരിക്കുക എന്നത് നന്മ പ്രവൃത്തിക്കുന്നതിന്റെ ഒരു ഭാഗം തന്നെയാണ് എന്ന തിരിച്ചറിവോടെ നാവിനെ നിയന്ത്രിക്കുവാനുള്ള കൃപക്കായി പ്രാർത്ഥിക്കുകയും, ദിനംപ്രതി കർത്താവ് തന്ന നൻമകൾക്കായി കൃതജ്‌ഞതാ സ്‌തോത്രം ചെയ്യുകയും ചെയ്യാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ

നിങ്ങൾ വിട്ടുപോയത്