
ദൈവം നമ്മളിൽ നിന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതാണ് നമ്മുടെ വിശുദ്ധി. ദൈവത്തെ ആരാധിക്കുവാനും സ്തുതിക്കുവാനും മഹത്വപ്പെടുത്തുവാനും, മറ്റുള്ളവരുമായി ദൈവീകകാര്യങ്ങൾ പങ്കുവച്ച് അവരെയും ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ് നാവ്. “വാക്കുകൾ ഏറുമ്പോൾ തെറ്റു വർദ്ധിക്കുന്നു; വാക്കുകളെ നിയന്ത്രിക്കുന്നവന് വീണ്ടുവിചാരമുണ്ട്” എന്ന് സുഭാഷിതങ്ങൾ 10:19 ൽ പറയുന്നു. ആകയാൽ ഓരോരുത്തരോടും എങ്ങനെ സംസാരിക്കണം എന്ന് വിവേകപൂർവം ഗ്രഹിച്ച്, കരുണാമയവും ഹൃദ്യവുമായ വാക്കുകളുപയോഗിച്ച് നമ്മുടെ നാവിനെ നിയന്ത്രിക്കാൻ കഴിയണം.

പ്രത്യക്ഷത്തിൽ നിസ്സാരമെന്നു തോന്നാവുന്ന പല അപവാദങ്ങളും പലരുടെ നാവിലൂടെ വരുമ്പോൾ നല്ലജീവിതം നയിക്കുന്ന വ്യക്തികളുടെ ജീവിതത്തെ മാറ്റിമറിക്കാൻ കഴിവുള്ള അപകീർത്തികളായി മാറുന്ന സംഭവങ്ങൾ വിരളമല്ല. പലപ്പോഴും നൈമിഷികമായി ലഭിക്കുന്ന ഒരു ആത്മസംതൃപ്തിക്കായി മറ്റുള്ളരെപ്പറ്റി എന്തെങ്കിലും ദുഷിച്ചുപറയാനുള്ള പ്രേരണ നമ്മിൽ ശക്തമാവാറുണ്ട്. ശരീരത്തിലെ വളരെ ചെറിയ ഒരു അവയവമായ നാവുകൊണ്ടു ഇപ്രകാരം ചെയ്യുന്ന പാപങ്ങൾ നമ്മുടെ ശരീരത്തെ മുഴുവനായും ആത്മാവിനെതന്നെയും നശിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് യാക്കോബ് ശ്ലീഹായുടെ വചനം നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ ഹൃദയത്തിലെ ചിന്തകളാണ് പലപ്പോഴും അധരങ്ങളിലൂടെ പുറത്തു വരുന്നത്.

എന്റെ ഹൃദയത്തിന്റെ അവസ്ഥ എന്താണ്? ദൈവം എന്റെ ഹൃദയം പരിശോധിക്കുമെങ്കില്‍ അവിടുന്ന് എന്താകും കണ്ടെത്തുക എന് ഓരോരുത്തരും ചിന്തിച്ചിട്ടുണ്ടോ? സാത്താൻ നമ്മെ പാപം ചെയ്യിപ്പിക്കുന്നത് ചിന്തകളിലൂടെയാണ്. ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത എന്നിവയുടെ ആരംഭം ചിന്തകളിലൂടെയാണ്. ആയതിനാൽ നമ്മുടെ ഹ്യദയ ചിന്തകളും, വിചാരങ്ങളും ദൈവത്തിന്റെ മുൻപാകെ വിശുദ്ധമായിരിക്കട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.






